ഡി.ആർ. കോംഗോയിലെയും( ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) യുഗാണ്ടയിലെയും എബോള വ്യാപനത്തേത്തുടർന്ന് ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസ് ബാധിച്ച് തൊണ്ണൂറോളംപേർ മരിച്ച സാഹചര്യത്തിലായിരുന്നു നടപടി. അത്യപൂർവമായ ബൂൻഡിബുഗോയാണ് പുതിയ വ്യാപനത്തിന് പിന്നിൽ. ബുനിയ, റുവാംപാര, മൊങ്ബ്വാലു എന്നീ പ്രദേശങ്ങളുൾപ്പെടെയുള്ള കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് രോഗബാധ കൂടുതലുള്ളത്.

To advertise here,

തൊണ്ണൂറിനടുത്ത് മരണങ്ങളും 330 സംശയാസ്പദ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ& പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇനിയും കൂടുതൽ കേസുകൾ പുറത്തുവരാനുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധർ.

എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. വാക്സിൻ കണ്ടെത്തിയിട്ടില്ലെന്നതാണ് ബൂൻഡിബുഗോ എന്ന വകഭേദത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. വാക്സിനോ, പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത വകഭേദമായതിനാൽ അസാധാരണ വകഭേദം എന്നാണ് ലോകാരോഗ്യസംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, കടുത്തക്ഷീണം, സന്ധിവേദന, ഛർദി, വയറിളക്കം, അടിവയറുവേദന, അകാരണമായ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവേ പ്രകടമാവുക. ആദ്യമായി 2007-ൽ ഉഗാണ്ടയിലാണ് ഈ വകഭേദം കണ്ടെത്തിയത്. നിലവിൽ സൈർ വകഭേദത്തിനുള്ള വാക്സിനുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.

1976 ൽ എബോള ആദ്യമായി തിരിച്ചറിഞ്ഞതിന് ശേഷം കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾ രോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയാ മുൻകരുതൽ രോഗംപകരുന്നത് തയാൻ കഴിയും.

രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.