പോഷകാഹാരങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, മിനറൽസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന മുട്ട പേശികൾ, മസ്തിഷ്കം, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇപ്പോഴിതാ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുന്നതിൽ മുട്ടയുടെ പങ്ക് വ്യക്തമാക്കുകയാണ് ഒരു പഠനം.
2024-ൽ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മുട്ടയുടെ ഉപഭോഗം അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. ആഴ്ചയിൽ ഒരു മുട്ട വീതം കഴിക്കുന്നത് അൽസ്ഹൈമേഴ്സ് സാധ്യത 47 ശതമാനമായി കുറയ്ക്കുമെന്നാണ് ആ പഠനത്തിലുണ്ടായിരുന്നത്. അത് സാധൂകരിക്കുന്നതാണ് കാലിഫോർണിയയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകരുടെ പുതിയ പഠനവും. കാലിഫോർണിയയിലെ ലോമാ ലിൻഡാ ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പതിവായി മിതമായ അളവിൽ മുട്ട കഴിക്കുന്നതിലൂടെ മസ്തിഷ്കത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വൈജ്ഞാനിക പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം പറയുന്നു.
അഡ്വെൻ്റിസ്റ്റ് ഹെൽത്ത് സ്റ്റഡി-2 (AHS-2) വഴി ലഭ്യമാക്കിയ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. തുടർന്നാണ് പഠനത്തിൽ വിശകലനം ചെയ്തവരുടെ ഭക്ഷണരീതികളും മസ്തിഷ്കാരോഗ്യവും പരിശോധിച്ചത്. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് തവണയെങ്കിലും മുട്ട കഴിച്ചവരിൽ അല്ലാത്തവരെ അപേക്ഷിച്ച് അൽസ്ഹൈമേഴ്സ് രോഗത്തിനുള്ള സാധ്യത 27% വരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.
മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് പ്രതിമാസം 1 മുതൽ 3 തവണ വരെ മുട്ട കഴിക്കുന്നവരിൽ അൽസ്ഹൈമേഴ്സ് രോഗസാധ്യത 17% കുറയുകയും ആഴ്ചയിൽ 2 മുതൽ 4 തവണ വരെ മുട്ട കഴിക്കുന്നത് അൽസ്ഹൈമേഴ്സ് സാധ്യത 20% കുറയ്ക്കുകയും ചെയ്തതായി പഠനത്തിൽ കണ്ടെത്തി.
മുട്ടകളിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പോഷകങ്ങൾ മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് സംരക്ഷണം നൽകുന്നുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. മുട്ടയിലടങ്ങിയിരിക്കുന്ന ഓർമശക്തി ഉൾക്കൊള്ളുന്ന ന്യൂറോട്രാൻസ്മിറ്റർ ആയ അസറ്റൈൽകോളിൻ ഉത്പാദിപ്പിക്കുന്നതിന് അത്യാവശ്യമായ കോളിൻ, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ലൂട്ടീൻ, നാഡീകോശങ്ങളുടെ ഘടനയ്ക്കും പ്രവർത്തനത്തിനും പ്രധാനമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാഡീ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ B12 തുടങ്ങിയവ മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകർ കരുതുന്നത്.
ആഹാരത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിനൊപ്പം അളവ് മിതപ്പെടുത്തേണ്ടതും പ്രധാനമാണെന്നും ഗവേഷകർ പറയുന്നുണ്ട്. സന്തുലിതമായ ഭക്ഷണത്തിൻ്റെ ഭാഗമായി മുട്ട ഉൾപ്പെടുത്തുന്നത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പച്ചക്കറികൾ, പഴവർഗങ്ങൾ, മുഴുധാന്യങ്ങൾ, പോഷകസമ്പൂർണമായ ആഹാരങ്ങൾ എന്നിവയ്ക്കൊപ്പം മുട്ടയും ഉൾപ്പെടുത്തുന്നതാണ് ഗുണകരം.
അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചില കാര്യങ്ങൾ
മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവി രോഗം ആണ് അൽസ്ഹൈമേഴ്‌സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.
നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.
അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന് പഠനവിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത് ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.
ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൽസ്ഹൈമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. പക്ഷേ, ഈ ചികിത്സകൾ ഒക്കെത്തന്നെ അൽസ്ഹൈമേഴ്‌സിന്റെ ലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അവ രോഗം ഭേദമാക്കുകയോ തടയുകയോ ചെയ്യുന്നില്ല.
Content Highlights: Consuming eggs at least five times a week is linked to a 27% reduction in Alzheimer's risk.
Published: 14 May 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented