ഡോ.മുരളി പി. വെട്ടത്ത്, ഇന്ത്യൻനിർമിത സ്റ്റെബിലൈസർ ഉപയോഗിച്ച് ഹൃദയശസ്ത്രക്രിയ ചെയ്യുന്നു
കോഴിക്കോട്: ഹൃദയശസ്ത്രക്രിയാരംഗത്ത് ഉപയോഗിക്കുന്ന ഇന്ത്യൻനിർമിത സ്റ്റെബിലൈസറിന് പേറ്റന്റ്. മലയാളിയായ ഹൃദയശസ്ത്രക്രിയാവിദഗ്ധൻ ഡോ.മുരളി പി. വെട്ടത്തിനാണ് മെഡിക്കൽ ഉപകരണം വികസിപ്പിച്ചതിന് പേറ്റന്റ് ലഭിച്ചത്. ഹൃദയശസ്ത്രക്രിയയുടെ ചെലവുകുറയ്ക്കാൻ തദ്ദേശീയ സ്റ്റെബിലൈസർ സഹായകരമാവും.
ഹൃദയത്തിന്റെ പ്രവർത്തനം നിർത്താതെ ചെയ്യുന്ന ശസ്ത്രക്രിയകളിലാണ് (ബീറ്റിങ്ഹാർട്ട് സർജറി) സ്റ്റെബിലൈസർ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ പുറംഭാഗത്തുള്ള കൊറോണറി രക്തധമനികളിലെ ശസ്ത്രക്രിയകൾ ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്ന ഹാർട്ട്ലങ് മെഷിൻ (എച്ച്.എം.എൽ.) ഉപയോഗിക്കാതെ വിദഗ്ധർക്ക് ചെയ്യാൻകഴിയും. ഇതിനായി ധമനികളുടെ മിടിപ്പ് നിർത്തിവെക്കാനാണ് സ്റ്റെബിലൈസർ ഉപയോഗിക്കുന്നത്.
വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന സ്റ്റെബിലൈസറുകളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. എൺപതിനായിരത്തോളംരൂപ വിലവരുന്നതാണ് ഇവ. വിദേശങ്ങളിൽ ഇവ പുനരുപയോഗിക്കാറില്ല. ഇന്ത്യയിൽ ഇവ അണുവിമുക്തമാക്കി ഇരുപതുതവണവരെ ഉപയോഗിക്കാറുണ്ട്.
എത്രതവണ വേണമെങ്കിലും പുനരുപയോഗിക്കാൻ കഴിയുമെന്നതാണ് തദ്ദേശീയ സ്റ്റെബിലൈസറിന്റെ സവിശേഷത. ഇതിനകം ആയിരത്തോളം ശസ്ത്രക്രിയകളിൽ ഉപകരണം ഉപയോഗിച്ചതായി ഡോ.മുരളി വെട്ടത്ത് പറഞ്ഞു. 2015-മുതൽ നിർമിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും ഏഴുവർഷത്തിനുശേഷമാണ് പേറ്റന്റ് ലഭിക്കുന്നത്.
മെഡിക്കൽകോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഉപയോഗപ്പെടുത്തിയാൽ ചികിത്സച്ചെലവ് നല്ലതോതിൽ കുറയ്ക്കാനാവും. സ്റ്റെബിലൈസർ ഉപയോഗിക്കാൻ സർജൻമാർക്ക് പരിശീലനവും നൽകേണ്ടതുണ്ട്. പേറ്റന്റ് ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തിൽ സ്റ്റെബിലൈസർ നിർമിക്കാൻ വഴിയൊരുങ്ങിയെന്ന് ഡോ.മുരളി വ്യക്തമാക്കി.
Content Highlights: dr murali vettath secured patent for his invention of Indian made stabilizer for open heart surgery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..