
സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും നിരവധിതവണ പങ്കുവെച്ചിട്ടുള്ളയാളാണ് ഹിന്ദി ടെലിവിഷൻ താരം ഛവി മിത്തൽ. 2022-ലാണ് നടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കൊടുവിൽ കാൻസർ മുക്തയായെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ കാൻസർ തന്റെ ജീവിതത്തെ എത്തരത്തിൽ മാറ്റിയെന്നു പങ്കുവെക്കുകയാണ് ഛവി.
ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ഛവി ഇതേക്കുറിച്ചു പങ്കുവെച്ചത്. മയക്കത്തിലായിരുന്ന തന്നെ ഉണർത്തിയത് കാൻസറാണെന്നും രോഗം അനുഗ്രഹമായാണ് മാറിയതെന്നും ഛവി പറഞ്ഞു. രോഗസ്ഥിരീകരണത്തിനു മുമ്പും താൻ വ്യായാമത്തിലും ആരോഗ്യകരമായ ഭക്ഷണത്തിലും ഉറക്കത്തിലുമൊന്നും വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ല. പക്ഷേ പൂർണമായും ജോലിത്തിരക്കുകളിൽ മുഴുകിയ കാലമായിരുന്നു. അവനവനുവേണ്ടി സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശ്വസിക്കാൻപോലും സമയമില്ലെന്നതുപോലെയായിരുന്നു. അതുമൂലം സമ്മർദവും വർധിച്ചിരുന്നുവെന്നും ഛവി പറയുന്നു.
കാൻസർ വന്നതോടെ അവനവനെ കൂടുതൽ കരുതലോടെ കാണാൻ തുടങ്ങിയെന്നും നടി പറയുന്നു. അതുവരെ യഥാർഥത്തിൽ ജീവിക്കുകയായിരുന്നില്ല, ജോലി ചെയ്യുക മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ കാൻസറിനുശേഷം ജീവിതനിലവാരം മെച്ചപ്പെടുകയും അവനവനു പ്രാധാന്യം നൽകാൻ തുടങ്ങുകയും ചെയ്തു. കാൻസറിനെ സ്വയം പ്രചോദിപ്പിക്കാനുള്ള കാര്യമാക്കി മാറ്റിയെന്നും രോഗത്തെ മറികടക്കാൻ മികച്ച ഡോക്ടർമാരുടേതുൾപ്പെടെയുള്ള സംഘം തനിക്കുണ്ടായിരുന്നുവെന്നും ഛവി കൂട്ടിച്ചേർത്തു.
രോഗം സ്ഥിരീകരിക്കപ്പെട്ടതും സർജറിയും തുടർന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. രോഗത്തെ സധൈര്യം നേരിടാനുള്ള പ്രചോദനാത്മകമായ വീഡിയോകളാണ് ഏറെയും. സാമൂഹിക മാധ്യമത്തിൽ നിരന്തരം കാൻസർ അതിജീവന യാത്രയെ കുറിച്ച് സംസാരിക്കുന്നതിന് പിന്നിലുള്ള കാരണം ഛവി നേരത്തെ പറഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമത്തിൽ സജീവമായുള്ള ആളെന്ന നിലയ്ക്ക് സന്തോഷങ്ങൾ പങ്കുവെക്കുന്നതു പോലെ തന്നെയാണ് വിഷമഘട്ടങ്ങളും പങ്കുവെക്കുന്നത്. താൻ അവ പറഞ്ഞുതുടങ്ങിയതിനുശേഷം നിരവധി പേരാണ് തങ്ങളുടെ കാൻസർ യാത്രകളെ കുറിച്ച് സംസാരിച്ചതെന്നുംഅത് തന്നെ വീണ്ടും പ്രചോദിപ്പിക്കുകയായിരുന്നു എന്നും ഛവി പറഞ്ഞിരുന്നു.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ ചെറിയൊരു അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ് തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.
സ്തനാർബുദം; സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന.
റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു. മുഴയുടെ അല്പം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്സി, ഇൻസിഷൻ ബയോപ്സി, എക്സിഷൻ ബയോപ്സി.
ചികിത്സ
- കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക
- ഓപ്പറേഷന് ശേഷം റേഡിയേഷൻ
- പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക.
- സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Chhavi Mittal emphasizes living life fully rather than just working., Early detection through self-examination is crucial for survival., Breast cancer treatment is a multidisciplinary team effort
Published: 30 Jul 2026, 05:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented