കാപ്പിയുടെ ആരോഗ്യഗുണങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട് കരളിന്റെ ആരോഗ്യം കാക്കുന്നതിലും ഫാറ്റിലിവർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും കാപ്പിക്കു പങ്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ശരിയായ അളവിൽ കാപ്പി കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ഇതേക്കുറിച്ചു പങ്കുവെക്കുകയാണ് കാൻസർരോഗവിദഗ്ധയായ ഡോ.വർതിക വിശ്വാനി. ‌‌

To advertise here,

താൻ ദിവസവും കാപ്പികുടിക്കാറുണ്ടെന്നും അതിനുള്ള കാരണങ്ങൾ ഇവയാണെന്നും പറഞ്ഞാണ് വർതിക ഇൻസ്റ്റഗ്രാമിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അതിൽ ആദ്യത്തേതായി വർതിക പറയുന്നത് കോഫി ശീലമാക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്നതാണ്. പ്രായപൂർത്തിയായ 1,71,000 പേരിൽ നടത്തിയ ഒരു പഠനത്തേക്കുറിച്ചും വർതിക പങ്കുവെച്ചു. ദിവസവും 1.5 മുതൽ 3.5 കപ്പ് കാപ്പി വരെ കുടിക്കുന്നവരിൽ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് അകാല മരണസാധ്യത ഏകദേശം 30% കുറവാണെന്നാണ് പഠനം കണ്ടെത്തിയതെന്ന് വർതിക പറയുന്നു.

മൊത്തത്തിലുള്ള രോഗസാധ്യത കുറയ്ക്കാനും കാപ്പി മികച്ചതാണെന്ന് ഡോ.വർതിക പറയുന്നുണ്ട്. ഹൃദ്രോഗം, കരൾ രോഗം, ടൈപ്പ്-2 പ്രമേഹം, പക്ഷാഘാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ കട്ടൻകാപ്പി സഹായിക്കും. ദിവസവും 3-4 കപ്പ് കാപ്പി കുടിക്കുന്നത് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് 200-ലധികം മെറ്റാ അനാലിസിസ് പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും ഡോ.വർതിക പറയുന്നു.

കാപ്പിയുടെ ഉപയോഗം പ്രധാനമായും ഗുണംചെയ്യുന്നത് കരളിനാണെന്നും ഡോക്ടർ പറയുന്നു. കാപ്പിയിലെ സസ്യസംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും വീക്കം കുറയ്ക്കാനും കലകൾ രൂപപ്പെടുന്നത് തടയാനും വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ ഫൈബ്രോസിസ്, ലിവർ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ പറയുന്നുണ്ടെന്നും ഡോക്ടർ കുറിച്ചു.

ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കാനും കാപ്പി മികച്ചതാണ്. ദിവസംതോറും കുടിക്കുന്ന ഓരോ അധിക കപ്പ് കാപ്പിയും ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത ഏകദേശം 6-7% കുറയ്ക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ഡോ.വർതിക പറയുന്നു.

കാപ്പിയിലെ ക്ലോറോജെനിക് ആസിഡ്, പോളിഫെനോളുകൾ തുടങ്ങിയ സജീവ ഘടകങ്ങൾ വീക്കം കുറയ്ക്കാനും പഞ്ചസാരയുടെ ആഗിരണം പതുക്കെയാക്കാനും ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസ് കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കും.

ചിലയിനം അർബുദങ്ങളെ പ്രതിരോധിക്കുന്നതിലും കാപ്പി നല്ലതാണെന്ന് ഡോ.വർതിക പറയുന്നു. കരൾ കാൻസർ, എൻഡോമെട്രിയൽ കാൻസർ എന്നിവ വരാനുള്ള സാധ്യത കാപ്പി കുറയ്ക്കുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊളറെക്റ്റൽ കാൻസർ ഉള്ള, കാപ്പി ശീലമാക്കിയവരിൽ അതിജീവനനിരക്ക് മെച്ചപ്പെട്ടതായും ഡോ.വർതിക പറയുന്നു.

ഇതുകൂടാതെ മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കട്ടൻകാപ്പി നല്ലതാണെന്ന് ഡോ.വർതിക പറയുന്നു. കാപ്പി ശീലമാക്കിയവരിൽ പാർക്കിൻസൺസ് രോഗസാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഡോ.വർതിക പറയുന്നു.

അതേസമയം കാപ്പി ഒരു അത്ഭുത പാനീയമല്ലെന്നും എല്ലാവർക്കും അനുയോജ്യമായിരിക്കണമെന്നില്ല എന്നും ഡോ.വർതിക മുന്നറിയിപ്പു നൽകുന്നുണ്ട്. ഉത്കണ്ഠ അമിതമായുള്ളവർ, ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർ കാപ്പി സ്ഥിരമാക്കുന്നത് നന്നല്ലെന്നും ഡോക്‌ടർ പറയുന്നുണ്ട്.

മിതമായ അളവിൽ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിർന്നവരിൽ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, രക്താതിസമ്മർദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്‌.എ.). സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തിൽ കണ്ടെത്തിയത്.കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ ഗർഭിണികൾ, ഹൃദ്രോഗം നേരത്തേയുള്ളവർ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിർദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ എന്നും എ.എച്ച്.എ. പറഞ്ഞിരുന്നു.