ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദീപിക കക്കർ. മാസങ്ങൾക്ക് മുമ്പാണ് ദീപികയ്ക്ക് കരളിൽ ട്യൂമർ കണ്ടെത്തിയതായി ഭർത്താവ് ഷൊയ്ബ് ഇബ്രാഹിം അറിയിക്കുന്നത്. ഇപ്പോഴിതാ, തന്റെ ആരോഗ്യവിവരം നേരിട്ട് പങ്കുവെയ്ക്കുകയാണ് ദീപിക കക്കർ. നവംബറിൽ സ്കാനിങ്ങിന് വിധേയയാകേണ്ടതുണ്ട്. തന്റെ ശരീരത്തിൽ നിന്ന് ഏകദേശം 11 സെൻ്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തതായും ഒരു പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ദീപിക വ്യക്തമാക്കി.

To advertise here,

തന്റെ ശരീരത്തിൽ നിന്ന് ഏകദേശം 11 സെൻ്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തെന്നും ഇത് കരളിൻ്റെ 22 ശതമാനത്തോളം വരുമെന്നും ദീപിക പറഞ്ഞു. ‘നവംബറിൽ FAPI സ്കാനിന് വിധേയമാകും. സിടി സ്കാനിന് സമാനമാണ് ഫാപ്പി സ്കാൻ. എന്നാൽ, ശരീരത്തിലെ കാൻസർ കോശങ്ങളെ കണ്ടെത്താനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കാൻസർ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ ഇത് ഡോക്ടർമാരെ സഹായിക്കുന്നു’, അവർ പറഞ്ഞു.

‘കാൻസർ മറ്റ് അവയവങ്ങളിലേക്ക് പടർന്നിരുന്നില്ല. അതിനാൽ, കാൻസർ ബാധിച്ച കരളിൻ്റെ ഭാഗം മുറിച്ചുമാറ്റുകയായിരുന്നു. തൻ്റെ ആരോഗ്യകരമായ ജീവിതശൈലി കണക്കിലെടുക്കുമ്പോൾ എങ്ങിനെയാണ് എനിക്ക് കാൻസർ വന്നത് എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ഒരു ഉത്തരവുമില്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്’, ദീപിക കൂട്ടിച്ചേർത്തു.

2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. 'സസുരാൽ സിമർ കാ' എന്ന പരമ്പരയിലെ വേഷത്തിലൂടെ ശ്രദ്ധേയയായ ഈ ടെലിവിഷൻ താരം, ഹൃദയഭേദകമായ ഈ വാർത്ത ഒരു വികാരനിർഭരമായ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ "ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള" ഒരു ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക അറിയിച്ചത്.