ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി കണ്ടെത്തി ​ഗവേഷകർ. തുടർച്ചയായി മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്ന് പുതിയ പഠനത്തിൽ പറയുന്നു. മൂന്നോ അതിലധികമോ ദിവസമായി തുടരുന്ന മലബന്ധം ശ്രദ്ധിക്കേണ്ടതാണെന്നും അത് ഹൃദയാഘാതം ഉൾപ്പെടെയുള്ള പല ഹൃദ്രോ​ഗങ്ങളുടെയും ലക്ഷണമാകാമെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. 

To advertise here,

ആഴ്ചയിൽ മൂന്നുദിവസം തുടർച്ചയായി അനുഭവപ്പെടുന്നതോ, അല്ലെങ്കിൽ ആഴ്ചയിൽ കുറഞ്ഞത് മൂന്നുതവണയോ മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നാണ് ​ഗവേഷകർ പറയുന്നത്. സമ്മർദം അനുഭവിക്കുന്നതിന്റെ ഭാ​ഗമായി മലബന്ധം ഉണ്ടാകാമെങ്കിലും ചിലഘട്ടങ്ങളിൽ ഹൃദ്രോ​ഗത്തിന്റെ ഭാ​ഗമായും ഈ ലക്ഷണമുണ്ടാകാം എന്നാണ് ​ഗവേഷകർ പറയുന്നത്. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നത് പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോ​ഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ഓസ്ട്രേലിയയിലെ മെൽബോണിലുള്ള മൊനാഷ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. 

പുകയില, അമിതവണ്ണം, ഹൈപ്പർടെൻഷൻ തുടങ്ങിയവ ഹൃദ്രോ​ഗങ്ങളിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളാണെന്നത് മിക്കവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മലബന്ധവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠനം നടത്തുകയായിരുന്നു ​ഗവേഷകർ. ഇതിനായി യു.കെ.യിൽ നിന്നുള്ള 408,354 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചു. ഇവരിൽ 23814 പേർ മലബന്ധം അനുഭവിക്കുന്നവരായിരുന്നു. ഇക്കൂട്ടരിൽ ഹൃദ്രോ​ഗസാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. മലബന്ധം ഉള്ളവരിൽ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോ​ഗങ്ങളും കൂടുതലായി കണ്ടുവെന്ന് ​ഗവേഷകർ വ്യക്തമാക്കി. 

ലോകജനസംഖ്യയിൽ പതിന്നാല് ശതമാനം പേരെ മലബന്ധം ബാധിക്കുന്നുണ്ടെന്നും അതിലേറെയും പ്രായംകൂടിയവരും സ്ത്രീകളുമാണെന്നും പഠനത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കുടലിന്റെ ആരോ​ഗ്യവും ഹൃദയാരോ​ഗ്യവും തമ്മിൽ വരുംകാലങ്ങളിൽ കൂടുതൽ പഠനം നടക്കേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറയുന്നുണ്ട്. 

മലബന്ധം അനുഭവിക്കുന്നവരിൽ ശ്വാസോച്ഛ്വാസം ക്രമരഹിതമാവുകയും ഇത് രക്തസമ്മർദത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. രക്തസമ്മർദം കൂടുന്നതുവഴി ഹൃദ്രോ​ഗസാധ്യതകളും വർധിക്കുമെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ ​സ്ഥിരമായി മലബന്ധം ഉള്ളവരിൽ ദഹനം, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവയെ നിയന്ത്രിക്കുന്ന വേ​ഗസ് നേർവിന്റെ പ്രവർത്തനം തകരാറിലാവുകയും അതുവഴി ഹൃദയാഘാതമുണ്ടാവുകയും ചെയ്യാമെന്ന് വിദ​ഗ്ധർ പറയുന്നു. 

മലബന്ധം ഒഴിവാക്കാനായി ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നാരുകളുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. മലം കൂടുതലായി ഉണ്ടാകുവാനും മലശോധന സുഗമമാക്കുവാനും നാരുകൾ സഹായിക്കും. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മലശോധനയ്ക്കുള്ള തോന്നലുണ്ടായാൽ പിടിച്ചു വയ്ക്കരുത്. കൃത്യസമയംതന്നെ മലശോധനയ്ക്കായി മാറ്റിവയ്ക്കാൻ ശീലിക്കണം. ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും. 

നാരുകളില്ലാത്ത ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ് വിഭവങ്ങൾ ഒഴിവാക്കണം. ചുവന്ന മാംസവും കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണ വിഭവങ്ങളും വറപൊരി സാധനങ്ങളും ഒഴിവാക്കണം. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങൾകൊണ്ടും മലബന്ധം മാറിയില്ലെങ്കിൽ മാത്രമേ മരുന്നുകളെ ആശ്രയിക്കാവൂ. കാരണം ഇവയിൽ പലതും മരുന്നിനോടുള്ള വിധേയത്വമുണ്ടാക്കാനിടയുണ്ട്. രക്തപരിശോധന നടത്തി തൈറോയ്ഡിന്റെ പ്രവർത്തനവും വിലയിരുത്തണം.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. 

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.