ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാംതരംഗം രണ്ടാംതരംഗംപോലെ അതിരൂക്ഷമാവാന്‍ സാധ്യത കുറവാണെന്ന് വിദഗ്ധാഭിപ്രായം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടത്.

നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂ. ഒരാളില്‍നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഇനി ഒരു തരംഗമുണ്ടാവൂവെന്ന് പഠനത്തില്‍ പറയുന്നു. ഊര്‍ജിതമായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഭാവിയിലെ തരംഗത്തിന്റെ കാഠിന്യം കുറയ്ക്കും.

2020 ജനുവരി അവസാനമാണ് ഇന്ത്യയില്‍ കോവിഡ് തുടങ്ങിയത്. സെപ്റ്റംബറില്‍ ഒന്നാംതരംഗം അതിന്റെ ഉച്ചിയിലെത്തി. രണ്ടാംതരംഗം ഇക്കൊല്ലം ഫെബ്രുവരി പകുതിയോടെയാണ് ആരംഭിച്ചത്. തരംഗത്തിന്റെ മൂര്‍ച്ച കുറഞ്ഞെങ്കിലും ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഐ.സി.എം.ആര്‍. കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ടാംതരംഗത്തിനിടയിലാണ് വൈറസിന് തീവ്രതയേറിയ വകഭേദങ്ങള്‍ ഉണ്ടായത്. യു.എസ്.എ., യു.കെ. എന്നിവിടങ്ങളില്‍ മൂന്നാംതരംഗം ഇതിനകം തുടങ്ങി. ഇന്ത്യയില്‍ രോഗവ്യാപനം കൂടുതല്‍ നടന്നതിനാല്‍ ഇനി ഒരു തരംഗം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ അത് രണ്ടാമത്തേതുപോലെ അതിതീവ്രമാകാന്‍ സാധ്യതയില്ല -പഠനം പറയുന്നു.

Content Highlights: Covid19 Third Wave, Health