അനാരോഗ്യകരമായ ജീവിതശൈലി, ഉറക്കക്കുറവ്, വ്യായാമം ചെയ്യാതിരിക്കൽ തുടങ്ങിയവയൊക്കെ ഹൃദയാഘാത സാധ്യത കൂട്ടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൊളസ്ട്രോൾ കൂടുന്നതും ഹൃദയാഘാതവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് അനുസരിച്ച് ഹൃദയധമനികളിൽ വീക്കമുണ്ടാവുകയും പ്ലേക്ക് എന്നറിയപ്പെടുന്ന കൊഴുപ്പ് അടിഞ്ഞുകൂടാനും അതുവഴി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടയാനും കാരണമാവുകയാണ് ചെയ്യുന്നത്. എന്നാൽ, കൊളസ്ട്രോളിനൊപ്പം ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രധാനമാണ് കുടലിന്റെ ആരോഗ്യമെന്ന് വ്യക്തമാക്കുകയാണ് അമേരിക്കയിൽനിന്നുള്ള ഹൃദ്രോഗവിദഗ്ധനായ ഡോ. ജാക്ക് വോഫ്സൺ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജാക്ക് കുടലിന്റെ ആരോഗ്യവും ഹൃദയാഘാതവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായി, കൊളസ്ട്രോൾ ആണ് ഹൃദയാഘാതങ്ങളുടെ പ്രധാന കാരണം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, യഥാർത്ഥ പ്രശ്നം ആരംഭിക്കുന്നത് കുടലിൽ നിന്നാണെങ്കിലോ എന്നാണ് ഡോ. ജാക്ക് ചോദിക്കുന്നത്. മിക്ക ഹൃദ്രോഗവിദഗ്ധരും വിശ്വസിക്കുന്നതും കൊളസ്ട്രോൾ ആണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതെന്നാണ്. പക്ഷേ, അങ്ങനെയല്ലെന്നും അതെല്ലാം ആരംഭിക്കുന്നത് കുടലിൽ നിന്നാണെന്നും ഡോ. ജാക്ക് പറയുന്നു.
കുടലും ഹൃദയവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽപ്പോലും അപൂർവമായി മാത്രമേ ചർച്ച ചെയ്യപ്പെടാറുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. മിക്ക ഹൃദയഘാതങ്ങളും പൊടുന്നനെ സംഭവിക്കുന്നവയല്ല, മറിച്ച് വർഷങ്ങളായി ശരീരത്തിനകത്തുള്ള വിട്ടുമാറാത്ത വീക്കത്തിന്റെയും മെറ്റബോളിക് തകരാറുകളുടെയും ഫലമാണ്. ഈ വീക്കത്തിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കുടലിന്റെ ആരോഗ്യം തകരാറിലാകുന്നത് ആണെന്ന് ഡോ. ജാക്ക് വ്യക്തമാക്കുന്നു.
"കുടലിന്റെ ആരോഗ്യം തകരാറിലാവുമ്പോൾ, വീക്കം വർധിക്കുന്നു, ഇത് ധമനികളെയും രക്തത്തിലെ പഞ്ചസാരയെയും ഹോർമോണുകളെയും മൊത്തത്തിലുള്ള ഹൃദയ സംബന്ധമായ ആരോഗ്യത്തെയും ബാധിക്കും,"- അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലുള്ള വിഷവസ്തുക്കൾ, അന്തരീക്ഷ മലിനീകരണം, സംസ്കരിച്ച ഭക്ഷണങ്ങൾ, രാസവസ്തുക്കൾ, വിട്ടുമാറാത്ത സമ്മർദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ കുടലിലെ ബാക്ടീരിയകളെ പ്രതികൂലമായി ബാധിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ തകിടം മറിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക മാത്രമല്ല ചെയ്യേണ്ടതെന്നും കുടലിന്റെ ആരോഗ്യവും പ്രധാനമാണെന്നും ഡോ.ജാക്ക് പറയുന്നു. ഹൃദയവും കുടലും നാം ചിന്തിക്കുന്നതിനേക്കാളേറെ പരസ്പരബന്ധിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Published: 25 May 2026, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented