എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവർ നിരവധിയുണ്ട്. പലപ്പോഴും ഇവയുടെ അപകടവശങ്ങൾ തിരിച്ചറിയാത്തതാണ് പ്രധാന പ്രശ്നം. എനർജി ഡ്രിങ്കുകൾ ഹൃദ്രോഗങ്ങളുടെയും വൃക്കരോഗങ്ങളുടെയും സാധ്യത വർധിപ്പിക്കുന്നതിനേക്കുറിച്ച് വിശദമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതുമാത്രമല്ല ഉത്കണ്ഠാരോഗം, ഉറക്കക്കുറവ്, അമിത രക്തസമ്മർദം, കടുത്ത തലവേദന, ഗ്യാസ്ട്രിക് രോഗങ്ങൾ എന്നിവയ്ക്കും ഇവ കാരണമാകുന്നുണ്ടെന്നും കരുതലോടെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിലെ നോർത്ത് യോക്ഷെയറിൽ രജിസ്റ്റേർഡ് ഡയറ്റീഷ്യനായ അനബെൽ ഗിപ്പ്.
കഫീന്റെ അളവ് ഉയർന്ന തോതിൽ ഉള്ളതിനാൽ തന്നെ ഇവ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് അനബെൽ പറയുന്നു. കുട്ടികളിലും കൗമാരക്കാരിലും ഇവയുടെ വ്യാപകമായ ഉപയോഗമുണ്ട്. ഇത് രക്തസമ്മർദത്തിന്റെ തോത് കൂടാനും ഉറക്കം തടസ്സപ്പെടാനും കടുത്ത തലവേദനയ്ക്കും വയറിന് അസ്വസ്ഥകൾക്കും കാരണമാകുന്നുവെന്ന് അവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിയും അനുബന്ധ പെരുമാറ്റ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ടെന്നും അനബെൽ പറഞ്ഞു.
ഇവ കൂടാതെ ദീർഘകാല പ്രത്യാഘാതങ്ങളേക്കുറിച്ചും അനബെൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അസ്ഥിയുടെ വളർച്ച നിർണായകമായ പ്രായക്കാരാണ് കൗമാരപ്രായക്കാർ. കഫീന്റെ ഉപയോഗം കൂടുന്നത് ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എനർജി ഡ്രിങ്കുകൾ എങ്ങനെ വില്ലനാകുന്നു?
വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകളുള്ള രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും കൃത്രിമ വസ്തുക്കളും ധാരാളം അടങ്ങിയ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീനടങ്ങിയ പാനീയങ്ങളാണിവ. കുടിക്കുന്ന സമയത്ത് ഊർജവും ഉന്മേഷവും തോന്നുന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
എനർജി ഡ്രിങ്കുകളിൽ ഉയർന്നതോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂടും. ഇതുരണ്ടും ഹൃദയാരോഗ്യം വളരെപെട്ടെന്ന് മോശമാകും. ദിവസവും കുടിക്കുന്ന കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ കഫീനാണ് എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നത്. കഫീൻ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാൾ ഉയർന്ന അളവിലാണ് എനർജി ഡ്രിങ്കുകൾ മൂലമുള്ള രക്തസമ്മർദത്തിന്റെ തോത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ പുറത്തുവിട്ട ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
രക്തസമ്മർദത്തിനും ഹൃദ്രോഗപ്രശ്നങ്ങൾക്കും പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരമമാകുന്നുണ്ട്. അതിനുകാരണം എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസിന് വഴിവെക്കുകയും ചെയ്യും.
കൂടാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ്. എനർജി ഡ്രിങ്കുകളിൽ കലോറിയുടെ അളവ് കൂടുതലായതും പൊണ്ണത്തടിക്ക് കാരണമാകും. കൂടാതെ പല്ലിന് തേയ്മാനം വരാനുള്ള സാധ്യതയുമുണ്ട്.
മാനസികാരോഗ്യം മോശമാകുന്നതിലും എനർജി ഡ്രിങ്കുകൾക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും 250മില്ലിയിൽ കൂടുതല് എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാവുമെന്നും ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.
Content Highlights: Learn about the hidden dangers of energy drinks
Published: 12 May 2025, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented