ആഗോള സാമ്പത്തികസഹായം അഞ്ചിലൊന്നായി കുറഞ്ഞതോടെ എയ്ഡ്സ് പ്രതിരോധം അപകട ഘട്ടത്തിലാണെന്ന് UNAIDS. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ വിദേശ സഹായം ഗണ്യമായി വെട്ടിച്ചുരുക്കിയത് വലിയ വെല്ലുവിളിയായി. ഫ്രാൻസ്, ജർമനി, യുകെ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും അതേ പാത പിന്തുടർന്നുവെന്നും UNAIDS പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

To advertise here,

2025 ജനുവരിയിൽ ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതിനു മുൻപ് അന്താരാഷ്ട്ര തലത്തിൽ എച്ച്‌ഐവി പ്രതിരോധത്തിനായുള്ള ധനസഹായത്തിന്റെ 75 ശതമാനവും യുണൈറ്റഡ് സ്റ്റേറ്റ്സായിരുന്നു നൽകിയിരുന്നത്. എന്നാൽ ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം എച്ച്‌ഐവി പ്രതിരോധത്തിനുള്ള ധനസഹായം താത്കാലികമായി നിർത്തിവെക്കുകയും പിന്നീട് ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് ധനസഹായം പുനരാരംഭിക്കുകയും ചെയ്തു. എങ്കിലും മിക്ക പ്രതിരോധ പ്രവർത്തനങ്ങൾക്കും ഫണ്ട് ലഭിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാമ്പത്തിക സഹായം കുറഞ്ഞതുമൂലം വലിയ വിലനൽകേണ്ടി വരുന്നത് ദുർബല വിഭാഗമാണെന്ന് ഇന്റർനാഷണൽ എയ്ഡ്‌സ് സൊസൈറ്റി (IAS) പ്രസിഡന്റ് ബിയാട്രിസ് ഗ്രിൽസ്റ്റീൻ പറഞ്ഞു. എയ്ഡ്സ് പ്രതിരോധം എത്തരത്തിലുള്ളതാകണം എന്നതിന് ഗവേഷകരും ശാസ്ത്രവും അവരുടെ ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ടെന്ന് UNAIDS ചീഫ് വിന്നീ ബിയാനിമ പറഞ്ഞു. എന്നാൽ ഇപ്പോഴത് എല്ലാവർക്കും ലഭ്യമാകാത്ത രീതിയിൽ അസമത്വം നേരിടുകയാണ്. രാഷ്ട്രീയമാണ് വിലങ്ങുതടിയാകുന്നതെന്നും വിന്നീ പറഞ്ഞു.

2025-ൽ മാത്രം വികസ്വര രാജ്യങ്ങളിലെ എച്ച്‌ഐവിക്കുള്ള അന്താരാഷ്ട്ര ഫണ്ടിംഗ് 18 ശതമാനം കുറഞ്ഞുവെന്ന് 26-ാമത് അന്താരാഷ്ട്ര എയ്ഡ്‌സ് സമ്മേളനത്തിൽ പുറത്തിറക്കിയ UNAIDS റിപ്പോർട്ട് വ്യക്തമാക്കുന്നു. 2011 മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എച്ച്‌ഐവി ഫണ്ടിംഗ് 58 ശതമാനം കുറഞ്ഞു. ആഫ്രിക്കയിലെ പല താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെയും എച്ച്‌ഐവി പ്രതിരോധത്തിന്റെ 90 ശതമാനവും വിദേശ സഹായത്തെ ആശ്രയിച്ചാണിരിക്കുന്നത്..

ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ എച്ച്‌ഐവി പകർച്ചവ്യാധിയുടെ തിരിച്ചുവരവിനെ ലോകം ഭയക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2030-ഓടെ എയ്ഡ്‌സ് ഇല്ലാതാക്കാനുള്ള ആഗോള ലക്ഷ്യം പാളിയിട്ടുണ്ട്. ധനസഹായം കുറഞ്ഞതും എബോള പോലുള്ള മറ്റ് പ്രതിസന്ധികളും ഈ ലക്ഷ്യം നേടുന്നതിന് തടസ്സമാവുകയാണ്. കഴിഞ്ഞ വർഷം ഏകദേശം 1.2 ദശലക്ഷം ആളുകൾക്ക് എച്ച്‌ഐവി ബാധിച്ചുവെന്നും NAIDS റിപ്പോർട്ട് പറയുന്നു.

എന്താണ് എച്ച്.ഐ.വി. എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ഡോ. മേരി ജോസഫ് പങ്കുവെക്കുന്നു 

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).

മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.

എച്ച്.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ?

അല്ല. എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.

എയ്‌ഡ്സ് പകരുന്ന മാർഗങ്ങൾ

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ

എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.

കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.

ടെസ്റ്റുകൾ

ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.