കുറ്റ്യാടി: മരുന്നിനും ചികിത്സയ്ക്കും മാത്രമല്ല, ഡോക്ടർമാരുടെ ഹൃദ്യമായ ചിരിക്കും സാമീപ്യത്തിനുംവരെ രോഗിയിൽ സന്തോഷം നിറയ്ക്കാൻ കഴിയും. പെട്ടെന്ന് അസുഖംമാറ്റാൻ സഹായിക്കും. അപ്പോൾ ഡോക്ടർ പാട്ടുംപാടി ചികിത്സിച്ചാലോ. കുറ്റ്യാടി ഗവ. ആശുപത്രി വാർഡിലെ അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. 

To advertise here,

കുറ്റ്യാടി കൈവേലി സ്വദേശിനിയായ അനഘയ്ക്ക് കണ്ണുകാണില്ല, നന്നായി പാട്ടുപാടും. നെഞ്ചിലെ അണുബാധയുമായാണ് അനഘ ആശുപത്രിയിൽ ഡോ. സന്ദീപിനെ കാണാനെത്തിയത്. ശ്വാസംമുട്ടൽ കാരണം പാടാൻ കഴിയുന്നില്ലെന്നതായിരുന്നു അനഘയുടെ വലിയ സങ്കടം. “അസുഖം ഭേദമായി ഒരു പാട്ടൊക്കെ പാടിയിട്ടുവേണം വീട്ടിലേക്ക് പോകാൻ”-ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് നിർദേശിച്ചതിനൊപ്പം ഡോക്ടർ അനഘയോട് പറഞ്ഞു.

അങ്ങനെ ഞായറാഴ്ച രാവിലെ വാർഡിൽ റൗണ്ട്‌സിന് എത്തിയപ്പോൾ ഡോ. സന്ദീപ് അനഘയോട് ചോദിച്ചു. ‘‘അസുഖമൊക്കെ ഭേദമായില്ലേ? ഇപ്പോൾ പാടാൻ കഴിയുന്നില്ലേ... ഒന്ന് പാടി നോക്കൂ’’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. “മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും, തുള്ളും കുഞ്ഞാടിൻകൂട്ടവും പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും...”-ആശുപത്രിക്കിടക്കയിലിരുന്ന് അനഘ പാടി. ഒപ്പം ചേർന്ന് ഡോക്ടറും പാടി.

അതോടെ ആശുപത്രി വാർഡിൽ സ്നേഹസംഗീതത്തിന്റെ മാധുര്യമൊഴുകി. തടസ്സമില്ലാതെ പാടിത്തീർക്കാനായപ്പോൾ അനഘയ്ക്ക് ഏറെ സന്തോഷം... വാർഡിലുള്ളവരും ഡോക്ടറുമെല്ലാം ആ ചിരിക്കൊപ്പം ചേർന്നു. ഡോക്ടറും അനഘയും പാടിയപ്പോൾ സമീപത്തുള്ളവർ ദൃശ്യം പകർത്തിയിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിൽ സ്നേഹത്തിന്റെ ആശുപത്രിസംഗീതം എന്ന പേരിൽ വൈറലാണിപ്പോൾ.