കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ അമിതവണ്ണ നിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണമുള്ളവരായി മാറുമെന്നൊരു പഠനവും അടുത്തിടെ പുറത്തുവന്നു. ലാൻസെറ്റ് ആയിരുന്നു ഒരു പകര്‍ച്ചവ്യാധിയെന്നോണം അമിതവണ്ണം വളരുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പഠനം പുറത്തുവിട്ടത്. ഇപ്പോഴിതാ, ഇതേ വിഷയത്തിൽ വ്യത്യസ്തമായ ഒരു ആശയവുമായി രം​ഗത്തെത്തിയിരിക്കുകയാണ് എഡെല്‍വെയ്‌സ് മ്യൂച്വല്‍ ഫണ്ട് സി.ഇ.ഒ. രാധിക ഗുപ്ത. 

To advertise here,

ഹോട്ടലിന്റെ ലാഭം വർധിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് പരിഹരിക്കാനും ലക്ഷ്യംവെച്ചുകൊണ്ടാണ് രാധിക പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്. 'അമിതവണ്ണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു പ്രധാന പ്രശ്നം തന്നെയാണ്. എല്ലാ ഹോട്ടലുകളും തങ്ങളുടെ മെനുവിലെ എല്ലാ ഇനങ്ങളും പകുതി പ്ലേറ്റ് ഭാ​ഗങ്ങളായും നൽകാൻ ശ്രമിക്കണം. 

സംസ്കാരത്തിന്റെ ഭാ​ഗമായി ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിനായി നാം പ്ലേറ്റിൽ ലഭിക്കുന്ന ഭക്ഷണം മുഴുവൻ കഴിക്കുന്നു. ഒറ്റയ്ക്കാണ് കഴിക്കുന്നതെങ്കിൽ പങ്കിടാനും സാധ്യമല്ല. 50 ശതമാനത്തിന് തൊട്ടുമുകളിലായി വില നിശ്ചയിച്ചുകൊണ്ട് പകുതി പ്ലേറ്റ് എന്ന അളവിൽ ഭക്ഷണം നൽകാൻ ഹോട്ടലുകൾ തയ്യാറാകണം. ഇതോടെ ഭക്ഷണം പാഴാക്കാതെ കഴിക്കുന്നതിന് ആളുകൾക്ക് സാധിക്കുന്നു', രാധിക ഗുപ്ത എക്സിൽ കുറിച്ചു. 

എക്സ് പോസ്റ്റ് വൈറലായതോടെ നിരവധി ഉപയോക്താക്കൾ രാധികയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തി. ആവശ്യമുള്ള നിർദേശമാണെന്ന് ചിലർ കമന്റിൽ കുറിച്ചു. ചെറിയ മാറ്റങ്ങളിലൂടെ വലിയ ആരോ​ഗ്യ നേട്ടങ്ങൾ സ്വന്തമാക്കാനാകുമെന്നും ചിലർ എഴുതി.