ടൈപ് 1 ടൈപ് 2 ഡയബറ്റിസ് രോഗികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത കൂടുതലെന്ന് പഠനം. അമ്പതുവയസ്സിൽ താഴെ പ്രായമുള്ള പ്രമേഹരോഗികളിൽ അപകടസാധ്യത കൂടുതലാണെന്നും കരുതൽ വേണമെന്നും പഠനം പറയുന്നു. യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
2010-ൽ ഡെന്മാർക്കിൽ നിന്നുള്ള 54,028 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത് ഇവരിൽ 6862 പേരുടേത് പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങളായിരുന്നു. ടൈപ് 1 ഡയബറ്റിസ് ഉള്ളവരിൽ പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത 3.7 മടങ്ങും ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 6.5 മടങ്ങും കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
അമ്പതുവയസ്സിന് താഴെ പ്രായമുള്ള പ്രമേഹരോഗികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത ഏഴുമടങ്ങ് കൂടുതലാണെന്നും ഇക്കൂട്ടരിൽ ടൈപ് 1 ഡയബറ്റിസ് ഉള്ളവരുടെ ആയുർദൈർഘ്യം 14.2 വർഷമായും ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 7.9 വർഷമായും കുറയുമെന്ന് ഗവേഷകർ പറയുന്നു.
പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത പ്രായംകൂടുന്നതിന് അനുസരിച്ച് കൂടുമെങ്കിലും ചെറുപ്പക്കാരിൽ പ്രമേഹരോഗത്തിനും ബന്ധമുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. പ്രമേഹരോഗികളിൽ ഇഷെമിക് ഹാർട്ട് ഡിസീസിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നുണ്ട്. കൂടാതെ പ്രമേഹരോഗികളിലുണ്ടാകുന്ന ഹൈപോഗ്ലൈസീമിയ( ഇൻസുലിൻ വളരെയധികം കുറയുന്ന അവസ്ഥ) എന്ന അവസ്ഥയും കാർഡിയാക് ഓട്ടോണമിക് ന്യൂറോപ്പതിയുമൊക്കെ ഹൃദയമിടിപ്പിൽ മാറ്റംവരുത്തുകയും പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
അതേസമയം 2010-ലെ മരണങ്ങളെ ആസ്പദമാക്കിയുള്ള പഠനമാണ് ഇതെന്നത് പ്രധാന ന്യൂനതയാണെന്ന് വിമർശനവുമുണ്ട്. എങ്കിലും മുൻകാലപഠനങ്ങളിൽ പറയുന്നതുപ്രകാരം മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹരോഗികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾ കൂടുതലാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലീ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ, ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടുതുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ, ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കലായ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗസൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചെരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: Study reveals increased risk of sudden cardiac arrest in Type 1 & Type 2 diabetes patients, especially under 50.
Published: 07 Dec 2025, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented