കോയമ്പത്തൂര്‍: കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കേരളത്തില്‍നിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ്. കോവിഡ് ബാധിതര്‍ കേരളത്തില്‍നിന്ന് വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി. ചെറിയ രോഗലക്ഷണവുമായി വരുന്നവരെ ഉടന്‍തന്നെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും. 

To advertise here,

ഇരുസംസ്ഥാനങ്ങളിലെയും ആരോഗ്യവകുപ്പ് ജീവനക്കാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവര്‍ കോയമ്പത്തൂരിലേക്കും തിരിച്ചും യാത്രചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനാണ് വാട്‌സാപ്പ് ഗ്രൂപ്പ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കേരളത്തില്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നു പറയുന്നു.

കോയമ്പത്തൂരിലും കോവിഡ് കേസുകള്‍ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41 കേസുകള്‍ കോയമ്പത്തൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. കിണത്തുക്കടവ് ചൂളക്കല്‍ ഭാഗത്ത് ഒരു കമ്പനിയില്‍ 53 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.