എം.വി ഹോൺഡിയസ് എന്ന ഡച്ച് കപ്പലിൽ ഹാന്റ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെത്തുടർന്ന് മൂന്നു യാത്രക്കാരെക്കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു.
ഇതുവരെ കപ്പലിലുണ്ടായിരുന്ന മൂന്നുപേരാണ് ഹാന്റ വൈറസ് ബാധ മൂലം മരിച്ചത്. ഡച്ച് ദമ്പതിമാരും ഒരു ജർമൻ പൗരനുമാണ് രോഗബാധിതരായി മരിച്ചത്. പുരുഷന്മാർ കപ്പലിൽവെച്ചും വിമാനമാർഗം ദക്ഷിണാഫ്രിക്കയിലെത്തിയ യുവതി ജൊഹാനസ്‍ബർഗിൽവെച്ചുമാണ് മരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റുയാത്രക്കാരെയും വിമാനത്താവളത്തിലെ ജീവനക്കാരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് പോസിറ്റീവായി കണ്ടെത്തിയത്
പിന്നീട് ഏപ്രിൽ 27-നാണ് ബ്രിട്ടീഷ് പൗരനിൽ രോഗം സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തിനും പരിശോധനയിൽ ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റവൈറസ് ബാധിച്ചുള്ള മൂന്നാമത്തേത്. രോഗലക്ഷണങ്ങൾ പ്രകടമായി നാലുദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു. ന്യുമോണിയയാണ് യുവതിയിൽ മരണകാരണമായത്.
രോഗബാധിതനായ ബ്രിട്ടീഷ് പൗരന്റെ രക്തപരിശോധനയിൽ നിന്നാണ് ഹാന്റവൈറസ് ആണ് ആദ്യത്തെ മൂന്നുമരണങ്ങൾക്കും കാരണമായതെന്ന് മനസ്സിലായത്. ആദ്യമരണം സംഭവിച്ച് 21 ദിവസങ്ങൾക്കുശേഷമാണ് അധികൃതർക്ക് രോഗകാരണം കണ്ടെത്താനായത്. നിലവിൽ കപ്പലിലെ യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. വൈറസിന്റെ അപൂർവ്വമായ ആൻഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി
കപ്പലിലെ യാത്രികരിൽ രോഗകാരണമായത് എന്താണെന്നതു സംബന്ധിച്ച വിവവരം പുറത്തുവന്നിട്ടില്ല. ആദ്യം മരിച്ച ദമ്പതികൾ കപ്പൽ യാത്രയ്ക്ക് മുമ്പ് അർജന്റീനയും തെക്കൻ അമേരിക്കയും സന്ദർശിച്ചിരുന്നു. ഇവിടെനിന്നാണോ രോഗം ബാധിച്ചതെന്ന കാര്യത്തിൽ പരിശോധന നടന്നുവരികയാണ്. ഹാന്റ വൈറസിന്റെ ആൻഡീസ് വകഭേദം തെക്കൻ അമേരിക്കയിലും അർജന്റീനയിലും ചിലിയിലുമാണ് പൊതുവേ കാണപ്പെടുന്നത്.
ക്രൂ മെമ്പർമാരുൾപ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളിൽ നിന്നുള്ള 150 യാത്രക്കാരാണ് കപ്പലിലുള്ളത്. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്.
എന്താണ് ഹാന്റ വൈറസ്?
എലികളാണ് ഹാന്റ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.
1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റ വൈറസ് എന്ന പേരുലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
ലക്ഷണങ്ങൾ
സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീര വേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.
ചികിത്സ
ഹാന്റ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.
Content Highlights: Confirmed Hantavirus outbreak on MV Hondius with 8 positive cases., Three reported deaths including a Dutch couple and a German national.
Published: 07 May 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented