താരനും മുടികൊഴിച്ചിലും മൂലം ദുരിതം അനുഭവിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. ഭക്ഷണരീതി, അന്തരീക്ഷ മലിനീകരണം, സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നുതുടങ്ങി മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മുടികൊഴിച്ചിലും താരനും പ്രതിരോധിക്കാനുള്ള ഒരു ടിപ് പങ്കുവെച്ചിരിക്കുക​യാണ് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

ഷാംപൂവിൽ അൽപം കോഫി മിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നത് താരനും മുടികൊഴിച്ചിലും നിയന്ത്രിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യണമെന്നും ജാവേദ് ഹബീബ് പറയുന്നു. പോസ്റ്റിനുകീഴെ ഉപയോ​ഗിക്കേണ്ടതിന്റെ അളവിനേക്കുറിച്ചുവന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. ഒരു സ്പൂൺ ഷാംപൂവിൽ അര സ്പൂൺ കോഫിയാണ് മിക്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. കോഫിക്ക് പകരം കോഫി പൗഡറും ഉപയോ​ഗിക്കാമെന്ന് പറയുന്നുണ്ട്.

ഡിഎച്ച്ടി എന്ന ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഡിഎച്ച്ടി രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിയാനും കാരണമാകും. കഫീന്റെ ഉപയോ​ഗം ഡിഎച്ച്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുമെന്ന് 2007-ൽ ജർമനിയിൽ നിന്നുള്ള ജെന യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 

താരനെ തുരത്താൻ വീട്ടിൽ ചെയ്യാവുന്ന ചില ഈസി ടിപ്സ്

ആര്യവേപ്പ്: ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനകറ്റാൻ മികച്ച മാർ​ഗങ്ങളിലൊന്നാണ്. ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. ശേഷം വെള്ളം തണുത്തു വരുമ്പോൾ ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്നുതവണ ഇപ്രകാരം ചെയ്യുന്നത് ​ഗുണം ചെയ്യും. 

നാരങ്ങയും വെളിച്ചെണ്ണയും: വീട്ടിൽ സുലഭമായി ലഭിക്കുന്ന നാരങ്ങയും വെളിച്ചെണ്ണയും ഉപയോ​ഗിച്ചും താരനകറ്റാൻ വഴിയുണ്ട്. ആദ്യം രണ്ട് ടേബിൾസ്പൂൺ‌‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. ശേഷം അത്രതന്നെ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടുക. ഇരുപതു മിനിറ്റിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. 

ഉലുവ: നിരവധി ഔഷധ ​ഗുണങ്ങളുള്ള ഉലുവ കൊണ്ട് താരനെ തുരത്താൻ വഴിയുണ്ട്. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വെക്കുക. ഒരു രാത്രി കുതിർത്തതിനു ശേഷം അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. 

തൈര്: താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽ‌പം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് നീക്കം ചെയ്യാം. 

മുട്ടയുടെ മഞ്ഞ: മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ തുരത്താൻ മികച്ചതാണ്. മുടിയിലെയും ശിരോചർമത്തിലെയും നനവ് പൂർണമായും നീക്കം ചെയ്തതിനുശേഷമാണ് മുട്ടയുടെ മഞ്ഞ പുരട്ടേണ്ടത്. പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോ​ഗിച്ച് ഒരുമണിക്കൂർ കവർ ചെയ്തുവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് നന്നായി കഴുകിക്കളയാം. ദുർ​ഗന്ധം ഇല്ലെന്നും ഉറപ്പുവരുത്തണം.