കഴിഞ്ഞവർഷം ജൂണിലാണ് നടി ഹിനാ ഖാന് സ്റ്റേജ് 3 സ്തനാർബുദം സ്ഥിരീകരിക്കുന്നത്. ഇതിനുപിന്നാലെ ചികിത്സാ കാലത്തേക്കുറിച്ചും ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനേക്കുറിച്ചുമൊക്കെ ഹിന സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി സോഹ അലി ഖാനുമായുള്ള അഭിമുഖത്തിലൂടെ കാൻസർ പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഹിന.
തന്റെ ഭയം കൊണ്ടുമാത്രമാണ് കാൻസർ സ്ഥിരീകരിക്കാനും കൃത്യസമയത്ത് ചികിത്സ നേടാനും കഴിഞ്ഞതെന്ന് ഹിന പറയുന്നു. കുടുംബത്തിൽ കാൻസർ ഉള്ളവർ ഉണ്ടായിരുന്നതിനാൽ ലക്ഷണങ്ങളെ കരുതലോടെ കാണുകയും സ്വയംപരിശോധന നടത്തുകയും ചെയ്യുമായിരുന്നുവെന്ന് ഹിന പറയുന്നു.
എങ്ങനെയാണ് സ്തനം സ്വയംപരിശോധന നടത്തുന്നതുൾപ്പെടെയുള്ള അവബോധം ലഭിച്ചതെന്ന സോഹയുടെ ചോദ്യത്തിന് മറുപടിയായാണ്, ചിലപ്പോൾ ഭയത്തിൽ നിന്നാവാം എന്ന് ഹിന മറുപടി പറഞ്ഞത്. കുടുംബത്തിൽ കാൻസർ സ്ഥിരീകരിച്ചിട്ടുള്ളവർ ഉള്ളതിനാൽ തങ്ങൾക്കും വരാൻ സാധ്യതയുണ്ടെന്ന ബോധ്യമുണ്ടായിരുന്നു. പക്ഷേ തനിക്ക് രോഗം സ്ഥിരീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹിന പറയുന്നുണ്ട്.
ഇത്തരംകാര്യങ്ങളെ ഭയത്തോടെ രണ്ടുരീതിയിൽ സമീപിക്കുന്നവരുണ്ടെന്നും ഹിന പറയുന്നുണ്ട്. പേടിയുള്ള ചിലർ ചികിത്സ തേടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും സ്കാനിങ് ഉൾപ്പെടെയുള്ളവ ചെയ്യാതിരിക്കുകയും ചെയ്യും. എന്നാൽ ഭയമുള്ള മറ്റുചിലർ സ്കാനിങ്ങിന് പോവുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്യുമെന്ന് ഹിന പറയുന്നു.
തനിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന് തിരിച്ചറിഞ്ഞപ്പോൾ വിഷമിച്ചിരിക്കുന്നതിന് പകരം ചികിത്സാ ചെലവുകളേക്കുറിച്ചും ചികിത്സാരീതികളേക്കുറിച്ചും മനസ്സിലാക്കി തയ്യാറെടുക്കുകയാണ് ചെയ്തതെന്നും ഹിന കൂട്ടിച്ചേർക്കുന്നു.
സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽനിന്നു വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
- ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
- മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Actress Hina Khan shares her courageous battle with Stage 3 breast cancer, emphasizing the crucial role of early detection and self-examination.
Published: 19 Dec 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented