മുടികൊഴിച്ചിൽ മൂലം വലയുന്നവർ നിരവധിയുണ്ട്. ചെറുപ്രായത്തിൽത്തന്നെ മുടികൊഴിച്ചിൽ അനുഭവിക്കുന്നവരും ഏറെയാണ്. ഭക്ഷണരീതി, ജനിതകം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളൊക്കെ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇന്ത്യക്കാരിൽ നേരത്തേ കഷണ്ടിയും മുടികൊഴിച്ചിലും കണ്ടുവരുന്നതിനേക്കുറിച്ച് പങ്കുവെക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ആയ ഡോ. ഗൗരംഗ് കൃഷ്ണ.
ടിവിഅവതാരകനും യൂട്യൂബറുമായ സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെയാണ് ഗൗരംഗ് ഇതേക്കുറിച്ച് പങ്കുവെച്ചത്. മുടികൊഴിച്ചിലിന് ഒരൊറ്റ കാരണം മാത്രം കണ്ടെത്തുക സാധ്യമല്ലെന്നും ജനിതകം, പോഷകാഹാരം, ജീവിതശൈലി, സമ്മർദം തുടങ്ങി ഒന്നിലേറെ ഘടകങ്ങളുടെ ഫലമാണെന്നും ഡോ.ഗൗരംഗ് പറയുന്നു. കഷണ്ടി കയറുന്നതിൽ എഴുപത് ശതമാനത്തിന് പുറകിലും ജനിതകമാണ് പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നുണ്ട്. പുരുഷന്മാരിൽ നേരത്തേ കഷണ്ടി കയറുന്നതും സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുന്നതുമൊക്കെ പാരമ്പര്യ ഘടകങ്ങൾ മൂലമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
അടുത്ത ഇരുപതുശതമാനത്തിനു പുറകിൽ ജീവിതശൈലിയും പോഷകാഹാരക്കുറവും ആണെന്നും ഡോ. ഗൗരംഗ് പറയുന്നുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ എന്നിവയില്ലാത്ത ഭക്ഷണരീതിയും ഉറക്കക്കുറവും വ്യായാമമില്ലായ്മയും സമ്മർദവുമൊക്കെ ശരീരത്തെ തളർത്തുകയും അതുവഴി ഹെയർ ഫോളിക്കിളുകൾ നശിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. പോഷകം നിറഞ്ഞ ആഹാരം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, വ്യായാമത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നിവയിലൂടെ ഇത്തരം മുടികൊഴിച്ചിലിന് പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പറയുന്നു.
ബാക്കിയുള്ള പത്തുശതമാനം മുടികൊഴിച്ചിലിന് കാരണമായി ഡോ.ഗൗരംഗ് ചൂണ്ടിക്കാട്ടുന്നത് വായുമലിനീകരണവും ജലമലിനീകരണവുമാണ്. കട്ടി കൂടിയ വെള്ളം ഉപയോഗിക്കുന്നതുൾപ്പെടെ മുടികൊഴിച്ചിലിന്റെ ആക്കംകൂട്ടും. ജനിതകഘടങ്ങളല്ലാത്ത കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ നേരിടുന്നവരിൽ ജീവിതശൈലിയിലെ മാറ്റത്തിലൂടെ തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനാവുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പാരമ്പര്യമായി കഷണ്ടിയുള്ളവർ ആണെങ്കിൽ ജീവിതശൈലി എത്ര ആരോഗ്യകരമായാലും മുടികൊഴിയാനും കഷണ്ടിയാവാനുമുള്ള സാധ്യതയും കൂടുതലാണ്.
പണ്ട് അമ്പതുകൾക്ക് ശേഷമാണ് കഷണ്ടി കണ്ടുവന്നിരുന്നതെങ്കിൽ ഇന്നത് ഇരുപതുകളിൽ തന്നെ കണ്ടുതുടങ്ങുന്നുണ്ടെന്നും ഡോ.ഗൗരംഗ് കൂട്ടിച്ചേർക്കുന്നു.
മുടികൊഴിച്ചിലിന് ചില പരിഹാരങ്ങൾ
- മുടിയിലെ നനവ് നീക്കാനും ചുരുട്ടാനും സ്റ്റൈലിങ്ങിനുമൊക്കെ ഹെയർ ഡ്രയറും കേളിങ് അയേണും സ്ട്രെയ്റ്റ്നറുമൊക്കെ ഉപയോഗിക്കുന്നത് മുടിയെ വരണ്ടതാക്കുകയും പെട്ടെന്ന് പൊട്ടാനിടയാക്കുകയും ചെയ്യും. അതിനാൽ മഴക്കാലത്ത് ഇവയുടെ ഉപയോഗം കുറയ്ക്കാം.
- നനഞ്ഞ മുടികെട്ടിവെക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. നനവോടെ മുടികെട്ടി വെക്കുന്നത് മുടി വലിയാനും അറ്റം പൊട്ടാനും കാരണമാകും. മുടികെട്ടിവെക്കും മുമ്പ് നനവ് പോയെന്ന് ഉറപ്പുവരുത്തുക. ശേഷം കെട്ടിവെക്കുമ്പോൾ മുറുകാതിരിക്കാനും ശ്രദ്ധിക്കണം.
- മുടിയിൽ എണ്ണതേച്ച് മസാജ് ചെയ്യുന്നത് ശിരോചർമത്തിൽ രക്തചംക്രമണം കൂട്ടാനും മുടി കരുത്താർന്നതാക്കാനും സഹായിക്കും. കൂടാതെ മുടി ദിവസവും കഴുകാനും ശ്രദ്ധിക്കുന്നതിലൂടെ ചെളിയും സ്വാഭാവിക എണ്ണയും അടിയുന്നത് ഒഴിവാക്കാം. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ കഴുകുകയും വേണം.
- വലിയ പല്ലുകൾ ഉള്ള ചീർപ്പ് ഉപയോഗിക്കുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ നല്ലതാണ്. ഇതിലൂടെ മുടി പൊട്ടാതിരിക്കും. കൂടാതെ അണുബാധ പകരാതിരിക്കാൻ സ്വന്തമായി ഉപയോഗിക്കുന്ന ചീർപ്പ് മറ്റുള്ളവർക്ക് പങ്കുവെക്കാതിരിക്കേണ്ടതും നിർബന്ധമാണ്.
- ഇതുകൂടാതെ പോഷകം നിറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രമിക്കണം. സമ്മർദമുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും വേണം.
- മറ്റുപലരോഗങ്ങളുമായി ബന്ധപ്പെട്ടും മുടികൊഴിച്ചിൽ കാണാം എന്നതുകൊണ്ട് അസാധാരണമായ രീതിയിൽ മുടികൊഴിച്ചിൽ പ്രകടമായാൽ വിദഗ്ധ നിർദേശം തേടാനും മടികാണിക്കരുത്.
Content Highlights: Discover the root causes of hair fall, from genetics to lifestyle, and learn expert-recommended solutions for healthier hair
Published: 11 Nov 2025, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented