അൽസ്ഹൈമേഴ്സ് രോഗത്തോടുള്ള പോരാട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ നടനും ആക്റ്റിവിസ്റ്റുമായ ഡാനി ഗ്ലോവർ. മൂന്നു വർഷം മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പീപ്പിൾ മാഗസിനോട് പറഞ്ഞു.
അച്ഛന് മറവിരോഗമാണെന്ന് മനസ്സിലാക്കാനിടയാക്കിയ സന്ദർഭങ്ങളേക്കുറിച്ച് മകൾ മാൻഡിസ ഗ്ലോവറും പങ്കുവെച്ചു. പണ്ടത്തെ ഓരോ കാര്യങ്ങളും ഓർത്തെടുത്ത് പറയുന്നയാളാണ് അച്ഛൻ. ഓരോരുത്തരോടും സംസാരിച്ചതും അപ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറംവരെ ഓർത്തുപറയും. എന്നാൽ, ആ ഓർമശക്തി പതിയേ കുറഞ്ഞുവരുന്നതായി തോന്നിത്തുടങ്ങി. മാതാപിതാക്കളേക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. പലപ്പോഴും അതിലെ പലഭാഗങ്ങളും മറന്നുപോകുന്നതായി ശ്രദ്ധിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ മനസ്സിലായിരുന്നില്ലെന്നും ക്രമേണയാണ് അച്ഛന് മറവിരോഗമാണെന്ന് തിരിച്ചറിഞ്ഞതെന്നും മാൻഡിസ പറഞ്ഞു.
ജൂലൈയിൽ എൺപത് വയസ്സ് തികയുന്ന ഡാനി ഗ്ലോവർ ഹോളിവുഡ് സിനിമാലോകത്തെ ആദരണീയനായ അഭിനേതാവും ആക്റ്റിവിസ്റ്റുമാണ്. നാൽപത് വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ നിരവധി ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. ലെതൽ വെപ്പൺ, ദി കളർ പർപ്പിൾ, പ്ലേസസ് ഇൻ ദി ഹാർട്ട് തുടങ്ങിയവിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചില കാര്യങ്ങൾ
മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവിരോഗം ആണ് അൽസ്ഹൈമേഴ്‌സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.
നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.
അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന് പഠനവിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത് ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.
ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൽസ്ഹൈമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. പക്ഷേ, ഈ ചികിത്സകൾ ഒക്കെത്തന്നെ അൽസ്ഹൈമേഴ്‌സിന്റെ ലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അവ രോഗം ഭേദമാക്കുകയോ തടയുകയോ ചെയ്യുന്നില്ല.
Content Highlights: Danny Glover officially diagnosed with Alzheimer's disease., The diagnosis was confirmed three years ago.
Published: 02 Jul 2026, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented