‘അവന്‍ ജിമ്മില്‍ പോയി തുടങ്ങിയിട്ട് വെറും രണ്ടു മാസമേ ആയിട്ടുള്ളൂ. ഇപ്പോ അവന്റെ ശരീരം കാണണം, ഞെട്ടിപ്പോകും’. ഇങ്ങനെ കുറഞ്ഞ ദിവസംകൊണ്ട് മസില്‍ പെരുപ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിട്ട് ലൈക്കു വാങ്ങുന്നവരെ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. പെട്ടന്ന് ശരീര മാറ്റം വരുത്താനുള്ള അനബോളിക് സ്റ്റിറോയ്​ഡ്ഡ് ആ ചെറുപ്പക്കാരന്‍ ശരീരത്തില്‍ കുത്തിവെച്ചിട്ടുണ്ട്.

To advertise here,

എന്തിനാണ് സ്റ്റിറോയ്ഡ് കുത്തിവെച്ച് ശരീരം വികസിപ്പിക്കുന്നത് എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണ് കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ സഞ്ചരിച്ചപ്പോള്‍ കിട്ടിയത്. ആരോഗ്യം ഉണ്ടാക്കേണ്ട ജിംനേഷ്യങ്ങള്‍ ആരോഗ്യം തളര്‍ത്തുന്ന കാഴ്ച പലയിടത്തും കാണാന്‍ സാധിച്ചു. 

വ്യായാമത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന തലമുറയാണ് ഇന്നുള്ളത്. ശാരീരിക അഭ്യാസങ്ങള്‍ക്കായി പല ക്ലബ്ബുകളും കേരളത്തിലുണ്ട്. അതില്‍ ജിംനേഷ്യങ്ങള്‍ എത്രയുണ്ടെന്നതിന് കൃത്യമായ കണക്കില്ല. എല്ലാ ജിംനേഷ്യങ്ങളും സ്റ്റിറോയ്ഡ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. അതിനെ പടിക്കു കയറ്റാത്തവരുമുണ്ട്. ശരീരസൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ജിമ്മുകളിലാണ് ഉപയോഗം കൂടുതലായി കാണാന്‍ സാധിച്ചത്. പിന്നെയുള്ളത് ഉപഭോക്താവിന്റെ ആവശ്യാനുസരണം ട്രെയിനര്‍മാരോ മറ്റുള്ളവരോ എത്തിച്ചുകൊടുക്കുന്നതും കണ്ടു.

എന്താണ് സ്റ്റിറോയ്ഡ്?

ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഹോർമോണുകളാണ് സ്റ്റിറോയ്​ഡുകൾ. വൃക്കയ്ക്കു തൊട്ടു മുകളിലായി സ്ഥിതി ചെയ്യുന്ന അഡ്രീനൽ ഗ്രന്ഥികൾ സാധാരണയായി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് സ്റ്റിറോയ്​ഡുകൾ. എന്നാൽ സ്റ്റിറോയ്​ഡ്ഡ് മരുന്നുകൾ മനുഷ്യനിർമിതമാണ്. ഇതിനെ മൂന്നായി തരംതിരിക്കാമെന്ന് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ എൻഡോക്രിനോളജിസ്റ്റ് ഡോ. വിഷ്ണു വാസുദേവൻ പറഞ്ഞു. ഗ്ലൂക്കോ കോർട്ടിക്കോയിഡുകൾ, മിനറലോ കോർട്ടിക്കോയിഡുകൾ, സെക്സ് സ്റ്റിറോയ്ഡുകൾ എന്നിവയാണവ. സെക്സ് സ്റ്റിറോയ്​ഡ്ഡിന്റെ ഒരു വകഭേദമാണ് അനബോളിക് സ്റ്റിറോയ്ഡ്. 

placeholder
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രകീകാത്മക ചിത്രം 

ഗ്ലൂക്കോ കോർട്ടിക്കോയിഡുകളുടെ വകഭേദമായ കോർട്ടികോ സ്റ്റിറോയ്​ഡുകളാണ് രോഗചികിത്സയ്ക്കു ഉപയോഗിക്കുന്നത്. ഇവ അനാബോളിക് സ്റ്റിറോയ്​ഡുകളിൽ നിന്ന് വ്യത്യസ്തമാണ്. ഹ്രസ്വകാലത്തേക്കാണ് കോർട്ടികോ സ്റ്റിറോയ്​ഡുകൾ ഡോക്ടര്‍മാര്‍ രോഗികള്‍ക്കു നിര്‍ദേശിക്കാറ്. ഏതാനും മാസങ്ങള്‍ ഉപയോഗിച്ചാലാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രകടമാകുക. കോര്‍ട്ടികോ സ്റ്റിറോയ്​ഡ്ഡ് നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനുള്ള മുന്‍കരുതലുകളും രോഗികള്‍ക്കു നിര്‍ദേശിക്കും. 

ശരീരത്തിന്റെ സന്തുലിതാവസ്ഥയും അവയവ പ്രവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിനാണ് അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത്. ഇതൊരു അഡിക്ഷനായി മാറുമ്പോള്‍ ശരീരത്തിൽ പാര്‍ശ്വഫലങ്ങള്‍ കാണാന്‍ തുടങ്ങും. സാധാരണ സ്റ്റിറോയ്ഡുകളേക്കാള്‍ പതിന്മടങ്ങായിരിക്കും ഇതിന്റെ പാര്‍ശ്വഫലം. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം നിയമം മൂലം സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുണ്ട്.

എന്താണ് അനബോളിക് സ്റ്റിറോയ്ഡ്?

അനബോളിക് ആന്‍ഡ്രോജെനിക് സ്റ്റിറോയ്​ഡുകള്‍(AAS) എന്നാണ് ഇവയുടെ പൂര്‍ണരൂപം. ഇതിലെ പ്രധാനിയായ ടെസ്‌റ്റോസ്റ്റിറോണ്‍ സൈപിയോണേറ്റ്  ഇഞ്ചക്ഷനാണ് അസാധാരണമായ ശരീരപുഷ്ടിക്കു കൂടുതല്‍പേരും ഉപയോഗിക്കുന്നത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കൂട്ടി എനര്‍ജിയും മസിലും വളര്‍ത്തുകയാണ് ലക്ഷ്യം. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നിരോധിച്ച മരുന്നാണ് ടെസ്‌റ്റോസ്റ്റിറോണ്‍. ഒരു പുരുഷനില്‍ 300ng/dl മുതല്‍ 600 ng/dl വരെയാണ് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയായി കാണാറുള്ളത്. കൂടുതല്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഉള്ളവരില്‍ മസില്‍ വികാസമുണ്ടാകും. ഈ അളവിലെ ഉയര്‍ച്ച ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കുകയാണ് മരുന്ന് പ്രയോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രൊഫഷണല്‍ ബോഡി ബില്‍ഡിങ് താരങ്ങളാണ് സമീപകാലം വരെ സ്റ്റിറോയ്​ഡ്ഡ് ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ തുടങ്ങിയാല്‍ കരിയറിന്റെ അവസാനം വരെ തുടരും. മരുന്ന് പ്രയോഗം ശരീരത്തില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് രക്തപരിശോധന നടത്തി, ടെസ്‌റ്റോസ്റ്റിറോണ്‍ അറിഞ്ഞു വേണം ഉപയോഗിക്കാനെന്ന് ഡല്‍ഹിയിലെ ജിം ട്രെയിനറും എക്‌സൈസ് ഫിസിയോളജിയില്‍ ഗവേഷക വിദ്യാര്‍ഥിയുമായ എം.പി. സാഗര്‍ പറയുന്നു. ഒരു ദിവസം എട്ടു തവണ ഇഞ്ചക്ഷന്‍ ചെയ്യുന്ന അന്താരാഷ്ട്ര താരങ്ങള്‍ വരെയുണ്ട്.

മത്സര സമയങ്ങളില്‍ ടെസ്റ്റോസ്റ്റിറോൺ പ്രൊപ്പനേറ്റാണ് ഉപയോഗിക്കുക. ഈ മരുന്ന് രണ്ടു മുതൽ മൂന്നു ദിവസം വരെ ശരീരത്തിൽ നിൽക്കും. ജലാംശം ശരീരത്തിൽ നിന്ന് ഒഴിവാക്കുകയാണ് പ്രൊപ്പനേറ്റിൻ്റെ കടമ. ട്രെൻബോളോൻ അസറ്റേറ്റ്, വിൻസ്ട്രോൾ, പ്രിമബോലൻ, മസ്ട്രോൻ തുടങ്ങിയ മരുന്നുകളും മത്സര സമയങ്ങളിൽ ഡിമാൻ്റ് ഉള്ളവയാണ്. കലോറി കുറച്ച് ശരീരത്തിൽ കൊഴുപ്പ് നഷ്ടപ്പെടുത്തുകയാണ് ഇവയുടെ പ്രവർത്തനം. ശരീര സൗന്ദര്യ മത്സര സമയത്തു നാലു ശതമാനത്തിനടുത്ത് ബോഡി ഫാറ്റ് ഉണ്ടായാൽ മാത്രമാണ് മസിൽ തെളിഞ്ഞു നിൽക്കുക. 

ഇഞ്ചക്ഷൻ മാത്രമല്ല, ടാബ്ലെറ്റുമുണ്ട്

ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗാണ് ടെസ്റ്റോസ്റ്റിറോണ്‍. അഞ്ചു എം.എല്‍. വരെയുള്ള ബോട്ടിലിനു 3500 രൂപവരെയുണ്ട്. ശരീരത്തിന്റെ പ്രത്യേകത അനുസരിച്ച് ഒരു എംഎല്‍ മുതല്‍ 10 എംഎല്‍ വരെ ദിവസവും ഉപയോഗിക്കുന്നവരുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണ് സാധാരണ ഉപയോഗിക്കുക.  ഇതിനു പുറമെ ടാബ്ലെറ്റ് രൂപത്തിലും കഴിക്കാവുന്നവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അനാവര്‍, ഡയനാബോള്‍, വിന്‍സ്‌ട്രോള്‍, ക്ലെന്‍ബിട്രോള്‍ എന്നിവ ഇതിനുദാഹരണമാണ്. ഇവയ്ക്കൊപ്പം തൈയ്‌റോണ്‍ ഹോര്‍മോണും കഴിക്കുന്നവരുണ്ട്. ഭാരം കുറയ്ക്കാനും മെറ്റബോളിസം കൂട്ടാനുമാണ് ഈ വിദ്യ. ഒരാഴ്ചക്കുള്ളില്‍ സ്റ്റിറോയ്ഡ് എന്ന ജാലവിദ്യക്കാരന്റെ പ്രയോഗങ്ങള്‍ ശരീരത്തില്‍ കാണാന്‍ സാധിക്കും. ശാരീരിക ക്ഷമത കൂടുമ്പോള്‍ കൂടുതല്‍ ഭാരം ഉയര്‍ത്താനും ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും പ്രത്യേക സുഖം കിട്ടും. 10 കൊല്ലം സ്റ്റിറോയ്ഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ആയുസ്സിന്റെ 10 വയസ്സ് കുറയുമെന്നൊരു ചൊല്ലുണ്ട് ജിമ്മന്‍മാര്‍ക്കിടയില്‍. അതൊന്നും വകവെക്കാതെയാണ് ഈ പ്രയോഗങ്ങള്‍.

അത്ഭുതമരുന്ന്

ഇതൊന്നും കൂടാതെ ഏതെങ്കിലും ശരീര ഭാഗത്തു മസില്‍ വേണ്ടത്ര വികാസമില്ലെങ്കില്‍ അതിനുള്ള പരിഹാരവും പട്ടികയിലുണ്ട്. സിന്തോള്‍ എന്നാണ് ഈ അദ്ഭുത ഇഞ്ചക്ഷന്റെ പേര്. ഉദാഹരണത്തിനു കൈയ്യില്‍ കൂടുതല്‍ മസില്‍ വേണമെങ്കില്‍ അവിടെ സിന്തോള്‍ കുത്തിവെച്ചാല്‍ മതി. ബലൂണ്‍ പോലെ മസില്‍ ഉയര്‍ന്നുവരും.

കാശുണ്ടോ മസിലുണ്ടാക്കാം; സ്റ്റിറോയ്ഡില്ലെങ്കില്‍ പടിക്കുപുറത്ത്

ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ കിട്ടണമെന്നു ആഗ്രഹിക്കുന്നവര്‍ക്കുമാണ് അനബോളിക് സ്റ്റിറോയ്ഡുകളോട് താത്പര്യം. കുത്തിവെക്കുന്ന മരുന്ന് എന്തിന് ഉപയോഗിക്കുന്നതാണെന്നോ അത് ഓരോ ശരീരത്തിലും ഉപയോഗിക്കുന്നതിനു അളവുകള്‍ എത്രയുണ്ടെന്നോ കുത്തിവെപ്പെടുക്കുന്നവനും നല്‍കുന്നവനും അറിയുന്നില്ല എന്നതാണ് വസ്തുത. ഇതൊന്നും ഉപയോഗിക്കാതെ മത്സരത്തില്‍ പങ്കെടുത്തുകൂടേ എന്ന ചോദ്യത്തിനു ലഭിച്ച മറുപടിയാണ് മേഖലയില്‍ സ്റ്റിറോയ്ഡ് എന്ന ഭീകരന്‍ എത്രത്തോളം ആഴത്തില്‍ ഇറങ്ങിക്കഴിഞ്ഞു എന്നു വെളിവാക്കുന്നത്.

'എല്ലാവരും ഇത് കുത്തിവെച്ചാണ് പങ്കെടുക്കുന്നത്. ഞാന്‍ മാത്രം ഒന്നും ചെയ്തില്ലെങ്കില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും. മറ്റുള്ളവരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇതും കൂടി വേണം'. ആരോഗ്യമുള്ള ശരീരം പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മത്സരത്തിലാണ് മരുന്ന് കുത്തിവെച്ച കാലുകള്‍ എത്തുന്നത്. എല്ലാ ജിംനേഷ്യങ്ങളും സിറ്റിറോയ്ഡിനെ പ്രോത്സാഹിപ്പിക്കുന്നവയല്ല. ചില ഫിസിക്കല്‍ ട്രെയിനർമാരാണ് സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നതിന്റെ മെച്ചങ്ങള്‍ പറയുക. ശരീരത്തെ ബാധിക്കുന്ന ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ഒരു ഫിസിയോളജിസ്റ്റിനെ കാണുന്നതിനെക്കുറിച്ച് വളരെ വിരളമായ ആളുകള്‍ മാത്രമാണ് ചിന്തിക്കുന്നത്. 

കുതിരയുടെ മരുന്ന് മനുഷ്യനും

മൃഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്​ഡുകള്‍ പോലും ജിമ്മുകളില്‍ ഉപയോഗിക്കുന്നുണ്ടെന്നതാണ് കണ്ടെത്തിയ മറ്റൊരു കാര്യം. കുതിര, പട്ടി, എരുമ തുടങ്ങിയ മൃഗങ്ങളുടെ തീറ്റ ശേഷി വര്‍ധിപ്പിക്കാനും ശരീര ഭാരവും രോമവുമൊക്കെ കൂട്ടാനും ആകാരം നന്നാക്കാനും ഉപയോഗിക്കുന്ന മരുന്നുകളാണ് അവ. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ല. വിന്‍സ്‌ട്രോള്‍ ഇഞ്ചക്ഷനാണ് ഇതില്‍ പ്രഥമന്‍. കുതിരയുടെ വേഗം കൂട്ടാനും തെലിക്കു തിളക്കം വര്‍ധിപ്പിക്കലുമാണ് വിന്‍സ്‌ട്രോളിന്റെ കടമ. ഇതാണ് മനുഷ്യ ശരീരത്തില്‍ കുത്തിക്കയറുന്നത്. കൂടാതെ മത്സരയോട്ടത്തില്‍ പങ്കെടുക്കുന്ന കുതിരക്കുള്ള അഡിനോസൈൻ മോണോ ഫോസ്ഫേറ്റ് (എഎംപി) ഇഞ്ചക്ഷനും മാര്‍ക്കറ്റിലുണ്ട്. എഎംപി ഒരു തവണ ശരീരത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് അവനില്ലാതെ ഭാരം ഉയര്‍ത്താന്‍പോലും സാധിക്കില്ല എന്ന സങ്കടകരമായ കാര്യവുമുണ്ട്.

പാര്‍ശ്വഫലങ്ങളും വാഷ്ഔട്ടും

ഹൃദയാഘാതമാണ് സ്റ്റിറോയ്ഡ് ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളി. ജിമ്മില്‍ മണിക്കൂറോളം വര്‍ക്കൗട്ട് ചെയ്ത ചെറുപ്പക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന വാര്‍ത്ത കേള്‍ക്കാറില്ലേ. അതെല്ലാം ഇതിന്റെ ഭാഗമാണ്. മസിലിന്റെ മാസ് കൂടി രക്തസമ്മര്‍ദ്ദം കൂടും. ഈ സമയം ചുവന്ന രക്താണുക്കളുടെ കട്ടി കൂടും. അപ്പോള്‍ രക്തവാല്‍വിലെ പ്രഷര്‍ ചെലുത്തുമ്പോള്‍ പൊട്ടി ഹൃദയാഘാതം സംഭവിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍, ലിവര്‍ സിറോസിസ്, തലമുടി കൊഴിച്ചില്‍, ശരീര ഭാഗങ്ങളില്‍ കൂടുതല്‍ രോമ വളര്‍ച്ചയും കുരു വളരുകയും, ലൈംഗിക പ്രശ്‌നം, മാനസിക പ്രശ്‌നം(ദേഷ്യപ്പെടല്‍, ആത്മഹത്യാ പ്രവണത) തുടങ്ങിയവ സ്റ്റിറോയ്ഡുകളുടെ പാര്‍ശ്വഫലങ്ങളാണ്. പെൺകുട്ടികൾ ഉപയോഗിച്ചാൽ പിരിയേഡ്സ് സൈക്കിള്‍ തെറ്റുകയോ വരാതിരിക്കുകയോ ചെയ്യും.

നിശ്ചിത കാലത്തെ കോഴ്‌സ് അവസാനിച്ച് ശരീരത്തില്‍ നിന്ന് സ്റ്റിറോയ്ഡുകളുടെ അംശങ്ങള്‍ കളയാന്‍ വാഷ്ഔട്ട് എന്ന പേരില്‍ അറിയപ്പെടുന്ന 'പോസ്റ്റ് സൈക്കിള്‍ തെറാപ്പി' എന്നൊരു കോഴ്‌സുണ്ട്. പിറ്റിയൂട്ടറി ഗ്രന്ഥി ഉത്തേജിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നതിനെക്കുറിച്ചും കാര്യമായ പഠനങ്ങളില്ല.

ജിമ്മുകളില്‍ വേണം പരിശോധന

2006-07 മുതലാണ് കേരളത്തില്‍ ഫിറ്റനസ് സെന്റര്‍ എന്ന ആശയം വ്യാപകമായതെന്ന് എറണാകുളത്ത് ഫിറ്റ്‌നസ് 4 എവര്‍ നടത്തുന്ന വിപിന്‍ സേവ്യര്‍ പറഞ്ഞു. ആരോഗ്യമുള്ള മനസും ശരീരവും വേണമെന്ന ചിന്ത പുതുതലമുറക്ക് കൂടിയപ്പോള്‍ ഫിറ്റ്‌നസ് സെന്ററുകളുടെ എണ്ണവും കൂടി. ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ക്ക് ശരീരത്തേക്കാളുപരി നല്ല മനസ്സാണ് വേണ്ടത്. ഓരോ വ്യക്തിയുടേയും ശരീര പ്രത്യേകതയനുസരിച്ചാണ് പരിശീലനം നല്‍കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ആരോഗ്യം വളര്‍ത്തേണ്ട ചില കേന്ദ്രങ്ങള്‍ അവ നശിപ്പിക്കുന്ന കാഴ്ചയാണുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന നടത്തണം. ബോഡി ബില്‍ഡിങ് മത്സരങ്ങള്‍ക്കുശേഷം കിഡ്‌നി അസുഖം ബാധിച്ച നിരവധിപേരാണ് സമൂഹത്തിലുള്ളത്. ഒരു ബോഡി ബില്‍ഡറും തന്റെ മക്കള്‍ക്ക് സ്റ്റിറോയ്ഡ് നല്‍കില്ല. അക്കാര്യം മാത്രം മതി അതിന്റെ ഗൗരവം എത്രയുണ്ടെന്ന് മനസിലാക്കാന്‍- വിപിൻ പറഞ്ഞു.

ലൈക്ക് വേണ്ട, ഹൃദയം മതി

വര്‍ഷങ്ങള്‍ക്കൊണ്ട് ശരീരം ഉഷാറാക്കാന്‍ താത്പര്യമില്ലാത്തവര്‍ ട്രെയിനര്‍മാരെ സമീപിക്കും. 'മസില്‍മാനാ'യി നടക്കാനുള്ള മരുന്ന് ഒപ്പിച്ചു തരുമോ എന്നായിരിക്കും ചോദ്യം. കാശുണ്ടോ? എങ്കില്‍ മരുന്നുണ്ട് എന്ന ലളിതമായ ഉത്തരം ട്രെയിനര്‍മാര്‍ നല്‍കും. മസില്‍ പെരുപ്പിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ആഗ്രഹവുമായി നടക്കുന്ന യുവാവ് അതിനുള്ള പണം എങ്ങനെയെങ്കിലും കണ്ടെത്തും. ദിവസങ്ങള്‍ക്കുള്ളില്‍ അവന്റെ മസില്‍ മുഴപ്പിച്ച കൈകള്‍ ഇന്റെര്‍നെറ്റ് ലോകത്ത് ലൈക്കുകള്‍ വാരിക്കൂട്ടും. അതുകൊണ്ട് ഇന്നലെ ജിമ്മില്‍ ചേര്‍ന്ന നിങ്ങളുടെ മക്കള്‍ നാളെ മസിലും പെരുപ്പിച്ച് വന്നാല്‍ സംശയിക്കാന്‍ അധികസമയം എടുക്കേണ്ട. ആ പേശികളില്‍ സ്റ്റിറോയ്​ഡുകള്‍ ഒഴുകുന്നുണ്ട്. വരാനിരിക്കുന്ന രോഗങ്ങളുടേയും ദുരിതങ്ങളുടേയും മണം അതിലൂടെ പരക്കുന്നുമുണ്ട്.

placeholder
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

മസിലുണ്ടാക്കാനുള്ള അപായകരമായ ഈ കുറുക്കുവഴി വ്യാപകമായിട്ട് അധിക നാളായിട്ടില്ല. ഉപയോഗം മുന്‍പുമുണ്ട്. പക്ഷെ വളരെ ചെറിയ വിഭാഗം വെയിറ്റ് ലിഫ്റ്റര്‍മാരും ബോഡി ബില്‍ഡര്‍മാരും കായിക താരങ്ങളും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അതൊരു ന്യൂനപക്ഷമായതുകൊണ്ട് ഗൗരവതരമായ ചര്‍ച്ചകളിലേക്ക് സമൂഹം നീങ്ങിയതുമില്ല. 

മറികടക്കാനുള്ള വഴികള്‍

മരുന്ന് കയറി വളര്‍ന്ന ശരീരത്തിലെ മസില്‍ മരുന്ന് വിട്ടാല്‍ തളരും. ചില ശരീര പ്രത്യേകയുള്ളവരുടെ മസില്‍ പിന്നീടും വലിയ കേടുപാടുകളില്ലാതെ നിലനില്‍ക്കാറുണ്ട്. സ്റ്റിറോയ്ഡ് നിര്‍ത്തുമ്പോള്‍ സാധാരണയുള്ള ടെസ്‌റ്റോസ്റ്റിറോണിന്റെ അളവില്‍ വലിയ താഴ്ചയുണ്ടാകും. ആറുമാസം മുതല്‍ ഒരുവര്‍ഷംവരെ വേണം മരുന്നുകള്‍ നിര്‍ത്തിയശേഷം ടെസ്‌റ്റോസ്റ്റിറോണ്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍.

അതുകൊണ്ടാണ് ഇവയെല്ലാം ഉപയോഗിക്കുന്നതിനു മുന്‍പ് രക്തപരിശോധന നടത്തണമെന്ന് പറയുന്നത്. ഇതൊക്കെ വിദഗ്ദരായ എന്‍ഡോക്രിനോളജിസ്റ്റിന്റെ നിര്‍ദേശാനുസരണമാണ് നല്‍കേണ്ടത്. അത്തരം നിര്‍ദേശമൊന്നും പല ജിമ്മുകളിലും ഇല്ലാത്തതാണ് പുതു തലമുറ നേരിടുന്ന വെല്ലുവിളി. ചെറിയ ലാഭത്തിനു കുട്ടികള്‍ക്ക് സ്റ്റിറോയ്​ഡുകള്‍ എത്തിച്ചു നല്‍കുന്ന ജിം ട്രെയിനര്‍മാര്‍ ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നുമില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവയെല്ലാം എത്തിച്ചു നൽകുന്ന സംഘങ്ങളുണ്ട്. ഓൺലൈനിലൂടെ മരുന്നുകൾ യഥേഷ്ടം കിട്ടുമെന്നത് കാര്യങ്ങൾ എളുപ്പമാക്കുന്നു. ആരോഗ്യവിദഗ്ദരുടെ കൃത്യമായ നിയന്ത്രണങ്ങള്‍ ജിമ്മുകള്‍ക്കു മേല്‍ ഉണ്ടായില്ലെങ്കില്‍ ആരോഗ്യം കൊതിച്ച കൗമാരക്കാര്‍ ഈ കെണിയില്‍ വീഴും.

കണ്ടുപിടിക്കാന്‍ പണമൊരു പ്രശ്‌നം

ബോഡി ബില്‍ഡര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ കായികതാരങ്ങളും ഉപയോഗിച്ച വാര്‍ത്തകള്‍ കേട്ടവരാണ് നമ്മള്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ കണക്കു പ്രകാരം വര്‍ഷത്തില്‍ 4-5 ശതമാനം കായികതാരങ്ങള്‍ പരിശോധനയില്‍ പിടിക്കപ്പെടുന്നുണ്ട്. 1986 മുതല്‍ ഇന്ത്യയില്‍ കായികതാരങ്ങള്‍ക്കിടയില്‍ മരുന്ന് പരിശോധനയുണ്ട്. യോഗ്യതാ, ദേശീയ മത്സരങ്ങളില്‍ പരിശോധന നടക്കും. മൂത്രം, രക്തം എന്നിവയാണ് സാമ്പിളായി എടുക്കുക. ശരാശരി 20,000 രൂപയാണ് ഒരാളുടെ പരിശോധനയ്ക്കു ചെലവ്. ഈ സാമ്പത്തിക ബാധ്യതകൊണ്ടാണ് പല സംസ്ഥാനതല മത്സരങ്ങളിലും പരിശോധന നടത്താത്തത്. നാഡയും കേന്ദ്രവുമാണ് മരുന്ന് പരിശോധനയ്ക്കുള്ള ഫണ്ട് വകയിരുത്തുക.

ഐപിഎല്‍, ഐഎസ്എല്‍ മത്സരങ്ങളിലും മരുന്ന് പരിശോധനയുണ്ട്. സംഘാടകരാണ് ഫണ്ട് ചെലവഴിക്കുക. അനബോളിക്, മെറ്റബോളിക് മരുന്നുകളാണ് കായികതാരങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് ഡല്‍ഹി സായി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ ചീഫായിരുന്ന ഡോ. പി.എസ്.എം. ചന്ദ്രന്‍ പറഞ്ഞു. ശരീര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരില്‍ പലരും സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ പലരും പിടിക്കപ്പെടാത്തതിനു പിന്നില്‍ പല കാരണങ്ങളാണ്. ആദ്യ കാരണം ഇത്തരം മത്സരങ്ങള്‍ക്കു പരിശോധന ഇല്ല. മറ്റൊന്നു ഇഞ്ചക്ഷന്‍ വഴി ഉപയോഗിച്ചാല്‍ 18 മാസം വരെ ശരീരത്തില്‍ സ്റ്റിറോയ്​ഡ്ഡ് സാന്നിധ്യം കാണം. ടാബ്ലെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാഴ്ചക്കകം നശിച്ചുപോകുന്നവയുമുണ്ട്. ഏതൊക്കെ ഉപയോഗിച്ചാല്‍ പിടിക്കപ്പെടില്ല എന്ന ധാരണയോടെയാണ് ഇത്തരക്കാരുടെ ഉപയോഗമെന്നു ചന്ദ്രന്‍ പറഞ്ഞു.

ഒരാളുടെ പേഴ്‌സണല്‍ ചോയ്‌സാണ് സ്റ്റിറോയ്ഡ് ഉപയോഗിക്കണോ ഒഴിവാക്കണോ എന്നതെന്നു എക്‌സൈസ് ഫിസിയോളജി ഗവേഷക വിദ്യാര്‍ഥിയായ എം.പി. സാഗര്‍ പറയുന്നു. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ വിട്ടുമാറാത്തവിധം അഡിക്ട്(dysmorphia) ആവുമെന്നതാണ് പ്രത്യേകത. ബോഡി ബില്‍ഡിങ് ഒളിമ്പിക് അംഗീകൃത ഗെയിമല്ലാത്തതുകൊണ്ട് മരുന്ന് പരിശോധനയൊന്നുമില്ല. നാച്വറല്‍ ബോഡി ബില്‍ഡിങ് മത്സരങ്ങളില്‍ മാത്രമാണ് പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റിറോയ്ഡ് വേണ്ട എന്നു തീരുമാനിച്ചാല്‍ നിങ്ങള്‍ക്കു സാമൂഹിക മാധ്യമങ്ങളിൽ ലൈക്കുകള്‍ കിട്ടുന്നത് കുറയുമായിരിക്കും. പക്ഷെ ആരോഗ്യത്തോടെ ജീവിക്കാനാകും. കായിക, ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ സ്റ്റിറോയ്ഡ് എന്ന ആളെക്കൊല്ലിക്കെതിരേ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ നശിച്ചു പോകുക നാളെയുടെ വാഗ്ദാനങ്ങളാണ്. ലഹരിക്കെതിരേ ശബ്ദമുയർത്തുന്ന സമൂഹം ഇനി ഭയക്കേണ്ടത് ഇത്തരം മരുന്നുകളെയാണ്.

അനബോളിക് സ്റ്റിറോയ്ഡ് തടയാൻ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു-വീണാ ജോർജ്

അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദയെ രേഖാ മൂലം അറിയിച്ചിട്ടുണ്ടെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മാതൃഭൂമിയോട് പറഞ്ഞു. ഇത് കൂടാതെ അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജിമ്മുകളിലെ ഇത്തരം അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നും തന്നെ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ശേഖരിച്ചവയുമല്ല. ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.

ഈ ജിമ്മുകള്‍ക്കെതിരേ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നു. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാനും അധികാരമുള്ളൂ. ഇവയുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിമ്മുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കുന്നതാണ്. യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്-മന്ത്രി പറഞ്ഞു.

നാഡ നിരോധിച്ച ചില സ്റ്റിറോയ്ഡുകള്‍

  • Androstenediol
  • Androstenedione
  • Androsterone
  • Bolasterone
  • Boldenone
  • Epiandrosterone
  • Testosterone
  • Androstenediol
  • Keto-DHEA
  • Drostanolone
  • Methylepithiostanol
  • Fluoxymesterone
  • Formebolone
  • Furazabol
  • Gestrinone
  • Mestanolone
  • Mesterolone
  • Metenolone
  • Methandriol
  • Oxabolone
  • Oxandrolone
  • Oxymesterone
  • Oxymetholone
  • Quinbolone
  • Stanozolol
  • Stenbolone
  • Methylclostebol
  • Trestolone

    (മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയുടെ പൂർണരൂപം)