ന്യൂഡൽഹി: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധനടപടികളുടെ ഭാഗമായി ഇന്ത്യയിലും ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഭയപ്പെടേണ്ട കാര്യമില്ലെന്നും കരുതൽ തുടർന്നാൽ മതിയെന്നും പറയുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.
സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അതാതു സമയങ്ങളിൽ പിന്തുടരുന്നതിൽ വിട്ടുവീഴ്ചയരുതെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനകം ഇന്ത്യയിൽ പതിനൊന്നോളം ഒമിക്രോൺ വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡിസംബർ 24 മുതൽ ജനുവരി മൂന്നുവരെ ഇന്റർനാഷണൽ എയർപോർട്ടുകളിലുൾപ്പെടെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശ യാത്രികരുടെ സാമ്പിളുകളിൽ 124 എണ്ണം പോസിറ്റീവായിരുന്നു. അവയിൽ 40 എണ്ണം XBB വകഭേദം മൂലമായിരുന്നു. പതിനാല് സാമ്പിളുകളിൽ XBB.1 വകഭേദം കണ്ടെത്തി. ഒരൊറ്റ സാമ്പിളിൽ മാത്രമാണ് BF 7.4.1 വകഭേദം കണ്ടെത്തിയത്. BA.5.2, BQ.1.1, BQ.1.1(22), BQ.1.1.5, CH.1.1.1, BB.3, BN.1.2, BN1.3, BY1, BF. തുടങ്ങിയ വകഭേദങ്ങളും കണ്ടെത്തുകയുണ്ടായി.
ബി.എഫ്.7
ഒമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. തുടർന്ന് ഇന്ത്യയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.
എക്‌സ്.ബി.ബി. വകഭേദങ്ങൾ
ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങൾ ചേർന്നുള്ളതാണ് എക്‌സ്.ബി.ബി. കോവിഡ് വകഭേദങ്ങളിൽ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് സിങ്കപ്പൂരിൽ ഓഗസ്റ്റിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളർച്ച, തലവേദന, വയറിളക്കം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. എക്‌സ്.ബി.ബി.-1, എക്‌സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങൾ. എക്‌സ്.ബി.ബി. മഹാരാഷ്ട്രയിലുൾപ്പെടെ ഇന്ത്യയിലെ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ഈ മാസമാദ്യം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.
Content Highlights: covid 19 union health minister cautions people not to panic
Published: 05 Jan 2023, 06:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented