കരളിൽ അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ളയാണ് ഹിന്ദി ടിവി താരം ദീപിക കക്കർ. യൂട്യൂബ് വ്ലോഗിലൂടെയാണ് ദീപിക തന്റെ അതിജീവന കഥ പങ്കുവെക്കാറുള്ളത്. നിലവിൽ മെഡിക്കൽ റിപ്പോർട്ടുകൾ നോർമൽ ആണെങ്കിലും ഉത്കണ്ഠയും ആശങ്കയും തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് പറയുകയാണ് ദീപിക.
ഭർത്താവ് ഷുഐബ് ഇബ്രാഹിമിനൊപ്പമുള്ള വീഡിയോക്കിടെയാണ് ദീപിക ഇതേക്കുറിച്ച് പങ്കുവെച്ചത്. തനിക്ക് സന്തോഷവും പ്രതീക്ഷയും തോന്നുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാം ശരിയായെന്ന് തോന്നുന്ന ദിവസങ്ങളും ഉണ്ടാവാറുണ്ട്. പക്ഷേ ചിലപ്പോൾ അതിന് വിപരീതമായി അമിതമായ വൈകാരികാവസ്ഥയിലൂടെയും കടന്നുപോകാറുണ്ട്. നിലവിൽ റിപ്പോർട്ടുകളെല്ലാം നോർമലും കാര്യങ്ങൾ ശരിയായ ദിശയിലുമാണ് പോവുന്നത്. പക്ഷേ ഇപ്പോഴും എല്ലാം ശരിയാണെന്ന തോന്നൽ ഉള്ളപ്പോഴും പേടി തന്നെ വിടാതെ പിന്തുടരാറുണ്ടെന്നും ഉത്കണ്ഠയാണ് അതിനുപിന്നിലെന്ന് മനസ്സിലായെന്നും ദീപിക പറയുന്നു.
ദിവസവും താൻ കടന്നുപോകുന്ന ശാരീരിക വെല്ലുവിളികളേക്കുറിച്ചും ദീപിക പറയുന്നുണ്ട്. തൈറോയ്ഡ് വ്യതിയാനങ്ങൾ, ഹോർമോണൽ അസന്തുലിതാവസ്ഥ തുടങ്ങിയവയെല്ലാം ചർമത്തെയും മൊത്തം ആരോഗ്യത്തെയും ബാധിക്കുന്നും ദീപിക വ്യക്തമാക്കി.
എല്ലാ ദിവസവും ഞാൻ പുതിയ എന്തിലേക്കെങ്കിലും എഴുന്നേൽക്കുന്നുവെന്നതാണ് സത്യം. ചിലസമയത്ത് തൈറോയ്ഡ് നിലയിൽ വ്യതിയാനമുണ്ടാകും. ഹോർമോണൽ അസന്തുലിതാവസ്ഥ ശരീരത്തെ അപ്രതീക്ഷിതമായ രീതിയിൽ ബാധിക്കും. ചർമം വളരെയധികം വരണ്ടതായി മാറി. ചെവിയിലും കഴുത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. - ദീപിക പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ഭയമില്ലാതെ മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ദീപിക പറയുന്നുണ്ട്. ഇതൊന്നുമല്ല, മുന്നോട്ട് ഇനിയും പോവണമെന്ന് സ്വയം ഓർമിപ്പിക്കണം. എപ്പോഴും പറയാറുള്ളതുപോലെ, ഭയത്തോടൊപ്പമിരുന്ന് അത് നിങ്ങളെ ഇല്ലാതാക്കുക, അല്ലെങ്കിൽ ഭയത്തെ മറികടന്ന് മുന്നാട്ടുപോവുക എന്ന രണ്ട് വഴികൾ നമുക്ക് മുന്നിലുണ്ടാവും. ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള ഏക വഴിയെന്നത് മുന്നോട്ടു പോവുക എന്നതു മാത്രമാണ്. അതുകൊണ്ട് വിട്ടുകൊടുക്കരുത്- ദീപിക പറയുന്നു.
2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. തന്റെ ശരീരത്തിൽ നിന്ന് ഏകദേശം 11 സെൻ്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തതായി ദീപിക പറഞ്ഞിട്ടുണ്ട്. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ "ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള" ഒരു ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക അറിയിച്ചത്.
കരളിലെ കാൻസർ
കരളിൽ കാണപ്പെടുന്ന സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ അഥവാ ലിവർ കാൻസർ-എച്ച്സിസി. ലോകത്ത് സംഭവിക്കുന്ന കാൻസർ മരണങ്ങളിൽ മൂന്നാമതാണ് കരളിലെ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനത്താലോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾ രോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാർ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. വയറിന്റെ മുകൾ ഭാഗത്ത് വേദന, വയറിൽ വീക്കം, ഛർദിയും ഓക്കാനവും, മഞ്ഞപ്പിത്തം, വെള്ളനിറത്തിലുള്ള മലം, ഭാരം കുറയൽ തുടങ്ങിയവ പ്രധാനലക്ഷണണങ്ങളാണ്.
ബി ഹെപ്പറ്റൈറ്റിസ് ബി നിരന്തരം പരിശോധിക്കുക, ലിവർ കാൻസറിലേക്ക് നയിക്കുന്ന രോഗങ്ങളെ കൃത്യസമയത്ത് ചികിത്സിക്കുക, മദ്യപാനം, പുകവലി തുടങ്ങിയവ പരിമിതപ്പെടുത്തുക, കാൻസറിലേക്ക് നയിക്കുന്ന കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുക, ശരീരഭാരം ആരാേഗ്യകരമായി നിലനിർത്തുക, കൊളസ്ട്രോൾ നിലയും പ്രമേഹവും നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കരളിലെ കാൻസറിനെ പ്രതിരോധിക്കാനാവും.
Content Highlights: TV star Dipika Kakar opens up about her Stage 2 liver cancer diagnosis and treatment
Published: 21 Nov 2025, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented