ന്യൂഡല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്താനാവശ്യമായ വാക്‌സിന്‍ ലഭ്യമാകുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ പദ്ധതി തുടങ്ങിയശേഷമുള്ള പുരോഗതിയും വാക്‌സിന്‍ ലഭ്യതയും യോഗം ചര്‍ച്ചചെയ്തു. കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 3.77 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. മലേഷ്യ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയെക്കാള്‍ വലുതാണ് ഈ സംഖ്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

128 ജില്ലകളില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 16 ജില്ലകളില്‍ 45-നുമുകളിലുള്ള 90 ശതമാനവും വാക്‌സിനെടുത്തു. വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോഴുള്ള ഊര്‍ജസ്വലത നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സന്നദ്ധസംഘടനകളുടെയും മറ്റുസംഘടനകളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. സംസ്ഥാനങ്ങളുമായി കൃത്യമായ ഏകോപനം നടത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിന്‍ പ്ലാറ്റ്ഫോമിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ വലിയ താത്പര്യമുണ്ടായിട്ടുണ്ട്. ഇതില്‍ താത്പര്യം കാണിച്ചിട്ടുള്ള രാജ്യങ്ങളെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Content Highlights: Government Says Will Provide Covid 19 Vaccine For All By December End