മിക്ക രോഗങ്ങളുടെയും അതിജീവനസാധ്യത കൂട്ടുന്നതിലെ പ്രധാന ഘടകം എത്രനേരത്തേ രോഗം കണ്ടെത്തുന്നുവെന്നതാണ്. അർബുദമായാലും ഹൃദ്രോഗമായാലുമൊക്കെ എത്രനേരത്തേ കണ്ടെത്തുന്നു അത്ര നേരത്തേ ചികിത്സിച്ച് സുഖപ്പെടുത്തലും സാധ്യമാകും. അത്തരത്തിൽ രക്തപരിശോധന നടത്തി ഹൃദ്രോഗസാധ്യത നേരത്തേ കണ്ടെത്തിയെന്ന് പറയുകയാണ് ബോളിവുഡ് നടി സോഹ അലി ഖാൻ.
താൻ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധാലുവാണെന്നും ഇത്രത്തോളം കരുതലേകിയിട്ടും രക്തപരിശോധനയിൽ തനിക്ക് ഹൃദ്രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും സോഹ പറഞ്ഞു. ആരോഗ്യവതിയായിരിക്കുക എന്നതിൽ അത്രത്തോളം അഭിരമിച്ചിരിക്കുന്നയാളാണ് താൻ. രക്തപരിശോധനയിൽ എൽഡിഎൽ കൊളസ്ട്രോൾ കുറവും എച്ച്ഡിഎൽ കൊളസ്ട്രോൾ കൂടുതലുമാണ്. എൽഡിഎൽ ചീത്ത കൊളസ്ട്രോളും എച്ച്ഡിഎൽ നല്ല കൊളസ്ട്രോളുമാണ്. ഈ നില തൃപ്തികരമാണെങ്കിലും തന്റെ ജീൻ ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് സോഹ പറയുന്നു.
അതുകൊണ്ട് സാധാരണ നിലയേക്കാൾ കുറവിലേക്ക് തന്റെ കൊളസ്ട്രോൾ കൊണ്ടുവരണം. എപ്പോഴും ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുന്നയാളാണ് താനെന്നും സോഹ പറയുന്നു. ഏത് പരിശോധനയാണ് താൻ നടത്തിയതെന്ന് സോഹ വ്യക്തമാക്കിയിട്ടില്ല.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: Heart Disease Risks: What Soha Ali Khan’s Health Scare Teaches Us
Published: 28 Apr 2026, 09:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented