ശരീരഭാരം കുറയ്ക്കുകയെന്നത് ഒരാളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. പലരും പലവിധ രീതികളാണ് ഭാരം കുറയ്ക്കുന്നതിനായി അവലംബിക്കാറുള്ളത്. ചിലർ കർശനമായ ഭക്ഷണക്രമം പിന്തുടരും. മറ്റുചിലരാകട്ടെ കഠിനമായ വ്യായാമവും. എന്നാൽ, സുസ്ഥിരമായി ശരീരഭാരം കുറയ്ക്കണമെങ്കിൽ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. ഹോർമോണുകൾ, പോഷക നില, ഉപാപചയ പ്രവർത്തനം എന്നീ കാര്യങ്ങൾ ആരോഗ്യകരമല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമായി മാറിയേക്കാം. ഇപ്പോഴിതാ, മൂന്ന് മാസം കൊണ്ട് 12 കിലോ ശരീരഭാരം കുറച്ച ഒരു ഡോക്ടറാണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. പ്രോട്ടീൻ ഷെയ്ക്കുകളോ വ്യായാമമോ കലോറി കാൽക്കുലേഷനോ ഇല്ലാതെ താൻ ശരീരഭാരം കുറച്ചതായും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം പറയുന്നു.
നിർണായകം രക്തപരിശോധന
ഉറക്കക്കുറവ് അനുഭവപ്പെടുകയും ഭക്ഷത്തോടുള്ള ആസക്തി കൂടുകയും ചെയ്തതോടെയാണ് ഡോക്ടർ ഗാൻല രക്തപരിശോധന നടത്താൻ തീരുമാനിക്കുന്നത്. ഇതിൽനിന്ന്, തന്റെ ഫാസ്റ്റിങ്ങ് ഇൻസുലിൻ വളരെ ഉയർന്നതായിരുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. വൈറ്റമിൻ ബി12, വിറ്റാമിൻ ഡി3 എന്നിവയുടെ അളവ് വളരെ കുറവുമായിരുന്നു.
ഇതോടെ, ആദ്യപടി ഡയറ്റിങ്ങല്ലെന്നും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിനായി സപ്ലിമെൻ്റുകളും സ്മൂത്തികളും സാലഡുകളും കഴിക്കാൻ ആരംഭിച്ചു. ശരീരത്തിലെ പോഷകങ്ങൾ കൃത്യമാക്കിയതിന് ശേഷമാണ് അദ്ദേഹം അടുത്ത ഘട്ടത്തിലേക്ക് കടന്നത്.
ജങ്ക് ഫുഡിനോട് നോ
പോഷകനില മെച്ചപ്പെട്ടതോടെ ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ ഒഴിവാക്കാൻ ശ്രമിച്ചു. പുറത്തുനിന്നുള്ള ഭക്ഷണങ്ങളും കുറച്ചു. ഒരു മാസം കൊണ്ട് ജങ്ക് ഫുഡിനോടുള്ള താത്പര്യം ക്രമേണ ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു. ആറ് ആഴ്ചയായതോടെ ഈ ഭക്ഷണങ്ങൾ പൂർണമായും നിർത്തി. ഒറ്റയടിക്ക് നിർത്തുകയോ കലോറി കാൽക്കുലേറ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. പകരം, നാവിൻ്റെ രുചി മാറ്റിയെടുക്കുകയായിരുന്നു.
കാർബോഹൈഡ്രേറ്റ് കുറച്ചു
ജങ്ക് ഫുഡിന് ശേഷം പതുക്കെ അദ്ദേഹം കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ ശ്രദ്ധിച്ചു. മുമ്പ് മൂന്ന് നേരത്തെ ഭക്ഷണത്തിലും കാർബോഹൈഡ്രേറ്റ് കഴിച്ചിരുന്ന അദ്ദേഹം കാർബ്സ് കഴിക്കുന്നത് ഒരുനേരമാക്കി കുറച്ചു. രാത്രി കാർബ്സ് ഒഴിവാക്കിയാൽ എഴുന്നേൽക്കുമ്പോൾ വിശക്കുമെന്ന് ചൂണ്ടിക്കാട്ടി രാത്രിയായിരുന്നു ഡോക്ടർ കാർബോഹൈഡ്രേറ്റ് കഴിച്ചത്.
പ്രോട്ടീൻ സമ്പുഷ്ടമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണം. ചോറോ ചപ്പാത്തിയോ ഇല്ലാതെ പരിപ്പ്, ഒരു സബ്ജി, സാലഡ് എന്നിവയായിരുന്നു ഉച്ചഭക്ഷണം. ഇതിനെയാണ് അദ്ദേഹം 23:1 പ്രിൻസിപ്പിൾ എന്ന് വിശേഷിപ്പിച്ചത്. അതായത്, ദിവസത്തിൽ 23 മണിക്കൂറും ശരീരം കൊഴുപ്പിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ബാക്കി ഒരു മണിക്കൂർ ഊർജ്ജം സംഭരിക്കുന്നതിനായി കാർബോഹൈഡ്രേറ്റ് കഴിക്കുന്നു.
80 കിലോ ആയതോടെ ഡോക്ടറുടെ ശരീരഭാരം പിന്നീട് കുറയാതെയായി. ഈ സമയത്താണ് അദ്ദേഹം ഉപവാസം സ്വീകരിക്കുന്നത്. ഇതോടെ, ശരീരഭാരം 78-ലേക്കും പിന്നീട് 76-ലേക്കും എത്തി.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover how a doctor lost 12kg in 3 months without strict diets or intense workouts. Learn his secrets to sustainable weight loss through nutrient balancing and lifestyle changes. Click to find out!
Published: 29 Nov 2025, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented