ആലപ്പുഴ: വേനൽച്ചൂടും അന്തരീക്ഷതാപവും ക്രമാതീതമായി വർധിക്കുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്. സൂര്യതാപം, താപശരീരശോഷണം, ചൂടുകുരു, പേശീവലിവ് തുടങ്ങിയവയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പ്രായമായവർ, രക്തസമ്മർദമുൾപ്പെടെയുള്ളവയ്ക്ക് ചികിത്സയിലിരിക്കുന്നവർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് കൂടുതൽ ശ്രദ്ധവേണം. തിരക്കുള്ള ഇടങ്ങളിലെത്തുന്നത്, ആഹാര-പാനീയ ലഭ്യത ഇല്ലാതിരിക്കുന്നത്, നേരിട്ടു വെയിലേൽക്കുന്നത് എന്നിവയെല്ലാം താപാനുബന്ധ രോഗസാധ്യത വധിപ്പിക്കുന്നു.
അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛർദി തുടങ്ങിയവ താപശരീരശോഷണത്തിന്റെ തുടക്ക ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതാണു കാരണം. എന്നാൽ, അന്തരീക്ഷതാപം ഒരു പരിധിയിൽ കൂടുകയോ കഠിനമായ വെയിൽ ഏൽക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
ശക്തി കുറഞ്ഞതും വേഗത്തിലുമുള്ള നാഡിമിടിപ്പ്, കടുത്ത തലവേദന, തലകറക്കം, ഉയർന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ചർമം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാത ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തണുത്ത വെള്ളംകൊണ്ട് ദേഹം നനച്ചു തുടച്ച് തണുപ്പിക്കണമെന്നും ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശ്രദ്ധിക്കേണ്ടത്
- പകൽ 11-നും മൂന്നിനും ഇടയിലുള്ള വെയിൽ നേരിട്ട് ഏൽക്കരുത്. വെയിലത്ത് ജോലിചെയ്യുന്നവർ തൊഴിൽസമയം ക്രമീകരിക്കണം.
- കുട്ടികളെ വെയിലത്തു കളിക്കാൻ വിടരുത്. വെയിലത്ത് പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുഞ്ഞുങ്ങളെയോ വയോജനങ്ങളെയോ ഇരുത്തിയിട്ട് മറ്റിടങ്ങളിൽ പോകരുത്. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് പാനീയമോ തിളപ്പിച്ചാറിയ വെള്ളമോ കൊടുക്കുക.
- കിടപ്പുരോഗികളിൽ നിർജലീകരണം ഒഴിവാക്കുന്നതിന് ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കൊടുക്കണം. രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായാൽ ഡോക്ടറുടെ സേവനം തേടുക.
- ഇരുചക്രവാഹനങ്ങളിൽ ഭക്ഷണം വിതരണംചെയ്യുന്ന ജോലിചെയ്യുന്നവർ വെയിൽ നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും വിശ്രമവും നിർബന്ധം. ദാഹം തോന്നുന്നില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക.
- പൊതുപരിപാടികളും സമ്മേളനങ്ങളും പകൽ 11-നും മൂന്നിനും ഇടയിൽ പരമാവധി ഒഴിവാക്കുക. കാലാവസ്ഥാവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
- പരീക്ഷകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ കുട്ടികൾക്ക് ശുദ്ധജലവും ക്ലാസ്‌മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. ഫാനുകൾ പ്രവർത്തനയോഗ്യമാണെന്ന് ഉറപ്പാക്കുക.
- മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, കൃത്രിമ മധുരപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. തുടങ്ങിയ പാനീയങ്ങൾ കുടിക്കുക. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
- വായുസഞ്ചാരം ഉറപ്പാക്കുന്നതിന് പകൽസമയം ജനാലകൾ തുറന്നിടുക. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട/ തൊപ്പി, സൺഗ്ലാസ് എന്നിവ ധരിക്കുക.
- വെയിലത്ത് ഇറങ്ങേണ്ടിവരുമ്പോൾ അസ്വസ്ഥത തോന്നിയാൽ പെട്ടെന്ന് തണലിലേക്കു മാറുകയും കാറ്റുകൊള്ളുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കുക. കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. തണുത്ത വെള്ളംകൊണ്ട് ദേഹം തുടയ്ക്കുക.
- വേനൽക്കാല കളരികൾ, കൂട്ടായ്മകൾ, മറ്റു ക്യാമ്പുകൾ എന്നിവ അനുയോജ്യമായ സമയത്തു മാത്രം സംഘടിപ്പിക്കുക. അങ്കണവാടിക്കുട്ടികൾക്ക് ചൂട് ഏൽക്കാത്തതരത്തിലുള്ള സംവിധാനമുണ്ടെന്ന് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും ഉറപ്പാക്കണം.
Content Highlights: Beat the Heat: Essential Summer Safety Tips You Must Know
Published: 24 Apr 2026, 08:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented