ഹോര്‍മോൺ അസന്തുലിതാവസ്ഥ മൂലം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്.  പ്രമേഹം, തൈറോയ്ഡ്  തകരാറുകള്‍, പൊണ്ണത്തടി, പിസിഒഡി, ഫാറ്റി ലിവര്‍, അമിത രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ക്രമരഹിതമായ ആര്‍ത്തവം, മുടി കൊഴിച്ചില്‍ തുടങ്ങിയവ അവയിൽ ചിലതാണ്. ഹോർമോൺ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. മെറ്റബോളിസം, ഉറക്കം, മാനസികാവസ്ഥ, പ്രത്യുത്പാദനം തുടങ്ങി ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളും ഹോർമോണുകളെ ആശ്രയിച്ചാണുള്ളത്. ലക്ഷണങ്ങൾ ക്രമേണ വികസിക്കുകയും ബന്ധപ്പെട്ടിരിക്കുന്ന ഹോർമോണുകൾക്കനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നതിനാൽ, ഹോർമോൺ അസന്തുലിതാവസ്ഥയാണ് യഥാർത്ഥ കാരണമെന്ന് ആളുകൾക്ക് മനസ്സിലാകണമെന്നില്ല. ഹോർമോൺ അസന്തുലിതാവസ്ഥയുടെ ചില ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം. 

To advertise here,

മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിലെ മാറ്റങ്ങൾ

താടിയെല്ലിനോ കവിളിനോ ചുറ്റുമുള്ള മുഖക്കുരുവിന് കാരണം ആൻഡ്രോജനുകളുടെ ഉയർന്ന തോതോ ഹോർമോൺ ഏറ്റക്കുറച്ചിലുകളോ ആകാം. ഈസ്ട്രജൻ-പ്രോജസ്റ്ററോൺ അസന്തുലിതാവസ്ഥ, PCOS, അല്ലെങ്കിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കോർട്ടിസോൾ മാറ്റങ്ങൾ മുഖക്കുരുവിനോ വരൾച്ചയ്ക്കോ കാരണമാകുകയും ചെയ്യും.

ദഹനപ്രശ്നങ്ങൾ

ഭക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ വയറുവീർക്കുക, മലബന്ധം, അല്ലെങ്കിൽ വയറിളക്കം തുടങ്ങിയവ ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാകാം. ഈസ്ട്രജനും പ്രോജസ്റ്ററോണും കുടലിന്റെ ആരോ​ഗ്യവുമായും ബന്ധപ്പെട്ടു കിടക്കുന്നു.

ആർത്തവ ചക്രങ്ങളിലെ മാറ്റം 

കൃത്യതയില്ലാത ഉണ്ടാകുന്ന ആർത്തവം ഈസ്ട്രജൻ, പ്രോജസ്റ്ററോൺ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. PCOS, തൈറോയ്ഡ് തകരാർ, പെരിമെനോപോസ് എന്നിവ സാധാരണ ആർത്തവ ചക്രത്തെ തടസ്സപ്പെടുത്താം.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

ഓർമ്മക്കുറവ്, അശ്രദ്ധ എന്നിവ തൈറോയ്ഡ് ഹോർമോണുകൾ, കോർട്ടിസോൾ, അല്ലെങ്കിൽ ഇൻസുലിൻ എന്നിവയിലെ വൃതിയാനങ്ങൾ മൂലവുമാകാം. 

ശരീരഭാരം കാരണമില്ലാതെ വർധിക്കുകയും കുറയുകയും ചെയ്യുക

ഭക്ഷണക്രമത്തിലോ വ്യായാമ ശീലങ്ങളിലോ കാര്യമായ മാറ്റങ്ങളില്ലാതെ ശരീരഭാരം വർധിക്കുകയോ കുറയുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഹോർമോൺ തകരാറുമൂലമാവാം. തൈറോയ്ഡ് ഹോർമോണുകൾ, ഇൻസുലിൻ, അല്ലെങ്കിൽ കോർട്ടിസോൾ എന്നിവയിലെ അസന്തുലിതാവസ്ഥ മെറ്റബോളിസം, വിശപ്പ് എന്നിവയെ നേരിട്ട് ബാധിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് തടസ്സമാകുകയും ചെയ്യും.

വിട്ടുമാറാത്ത തളർച്ച

ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിച്ചിട്ടും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയുടെ ഒരു സൂചനയാണ്. ഹൈപ്പോതൈറോയ്ഡിസം, ഇൻസുലിൻ പ്രതിരോധം എന്നിവ ശരീരത്തിന്റെ ഊർജ ഉൽപാദനത്തെയും ഉപയോഗത്തെയും തടസ്സപ്പെടുത്തി തളർച്ചയ്ക്ക് കാരണമാകുന്നു. 

മാനസികാവസ്ഥയും  ഉത്കണ്ഠയും

ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, കോർട്ടിസോൾ, അല്ലെങ്കിൽ സെറോടോണിൻ എന്നിവയിലെ ഏറ്റക്കുറച്ചിലുകൾ മാനസികാവസ്ഥയിലെ മാറ്റത്തിനും ദേഷ്യം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം എന്നിവയിലേക്കും നയിക്കാം. ആർത്തവവിരാമം (PMS), പെരിമെനോപോസ്, അല്ലെങ്കിൽ പ്രസവാനന്തര കാലഘട്ടങ്ങളിൽ ഈ മാറ്റങ്ങൾ പലപ്പോഴും നിർണ്ണയിക്കപ്പെടാതെ പോകാറുണ്ട്.

ഉറക്കമില്ലായ്മ

ഉറക്കം വരാൻ ബുദ്ധിമുട്ടുണ്ടാകുന്നതും ഉറക്കം തടസ്സപ്പെടുന്നതും മെലറ്റോണിൻ, കോർട്ടിസോൾ, അല്ലെങ്കിൽ പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകളിലെ മാറ്റങ്ങൾ മൂലമാവാം.

മുടി കൊഴിച്ചിൽ

തലയിലോ പുരികങ്ങളിലോ ഉണ്ടാകുന്ന അസാധാരണമായ മുടി കൊഴിച്ചിൽ ഹോര്‍മോൺ അസന്തുലിതാവസ്ഥയുടെ മറ്റൊരു ലക്ഷണമാണ്.