ഒരുദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഊർജസ്വലമായ ഒരു ദിനം ആംരഭിക്കുന്നതിൽ പ്രാതലിന്റെ പങ്കുവലുതാണ്. പക്ഷേ ഇതൊക്കെ അറിയാമെങ്കിലും പ്രാതലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യുന്നവർ ഏറെയാണ്. തിരക്കിട്ട ഓട്ടത്തിനിടയിൽ പ്രാതൽ പേരിനുകഴിച്ചെന്നു വരുത്തുന്നവരും സമയം വൈകിക്കഴിക്കുന്നവരുമൊക്കെ ഏറെയാണ്. എന്നാൽ പ്രാതൽ കഴിക്കുന്നത് എത്രത്തോളം വൈകിക്കുന്നോ അത്രത്തോളം ഹൃദയാരോഗ്യവും മോശമാകുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.
ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല മറിച്ച് എപ്പോഴൊക്കെയാണ് കഴിക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണെന്നു പറയുകയാണ് ഗവേഷകർ. ഭക്ഷണം കഴിക്കുന്നതിന്റെ സമയത്തിന് ഉറക്കത്തേയും ഉണർന്നിരിക്കലിനേയും സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നും അതുവഴി ആരോഗ്യത്തെയാകെ ബാധിക്കുമെന്നും ഗവേഷകർ പറയുന്നു.
ദിവസത്തിൽ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ കലോറി എരിയുന്നതിന്റെ വേഗം കുറവാണെന്നും കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണെന്നും നേരത്തേ നടത്തിയ ചില പഠനങ്ങളിൽ പുറത്തുവന്നിരുന്നു. ന്യൂട്രിനെറ്റ് സാന്റെ സ്റ്റഡി എന്ന പേരിൽ പുറത്തിറക്കിയ പഠനത്തെ ആസ്പദമാക്കിയാണ് യൂറോപ്പിലെ ഒരുകൂട്ടം ഗവേഷകർ വിലയിരുത്തൽ നടത്തിയത്. ഫ്രാൻസിലെ 175,000 പേരുടെ പോഷകാഹാരനിലയും ആരോഗ്യവും വിലയിരുത്തി 2009-ലാണ് പ്രസ്തുത പഠനം നടത്തിയത്. തുടർന്ന് നടത്തിയ ഗവേഷണത്തിലാണ് പ്രാതൽ വൈകിക്കുന്നവരിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.
ഒരു വ്യക്തി പ്രാതൽ കഴിക്കുന്നത് ഏഴുമണിക്കും മറ്റൊരാൾ രാവിലെ പത്തുമണിക്കുമാണെങ്കിൽ രണ്ടാമത്തെ വ്യക്തിക്ക് ഹൃദ്രോഗസാധ്യത പതിനെട്ടുശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. സമാനമായി അത്താഴം കഴിക്കുന്നത് വൈകിക്കുന്നവരിൽ ഇതേസാഹചര്യമാണ്. രാത്രി ഒമ്പതുമണിക്കുശേഷം ആ ദിവസത്തെ അവസാനഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്രോഗസാധ്യതയും പക്ഷാഘാതസാധ്യതയും 28ശതമാനം കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കി.
നിരീക്ഷണങ്ങൾ ഏകോപിപ്പിച്ച് നേച്വർ കമ്മ്യൂണിക്കേഷൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹൃദ്രോഗപ്രതിരോധം മുൻനിർത്തി, ഭക്ഷണത്തിന്റെ പോഷകനിലവാരത്തിനൊപ്പം തന്നെ കഴിക്കുന്ന സമയത്തിലും കരുതൽ നൽകുന്ന കാര്യം വിദഗ്ധർ ആലോചിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. അതേസമയം വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നുണ്ട്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഡയറ്റിൽ വരുത്തേണ്ട ചിലമാറ്റങ്ങൾ
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്ലേവനോയ്ഡുകൾ, ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്സിഡൻുകൾ എന്നിവ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. പൈനാപ്പിൾ, മാങ്ങ, മുന്തിരി, ആപ്പിൾ, പപ്പായ തുടങ്ങിയ പഴങ്ങൾ നല്ലതാണ്. പച്ചക്കറികളിലുള്ള കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. പ്രതിദിനം ഏകദേശം 750 ഗ്രാം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- മുഴുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നു. ഗോതമ്പ്, അരി, ഓട്ട്സ്, റാഗി തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. മുളപ്പിച്ച പയർ, കടല, ഉഴുന്ന് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- മത്സ്യം ഉത്തമ ഹൃദയസൗഹൃദ വിഭവമാണ്. കടൽമത്സ്യങ്ങളിൽ ധാരാളമടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ എച്ച്.ഡി.എൽ. കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും. അപകടകാരിയായ ടൈഗ്ലിസറൈഡിന്റെ അളവ് കുറച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 200 ഗ്രാം മത്സ്യമെങ്കിലും കഴിക്കണം. വറുത്തുപൊരിച്ച് കഴിക്കാതെ കറിവെച്ച് കഴിക്കണം.
- ചോറിന്റെ അളവ് കുറയ്ക്കണം. ചോറിന്റെയും പഞ്ചസാരയുടെയും അളവ് കൂടുന്നത് കൊളസ്ട്രോൾ വർധിക്കാൻ കാരണമാകും. ഉച്ചയൂണിൽ ചോറിന്റെ അളവ് കുറച്ച് പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തണം. പ്ലേറ്റിന്റെ നാലിലൊരു ഭാഗം മാത്രം മതി ചോറ്. പച്ചക്കറികളും എന്തെങ്കിലും പഴങ്ങളുമാകട്ടെ പ്ലേറ്റിന്റെ പകുതിഭാഗം. ബാക്കി നാലിലൊരുഭാഗം പ്രോട്ടീൻ സമൃദ്ധമായ മത്സ്യം, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. ചുവന്ന മാംസം ഒഴിവാക്കണം.
- ദാഹമകറ്റാൻ കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന അമിത ഷുഗറും കാലറിയും അമിതവണ്ണത്തിനും ചൈപ്പ് 2 പ്രമേഹത്തിനും കാരണമാകാം. പകരം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴച്ചാറുകൾ, കരിക്കിൻവെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവ ശീലമാക്കുക.
- പ്രഭാതഭക്ഷണം സമൃദ്ധമായി കഴിക്കുക. ഉച്ചഭക്ഷണവും ബ്രേക്ഫാസ്റ്റും ചേർത്ത് കഴിക്കുന്ന ബ്രഞ്ച് വേണ്ട. ബ്രേക് ഫാസ്റ്റിൽ എന്തെങ്കിലും പഴങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
- അത്താഴം ഹെവിയാകരുത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ലഘുവായ അത്താഴം കഴിക്കണം. അത്താഴം കഴിഞ്ഞയുടനെ കിടക്കുന്നത് വയറ്റിൽ കൊഴുപ്പടിഞ്ഞുകൂടാനും അമിതവണ്ണത്തിനും കാരണമാകും. രാത്രിഭക്ഷണം അധികം എണ്ണയും മധുരവും കൊഴുപ്പുമുള്ളതാകരുത്. അത്താഴം കഴിഞ്ഞ് അൽപനേരം നടക്കുന്നതും നല്ലതാണ്.
- ഇടനേരങ്ങളിൽ എണ്ണപ്പലഹാരങ്ങളും വറപൊരിസാധനങ്ങളും കഴിക്കുന്ന ശീലം നിയന്ത്രിക്കണം. പകരം പഴങ്ങളും വെജിറ്റബിൾ സാൻവിച്ചും ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളുമാകാം.
- രാത്രി ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്ന ശീലവും വേണ്ട.
- ഈറ്റിങ്ഔട്ട് മാസത്തിൽ രണ്ടോ മൂന്നോ മതി. ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുമ്പോൾ എണ്ണയിൽ പൊരിച്ചവ, റെഡ് മീറ്റ്, മൈദ വിഭവങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം വീട്ടിലുണ്ടാക്കി കഴിക്കുക.
Content Highlights: Earlier meal times linked to lower risk of cardiovascular disease
Published: 16 Dec 2023, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented