ജീവിതത്തിൽ ഒരിക്കലെങ്കിലും നെഞ്ചെരിച്ചിൽ അനുഭവപ്പെടാത്തവർ വിരളമായിരിക്കും. എരിവും എണ്ണയും കൂടിയ ഭക്ഷണങ്ങളുമാണ് ദഹനപ്രശ്നങ്ങളിലേക്കും നെഞ്ചെരിച്ചിലിലേക്കുമൊക്കെ നയിക്കുന്നത്. ആഹാരക്രമം ആരോഗ്യകരമാക്കുന്നതുവഴി ഇത്തരം നെഞ്ചെരിച്ചിലിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്തുകയും ചെയ്യാം. എന്നാൽ എല്ലായ്പ്പോഴും നെഞ്ചെരിച്ചിലിനെ നിസ്സാരമാക്കി കാണരുതെന്ന് പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. വിട്ടുമാറാതെ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചികിത്സ വൈകരുതെന്നാണ് അദ്ദേഹം പറയുന്നത്.
അസഹ്യമായ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് തന്നെ കാണാനെത്തിയ രോഗിക്ക് പിന്നീട് ഈസോഫാഗൽ കാൻസർ അഥവാ അന്നനാളത്തിലെ കാൻസർ സ്ഥിരീകരിച്ചഅനുഭവം പങ്കുവെച്ചാണ് ഈയവസ്ഥയെക്കുറിച്ച് ഡോ. സൗരഭ് വിവരിക്കുന്നത്. നിരന്തരം നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത് കാൻസറിന് മുമ്പുള്ള അവസ്ഥയായ ബാരെറ്റ്സ് ഈസോഫാഗസ് എന്ന അവസ്ഥയിലേക്കും പിന്നീട് ഈസോഫാഗൽ കാൻസറിലേക്കും നയിക്കുമെന്നാണ് ഡോ.സൗരഭ് പറയുന്നത്.
സ്ഥിരമായുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒരുപക്ഷേ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് രോഗത്തിന്റെ ലക്ഷണമാകാം. ഇതും ഈസോഫാഗൽ കാൻസർ സാധ്യത കൂട്ടാമെന്ന് അദ്ദേഹം പറയുന്നു. ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗമാണ് ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (GERD). ആമാശയത്തിലെ ആസിഡ് അഥവാ പിത്തരസം അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോഴാണ് ഈ അവസ്ഥ രൂപപ്പെടുന്നത്. ഇങ്ങനെ തിരികെ ഒഴുകുന്ന ആസിഡ് അന്നനാളത്തിലെ പാളിയെ പ്രകോപിപ്പിക്കും. തുടർച്ചയായി ഈ ആസിഡുമായി സമ്പർക്കത്തിലാവുക വഴി ബാരെറ്റ്സ് ഈസോഫാഗസ് എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് ഡോ.സൗരഭ് പറയുന്നത്.
കൃത്യമായ ഇടപെടലിലൂടെ ഈയവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാവുമെന്നും ഡോ.സൗരഭ് പറയുന്നു. വല്ലപ്പോഴും മാത്രം വരുന്ന നെഞ്ചെരിച്ചിലിന് ഇടതുവശത്തേക്ക് ചരിഞ്ഞു കിടക്കുക, ഉറങ്ങുന്നതിന് മൂന്നുനാല് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെ പരിഹാരം കണ്ടെത്താനാവും. ആന്റി ആസിഡ് മരുന്നുകളും വിദഗ്ധ നിർദേശത്തോടെ കഴിക്കാവുന്നതാണ്. എന്നിട്ടും നെഞ്ചെരിച്ചിൽ വിട്ടുമാറാതിരിക്കുക, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയുണ്ടെങ്കിൽ ഡോക്ടറെ കാണാൻ ഒട്ടും വൈകരുതെന്നും അദ്ദേഹം പറയുന്നു. അതേസമയം ഈ ലക്ഷണങ്ങളുമായെത്തുന്ന എല്ലാവർക്കും അർബുദമാണെന്ന് അനുമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
നെഞ്ചെരിച്ചിലകറ്റാൻ
നെഞ്ചെരിച്ചിലിന് ഇടയാക്കുന്ന ഭക്ഷണങ്ങൾ പരമാവധി കുറച്ച് പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ നന്നായി കഴിക്കുക. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ടുമൂന്നുമണിക്കൂറിന് ശേഷമെങ്കിലും കിടക്കാനും ശ്രദ്ധിക്കുക. മദ്യം, കഫീൻ എന്നിവ ആസിഡ് റിഫ്ലക്സ് കൂട്ടുന്നതിനാൽ അവ പരമാവധി ഒഴിവാക്കുക. ഒപ്പം ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയവയും പ്രധാനമാണ്.
ആർക്കാണ് ബാരറ്റ്സ് ഈസോഫേഗസ് ഉണ്ടാകാൻ സാധ്യത?
- പുരുഷന്മാർക്ക് ഈ അവസ്ഥ വരാൻ 3-4 ഇരട്ടി സാധ്യത കൂടുതലാണ്.
- 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ.
- അമിതവണ്ണമുള്ള വ്യക്തികൾ.
- പുകവലി ശീലമുള്ളവർ.
- ബാരറ്റ്സ് ഈസോഫേഗസിൻ്റെയോ അന്നനാള ക്യാൻസറിൻ്റെയോ കുടുംബചരിത്രമുള്ളവർ.
അന്നനാള കാൻസറിന്റെ ലക്ഷണങ്ങൾ
- വിഴുങ്ങാനുള്ള ബുദ്ധിമുട്ട് (Dysphagia).
- അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നത്.
- ആവർത്തിച്ചുള്ള നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചിൽ ഭാരം.
- വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ ശബ്ദമടപ്പ്.
- ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത്.
- കാലക്രമേണ വഷളാകുന്ന ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ.
(മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)
Content Highlights: Persistent Heartburn: A Silent Warning Sign for Esophageal Cancer?
Published: 12 Nov 2025, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented