ആലപ്പുഴ: ആരോഗ്യമേഖലയില്‍ ആശങ്കപരത്തി മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്- എ) വ്യാപിക്കുന്നു. ഈ വര്‍ഷം രോഗം പിടിപെട്ട അയ്യായിരത്തിലേറെപ്പേരില്‍ 35 പേര്‍ മരിച്ചു. ഹെപ്പറ്റൈറ്റിസ്- എ ബാധിച്ചുള്ള മരണം അത്യപൂര്‍വമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുമ്പോഴും മരണസംഖ്യ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു.

To advertise here,

കഴിഞ്ഞവര്‍ഷം 7,967 പേര്‍ക്ക് രോഗം പിടിപെട്ടു. 89 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ മരണസംഖ്യ രണ്ടുമുതല്‍ 15 വരെ മാത്രമായിരുന്നു. മലിനജലം, വൃത്തിഹീനമായ ഭക്ഷണം തുടങ്ങിയവയാണ് രോഗവ്യാപനം കൂട്ടിയത്. ഡോക്ടര്‍മാരില്‍ പലരും വാക്സിനേഷന് ശുപാര്‍ശ ചെയ്യുന്നുണ്ട്.

എന്നാല്‍, രോഗമില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമുളള കോഴ്സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ഥികള്‍, ക്യാമ്പിന് പോകുന്നവര്‍ തുടങ്ങിയവരൊഴികെയുള്ളവര്‍ വാക്സിനെടുക്കാന്‍ തയ്യാറാകുന്നില്ല. വില നല്‍കണമെന്നതാണു കാരണം. ഹെപ്പറ്റൈറ്റിസ്- എ പ്രതിരോധിക്കാന്‍ സ്വകാര്യമേഖലയില്‍ മാത്രമാണ് വാക്‌സിനുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്സിനേഷന്‍ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.

ഒരുതവണ വാക്സിനെടുത്താല്‍ ഒരുവര്‍ഷത്തോളം പ്രതിരോധമുണ്ടാകും. ഇതുവഴി രോഗവ്യാപനം തടയാനാകും.

പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നത് നല്ലത്

'ഹെപ്പറ്റൈറ്റിസ് ബി, സി, ഡി, ഇ എന്നിവയേക്കാള്‍ മാരകമല്ലെങ്കിലും ഹെപ്പറ്റൈറ്റിസ്- എ പ്രതിരോധശേഷി കുറഞ്ഞവരെയും മറ്റുരോഗമുള്ളവരെയും ഗുരുതരമായി ബാധിക്കും. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചാകാം മരണം. വാക്‌സിനെടുത്താല്‍ മരണനിരക്കും രോഗവ്യാപനവും ഗണ്യമായി കുറയ്ക്കാനാകും'- ആലപ്പുഴ ജനറല്‍ ആശുപത്രി, കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. എസ്. രജിത് കുമാര്‍ പറഞ്ഞു.