എംവി ഹോണ്ടിയസ് എന്ന കപ്പലിലെ ഹാന്റാ വൈറസ് രോഗബാധയുടെ വ്യാപനം ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഹാന്റാ വൈറസിന്റെ അത്യപൂർവ വകഭേദമായ ആൻഡീസാണ് രോഗവ്യാപനം കൂട്ടിയത്. ഇതിനകം മൂന്നുമരണങ്ങളും എട്ട് ഹാന്റാ വൈറസ്‌ കേസുകളും കപ്പലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹാന്റാ വൈറസ് സ്ഥിരീകരണം പൊതുവേ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അർജന്റീനയിൽ രോഗികളുടെ നിരക്ക് ഇരട്ടിയായെന്നാണ് കണക്കുകൾ പറയുന്നത്.

To advertise here,

ഇക്കഴിഞ്ഞ സീസണിൽ അർജന്റീനയിലെ ഹാന്റാവൈറസ് കേസുകൾ ഇരട്ടിയായി, 32 മരണങ്ങളും രേഖപ്പെടുത്തി. 2018 ന് ശേഷം ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് പോയവർഷമാണെന്നും കണക്കുകൾ പറയുന്നു. 2025 ജൂൺ മുതൽ ഇതുവരെ 101 ഹാന്റാവൈറസ് കേസുകളാണ് അർജന്റീനയിൽ സ്ഥിരീകരിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 57 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. രോഗികളുടെ നിരക്ക് ഒരുവർഷത്തിനുള്ളിൽ തന്നെ ഇരട്ടിയാവുകയാണ് ചെയ്തത്. മരണസംഖ്യയിലും പത്തുശതമാനം വർധനവുണ്ടായിട്ടുണ്ട്. 2018-ലെ ഹാന്റാ വൈറസ് വ്യാപന സമയത്ത് പാറ്റഗോണിയയിൽ മാത്രം പതിനൊന്ന് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇക്കുറി രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലാണ് 42 കേസുകളോടെ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്

പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഹാന്റാവൈറസ് നിരക്കുകൾ കൂടുന്നതിനു പിന്നിലെ പ്രധാന ഘടകങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . ‌ചൂടുകൂടിയ സ്ഥലങ്ങളിൽ രോഗവ്യാപനം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ നാശവും പരിസ്ഥിതി നശിക്കുന്നതുമൊക്കെ വൈറസ് വാഹകരായ എലികളുടെ വർധനവിന് കാരണമാവുകയും ഇത് രോഗവ്യാപനത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നതെന്ന് അർജന്റീനയിലെ ആരോഗ്യമന്ത്രാലയം പറയുന്നു. വരൾച്ചയും കനത്ത മഴയും പോലുള്ള തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും രോഗസാധ്യത വർധിപ്പിക്കുന്നുണ്ട്.

എം.വി. ഹോണ്ടിയസ് എന്ന കപ്പലിൽ ആദ്യം രോഗബാധിതരാവുകയും മരിക്കുകയും ചെയ്ത ഡച്ച് ദമ്പതികൾ സഞ്ചരിച്ചതായി കരുതപ്പെടുന്ന അർജന്റീനയിലെ പ്രദേശങ്ങളിലേക്ക് ആരോഗ്യവിദഗ്ധർ പോകുമെന്നും രോഗം പടർത്താൻ സാധ്യതയുള്ള എലികളെ പിടികൂടുകയും വിശകലനം ചെയ്യുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2018-2019 കാലയളവിൽ അർജന്റീനയിൽ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ വിഭാഗം അലർട്ട് ആൻഡ് റെസ്പോൺസ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്ന് രോഗലക്ഷണങ്ങളുള്ള ഒരാൾ നിരവധിപേർ പങ്കെടുത്ത ഒരുപരിപാടിയിൽ പോയതാണ് പലർക്കും രോഗം ബാധിക്കാൻ കാരണമായത്. പൊതുസമൂഹവുമായി സമ്പർക്കമില്ലാത്ത വിഭാഗമാണ് കപ്പലിലുള്ളത്. സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും സാമൂഹിക അകലം പാലിക്കുകയും ക്വാറന്റൈൻ നിർദേശിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാനാവും. വലിയൊരു പകർച്ചവ്യാധിയാകുമെന്ന് കരുതുന്നില്ലെന്നും ഡോ. മുഹമ്മദ് വ്യക്തമാക്കി.

ആദ്യമായി രോഗബാധിതനായ വ്യക്തിക്ക് ഏപ്രിൽ 6-നാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിത്. ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് മരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ രോഗലക്ഷണങ്ങൾ മറ്റ് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് സമാനമായിരുന്നതിനാൽ തുടക്കത്തിൽ ഹാന്റാ വൈറസ് സംശയിച്ചിരുന്നില്ല. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാവുകയും ഏപ്രിൽ 25-ന് വിമാനയാത്രയ്ക്കിടെ നില വഷളായതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെച്ച് മരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ മേയ് 2-ന് മൂന്നാമത്തെ യാത്രക്കാരനും മരണപ്പെട്ടു.

ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്.

കപ്പലിലെ വൈറസ് ബാധയെത്തുടർന്ന് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെർദയിൽനിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോവുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്‌പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല. അതേസമയം, വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.

എന്താണ് ഹാന്റാ വൈറസ്?

എലികളാണ് ഹാന്റാ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.

1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.

ചികിത്സ

ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.