ന്യൂഡൽഹി: കോവിഡ് പ്രതിരോധകുത്തിവെപ്പ് ഹൃദയാഘാതത്തിന് കാരണമായെന്നുള്ള റിപ്പോർട്ടുകൾ തള്ളി ആരോഗ്യമന്ത്രാലയം. പാർശ്വഫലങ്ങൾ കണക്കിലെടുക്കാതെയാണ് കുത്തിവെപ്പിന് അടിയന്തരാനുമതി നൽകിയതെന്നുള്ള റിപ്പോർട്ടുകളും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 

To advertise here,

വാക്സിൻ വികസിപ്പിക്കാനും അംഗീകാരം നൽകാനും കൃത്യമായ നടപടികളാണ് കൈക്കൊണ്ടത്. ആഗോള കമ്പനികൾ പിന്തുടരുന്ന അന്താരാഷ്ട്രനിലവാരമാണ് ഇന്ത്യയും പിന്തുടർന്നത്. ഇന്ത്യ കോവിഡ് പ്രതിരോധ വാക്സിനുകളുടെ കാര്യത്തിൽ സ്വയംപര്യപ്തത കൈവരിച്ചതോടെ വിദേശവാക്സിനുകളെ വിലക്കിയെന്ന റിപ്പോർട്ടുകൾ മന്ത്രി തള്ളി. 

വാക്സിൻനയത്തിൽ ഇന്ത്യൻ കമ്പനികൾക്കും വിദേശക്കമ്പനികൾക്കും ഒരേ നിയമവും നിയന്ത്രണങ്ങളുമാണ്. ആഗോളീകരണകാലത്ത് ആരോഗ്യമേഖലയിൽ രാജ്യങ്ങൾ പരസ്പരം സഹകരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിർമിച്ച അഞ്ചുവാക്സിനുകൾ ഇന്ന് വിപണിയിലുണ്ട്.

കോവിഡ് പ്രതിരോധകുത്തിവെപ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടോയെന്നുള്ള ഐ.സി.എം.ആർ. പഠനറിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്ന് അറിയിച്ചിരുന്നു.

കോവിഡ് പ്രതിരോധ  വാക്സിന്‍ എടുക്കുന്നതുമൂലം ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ഹൃദയസത്ംഭനം തുടങ്ങിയവയൊന്നും ഉണ്ടാകില്ല എന്ന് വ്യക്തമാക്കുന്ന മറ്റൊരു പഠനവും മുമ്പ് പുറത്തുവന്നിരുന്നു. 'വാക്സിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇറ്റാലിയന്‍ പ്രവിശ്യയായ പെസ്‌കാരയിലെ ആളുകളില്‍ തുടര്‍ച്ചയായ 18 മാസം നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്. ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബൊളോണയിലുള്ള ഗവേഷകസംഘമാണ് വിഷയത്തില്‍ പരീക്ഷണം നടത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പള്‍മോണറി എംബോളിസം, ത്രോംബോസിസ് മുതലായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യതയാണ് പരിശോധിച്ചത്. 

വാക്‌സിന്‍ എടുത്തവരില്‍ ഇത്തരം അസുഖങ്ങള്‍ വരാനുള്ള സാധ്യത താരതമ്യേന കൂടുതലില്ല എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ബൊളോണയിലെ പ്രൊഫസര്‍ ലംബേര്‍ട്ടോ മന്‍സോളി പറഞ്ഞത്. വ്യത്യസ്ത പ്രായം, ജെന്‍ഡര്‍, പരിശോധനാചരിത്രം എന്നിവയുള്ളവരിലായിരുന്നു പരീക്ഷണം. വാക്‌സിന്‍ എടുത്തവരിലെ അസുഖബാധിതരുടേയും മരിച്ചവരുടേയും എണ്ണം വാക്‌സിന്‍ എടുക്കാത്തവരേക്കാള്‍ കുറവാണെന്നാണ് പഠനം സൂചിപ്പിച്ചത്. കൊറോണാ വൈറസില്‍ നിന്ന് കൂടുതല്‍ സുരക്ഷിതര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും പഠനത്തില്‍ തെളിഞ്ഞിരുന്നു.