മിത രക്തസമ്മര്‍ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബിപിയെ വിശേഷിപ്പിക്കുന്നതും. അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകള്‍ക്കും സാധ്യത കൂടുതലാണ്. അതിനാലാണ് നിശ്ചിത ഇടവേളകളില്‍ ബിപി പരിശോധിക്കണമെന്ന് പറയുന്നത്. ചിലപ്പോൾ വ്യക്തമായ ലക്ഷണങ്ങളൊന്നും അമിത രക്തസമ്മര്‍ദം ഉള്ളവരിൽ കാണാറുമില്ല. എന്നാൽ, ഈ ഏഴ് ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം കാണിക്കുന്നുണ്ടെങ്കിൽ രക്തസമ്മർദ്ദം കൂടുതലാകാൻ സാധ്യതയുണ്ടെന്നും ഉടൻ വൈദ്യസഹായം തേടണമെന്നുമാണ് വിദ​ഗ്ധർ പറയുന്നത്. 

To advertise here,

കഠിനമായ തലവേദന
രാവിലെയുണ്ടാകുന്ന കടുത്ത തലവേദന ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. ഉയർന്ന സമ്മർദ്ദം തലച്ചോറിലെ രക്തക്കുഴലുകൾ വികസിക്കാൻ കാരണമാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നു. വ്യക്തമായ കാരണമില്ലാതെ വിട്ടുമാറാത്ത തലവേദന ഇടയ്ക്കിടെ ഉണ്ടാകുന്നെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. 

നെഞ്ചുവേദന
നെഞ്ചുവേദനയോ നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നതോ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ഇത് ​ഗൗരവമായി കാണേണ്ടതും അടിയന്തരമായി വൈദ്യസഹായം തേടേണ്ടതുമാണ്. ഇത്തരം പ്രശ്നങ്ങൾ ഹൃദയാഘാതത്തിലേക്കോ മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കോ നയിച്ചേക്കാം.

ശ്വാസംമുട്ടൽ
ലളിതമായ കാര്യങ്ങൾ ചെയ്യുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിച്ചതിന്റെ ലക്ഷണമാകാം. ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നതിന്റെ സൂചനയാകാമിത്. വിഷയം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. 

കാഴ്ച മങ്ങുന്നത്
ഉയർന്ന രക്തസമ്മർദ്ദം തലകറക്കത്തിനും കാഴ്ച മങ്ങുന്നതിനും കാരണമാകും. തലച്ചോറിലേക്കോ കണ്ണിലേക്കോയുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിനാലാകാം ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. 

മൂക്കിൽ നിന്ന് രക്തസ്രാവം
ഇടയ്ക്കിടെയുള്ള മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. മറ്റ് പരിക്കൊന്നുമില്ലാതെയും മൂക്കിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. 

ക്ഷീണം 
സ്ഥിരമായി ക്ഷീണമോ ആശയക്കുഴപ്പമോ തോന്നുന്നെങ്കിൽ അത് രക്തസമ്മർദം മൂലമാകാം. തലച്ചോറിലേക്കുള്ള രക്തയോട്ടം മോശമാകുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ അസാധാരമായ ക്ഷീണം അനുഭവപ്പെടുന്നത്. വേ​ഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് അപകടകരമാണ്.

നെഞ്ചിലോ കഴുത്തിലോ ചെവികളിലോ മിടിപ്പ്
നെഞ്ചിലോ കഴുത്തിലോ ചെവികളിലോ ശക്തമായ മിടിപ്പോ മുഴക്കമോ അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സൂചനയാകാം. ഈ ലക്ഷണവും അവ​ഗണിക്കരുത്.