ലോകമെങ്ങും വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളിലൊന്നാണ് അപസ്മാരം.  കുട്ടിക്കാലത്തെടുക്കുന്ന വാക്സിനേഷനുകൾ അപസ്മാരത്തിന് കാരണമായേക്കാമെന്ന തെറ്റിധാരണ പലർക്കുമുണ്ട്. എന്നാൽ കുട്ടികളിലെ പതിവ് വാക്സിനേഷനുകൾ അപസ്മാരത്തിന് കാരണമാകുന്നില്ലെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. കൃത്യമായ രോഗനിർണയവും അനുയോജ്യമായ ചികിത്സയും ലഭിച്ചാൽ പൂർണ്ണമായും ഭേദമാക്കുവാനോ നിയന്ത്രിച്ച് നിർത്തുവാനോ സാധിക്കുന്ന രോഗം കൂടിയാണിത്.

To advertise here,

വാക്സിനുകളിൽ ഉപയോഗിക്കുന്ന അലുമിനിയം അഡ്ജുവന്റുകൾ തലച്ചോറിനെ ബാധിക്കുന്ന ഈ രോഗത്തിന് കാരണമാകുന്നില്ലെന്നും പഠനം അടിവരയിടുന്നു. വാക്സിനുകളോടുള്ള ശരീരത്തിന്റെ ഇമ്മ്യൂൺ റെസ്പോൺസ് വർദ്ധിപ്പിക്കുന്നതിനായി അവയിൽ ചേർക്കുന്ന പ്രത്യേക ഘടകങ്ങളെയാണ് അഡ്ജുവന്റുകൾ എന്ന് വിളിക്കുന്നത്. 

പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ

അപസ്മാര സാധ്യതയില്ല: നാല് വയസ്സിൽ താഴെയുള്ള കുട്ടികളിൽ വാക്സിനേഷൻ എടുക്കുന്നതും അപസ്മാരവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനത്തിൽ തെളിഞ്ഞു.

അലുമിനിയം സുരക്ഷിതം: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വാക്സിനുകളിൽ ചേർക്കുന്ന അലുമിനിയം ലവണങ്ങൾ അപസ്മാര സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി.

യഥാർത്ഥ കാരണങ്ങൾ: അപസ്മാരത്തിന് പ്രധാനമായും കാരണമാകുന്നത് മാസം തികയാതെയുള്ള ജനനം, നേരത്തെയുള്ള ശാരീരിക അവസ്ഥകൾ അല്ലെങ്കിൽ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഒരു വയസ്സിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള 2,089 അപസ്മാരബാധിതരായ കുട്ടികളെയും 20,139 അപസ്മാരബാധിതരല്ലാത്ത കുട്ടികളെയുമാണ് പഠനത്തിനായി നിരീക്ഷിച്ചത്. പഠനവിധേയമാക്കിയവരിൽ ഭൂരിഭാഗവും (54 ശതമാനം) ആൺകുട്ടികളായിരുന്നു.

തെറ്റിദ്ധരിക്കപ്പെട്ട രോഗം

അപസ്മാരത്തോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗവും ഒരു പക്ഷേ ഭൂമുഖത്തുണ്ടാവില്ല. അതുകൊണ്ട് തന്നെ തെറ്റായ ചികിത്സയും അപസ്മാരത്തെ സംബന്ധിച്ച് വ്യാപകമാണ്. തലച്ചോറിലെ നാഡീവ്യൂഹത്തിനകത്ത് സംഭവിക്കുന്ന സ്വാഭാവികമായ തകരാറുകളാണ് അപസ്മാരത്തിലേക്ക് നയിക്കുന്നത്. ഈ അസ്വാഭാവികമായ തകരാറുകൾ മൂലം സൃഷ്ടിക്കപ്പെടുന്ന അസാധാരണമായ പെരുമാറ്റം, ചില സംവേദനങ്ങൾ, ബോധം നഷ്ടപ്പെടൽ, വിറയൽ മുതലായവയിലേക്ക് നയിക്കപ്പെടുന്നതാണ് പ്രത്യക്ഷ ലക്ഷണമായി കണക്കാക്കുന്നത്. സ്ത്രീപുരുഷ ഭേദമേതുമില്ലാതെ, ഏത് പ്രായപരിധിയിലുള്ളവരേയും ഏത് വംശീയപരമായ പശ്ചാത്തലത്തിലുള്ളവരെയും (ഭൂഖണ്ഡം, നിറം, മതം മുതലായവയെല്ലാം ഉൾപ്പെടെ) അപസ്മാരം ബാധിക്കാം. ലോകമെമ്പാടും അൻപത് ദശലക്ഷം പേർ അപസ്മാര ബാധിതരാണെന്നാണ് കണക്കുകൾ.

രോഗലക്ഷണങ്ങൾ

വിവിധങ്ങളായ ലക്ഷണങ്ങളാണ് അപസ്മാരത്തിന്റേതായി കാണപ്പെടുന്നത്. താത്‌ക്കാലികമായ ആശയക്കുഴപ്പം, പെട്ടെന്നുള്ള തുറിച്ചുനോട്ടം, കൈകാലുകളുടെ അനിയന്ത്രിതമായ ചലനം, ബോധം നഷ്ടപ്പെടൽ, ഭയം, ഉത്‌കണ്ഠ പോലുള്ള മാനസിക രോഗലക്ഷണങ്ങൾ മുതലായവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണങ്ങളായി പ്രകടമാക്കപ്പെടുന്നു. എപ്പോഴെങ്കിലും ഒരിക്കൽ ഈ ലക്ഷണങ്ങൾ കാണപ്പെട്ടു എന്നതുകൊണ്ട് ആ വ്യക്തി അപസ്മാര ബാധിതനാകണമെന്നില്ല. കാരണമില്ലാതെ രണ്ട് തവണയെങ്കിലും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിലാണ് പ്രധാനമായും അപസ്മാര നിർണയത്തിലേക്ക് കടക്കാറുള്ളത്. തലച്ചോറിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കൽ തരംഗങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏത് പ്രവർത്തനത്തെയും അപസ്മാരം സ്വാധീനിക്കും. പ്രഭവ കേന്ദ്രം ഒന്നായതിനാൽ രോഗലക്ഷണങ്ങൾ ഓരോ ഘട്ടത്തിലും ഒരേ പോലെയുള്ളവയായിരിക്കുന്നതും സ്വാഭാവികമാണ്.

ഒരു തവണ മാത്രം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടവരാണെങ്കിൽ പൊതുവെ ഡോക്ടറെ കാണേണ്ട ആവശ്യകതയില്ല. എന്നാൽ അപസ്മാരത്തിന്റെ ലക്ഷങ്ങൾ പ്രത്യേകിച്ച് കൈകാലുകളുടെ അനിയന്ത്രിത ചലനവും മറ്റും അഞ്ച് മിനിറ്റിൽ കൂടുതലായി നീണ്ടുനിന്നാലോ, ലക്ഷണങ്ങൾ അവസാനിച്ചിട്ടും ശ്വാസമോ ബോധമോ തിരിച്ച് വരാതെ നിന്നാലും, ഒരു തവണ വന്നശേഷം ഉടനടി തന്നെ വീണ്ടും ഇത് ആവർത്തിച്ചാലും, അപസ്മാരത്തിന്റെ ഭാഗമായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാലും എത്രയും പെട്ടെന്ന് അപസ്മാര ചികിത്സയിൽ വൈദഗ്ധ്യം നേടിയ ന്യൂറോളജിസ്റ്റിനെ കാണണം.

തെറ്റിദ്ധാരണകൾ

അപസ്മാരത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും, അജ്ഞതയും, കെട്ടുകഥകളുമൊക്കെയാണ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആധുനിക വൈദ്യശാസ്ത്രത്തിൽ അപസ്മാരം എന്ന രോഗാവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്ന നിരവധി ചികിത്സാ രീതികൾ ലഭ്യമാണ്. എന്നാൽ ഇതിനെക്കുറിച്ചു പോലും പലർക്കും ധാരണയില്ല.

ചികിത്സ

ഭൂരിഭാഗം അപസ്മാര രോഗികളെയും മരുന്നിലൂടെതന്നെ ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കും. രോഗിയെ വിശദമായി പരിശോധിക്കുകയും രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ കൃത്യമായി വിലയിരുത്തുകയും ചെയ്ത ശേഷം, അസുഖത്തിന്റെ വകഭേദം, രോഗിയുടെ ഭാരം, രോഗിക്കുള്ള മറ്റ് അസുഖങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയാണ് മരുന്നുകൾ തീരുമാനിക്കുന്നത്. ചില അപസ്മാര രോഗികൾക്ക് ജീവിത കാലം മുഴുവൻ മരുന്ന് ഉപയോഗിക്കേണ്ടതായി വരും, മറ്റ് ചിലരിലാകട്ടെ കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം മരുന്നുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാവുന്നതാണ്. കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകൾ കാലാന്തരത്തിൽ ക്രമേണ മറികടക്കാൻ സാധിക്കുന്നവയാണ്. മറ്റ് ചിലരിലാകട്ടെ ഒന്നിലധികം മരുന്നുകൾ ഉപയോഗിച്ചാലും മരുന്നിന്റെ ഡോസ് വർധിപ്പിച്ചാലും അപസ്മാരത്തെ നിയന്ത്രിക്കാൻ സാധിച്ചില്ലെന്ന് വരും. ഇത്തരക്കാരിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഇതര മാർഗങ്ങൾ ഫലപ്രദമാണ്.

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാകാത്തവർക്കാണ് ഇതര ചികിത്സാ രീതികൾ പ്രധാനമായും ആവശ്യമായി വരുന്നത്. ആ അവസ്ഥയിലുള്ളവരും അവരുടെ ബന്ധുക്കളുമൊക്കെ രോഗിയുടെ ഭാവി ജീവിതത്തെക്കുറിച്ചും അനുബന്ധമായ കാര്യങ്ങളെക്കുറിച്ചും സ്വാഭാവികമായും ഉത്‌കണ്ഠാകുലരായിരിക്കും. സാമൂഹിക ജീവിതത്തിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കുവാനുള്ള പ്രവണത ഇവരിൽ പൊതുവെ കാണപ്പെടുന്നതാണ് അതുകൊണ്ട് തന്നെ മികച്ച നിലവാരമുള്ള ജീവിത രീതിയും ഇവർക്ക് അന്യമായി തീരുന്നു.

ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികളിലൂടെ ഇത്തരത്തിലുള്ള അപസ്മാര രോഗബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുവാൻ സാധിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമായി അസ്വാഭാവികമായ വൈദ്യുത വികിരണങ്ങൾ പ്രത്യക്ഷപ്പെടുന്ന പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുവാൻ സാധിക്കും. ഈ പ്രഭവ കേന്ദ്രത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ നിർജ്ജീവമാക്കുകയോ ചെയ്താൽ അനായാസേന അപസ്മാര രോഗത്തിന്റെ ഭീഷണിയെ ഫലപ്രദമായി അതിജീവിക്കാൻ സാധിക്കും. വീഡിയോ ഇ.ഇ.ജി. റെക്കോർഡിങ്ങുകൾ, എപ്പിലെപ്സി പ്രോട്ടോക്കോൾ എം.ആർ.ഐ., പെറ്റ് സ്കാൻ, സ്റ്റീരിയോ ഇ.ഇ.ജി. മുതലായവ ഉപയോഗിച്ചാണ് പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുന്നത്.

ചില സന്ദർഭങ്ങളിൽ പ്രഭവ കേന്ദ്രം തലച്ചോറിനകത്തെ ചില മുഴകളോ മറ്റോ ആയിരിക്കും. ഇവയെ കൃത്യമായി തിരിച്ചറിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നത് വഴി ഇരട്ട നേട്ടങ്ങളാണ് ലഭ്യമാകുന്നത്. ട്യൂമർ ഫലപ്രദമായി നീക്കം ചെയ്യാമെന്നതും, ഏത് വിഭാഗത്തിൽ പെട്ട മുഴകളാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആവശ്യമാണെങ്കിൽ നേരത്തെ തന്നെ ആരംഭിക്കാമെന്നതുമാണ് ഇവ.

ചില സന്ദർഭങ്ങളിൽ അപസ്മാരത്തിന്റെ പ്രഭവ കേന്ദ്രം തിരിച്ചറിയാൻ സാധിക്കും; എന്നാൽ കൃത്യമായ ഒരു കേന്ദ്രത്തെ ചൂണ്ടിക്കാണിക്കാൻ സാധിക്കാതെ വരികയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ തലച്ചോറിന്റെ ഇതരഭാഗങ്ങളുമായി ഈ മേഖലയ്ക്കുള്ള ബന്ധം വിച്ഛേദിക്കുന്നതിലൂടെ അസുഖത്തെ അതിജീവിക്കുവാൻ സാധിക്കുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അപസ്മാര രോഗികളിൽ വലിയ ഒരു വിഭാഗത്തിനും ഇതിലൂടെ പൂർണമായുള്ള ശമനം ലഭ്യമാകുന്നു. ഇതിലൂടെ നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുവാനും സാധിക്കുന്നു. കുറച്ച് പേരിൽ അസുഖത്തിന്റെ തീവ്രതയും തുടർച്ചയായ ആവർത്തനങ്ങളും ഇല്ലാതാക്കാനും കഴിക്കുന്ന മരുന്നിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാനും ശസ്ത്രക്രിയ സഹായകരമാകുന്നു. ഇതിലൂടെ മേൽ പറഞ്ഞ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കും ജീവിത നിലവാരം കൂടുതൽ ഉയർത്തുവാൻ സാധിക്കുന്നു. ശസ്ത്രക്രിയ ഫലപ്രദമാകാത്ത ചിലരിൽ വേഗൽ നെർവ് സ്റ്റിമുലേഷൻ എന്ന ഉപാധിയും വിജയകരമായി മാറാറുണ്ട്.

അപസ്മാരം ചികിത്സയില്ലാത്ത രോഗമാണെന്നും, പൂർവ്വ ജന്മത്തിലെ പാപമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളെ അകറ്റി ഫലപ്രദമായ ചികിത്സയുള്ള ഏതൊരു അസുഖവും പോലുള്ള ഒന്ന് മാത്രമാണ് അപസ്മാരം എന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതാണ് അപസ്മാര ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരിയായ രോഗനിർണയം കൃത്യമായ സമയത്ത് നടത്തി, ഉചിതമായ ചികിത്സാരീതി സ്വീകരിച്ചാൽ അപസ്മാരത്തെ ഏർക്കും മറികടക്കാവുന്നതേ ഉള്ളൂ.