സാമൂഹികമാധ്യമത്തിലൂടെ പരക്കുന്ന അശാസ്ത്രീയ വാർത്തകൾ യഥാർഥമാണെന്നു കരുതുന്നവർ നിരവധിയുണ്ട്. ആരോഗ്യകരമായ കാര്യങ്ങൾ സംബന്ധിച്ച് ഇത്തരത്തിൽ ശാസ്ത്രീയാടിത്തറയില്ലാത്ത വിവരങ്ങൾ വിശ്വസിക്കുന്നവർ ഏറെയാണ്. അത്തരത്തിൽ സ്തനാർബുദത്തേക്കുറിച്ചുള്ള മിത്തുകളേക്കുറിച്ചു പങ്കുവെക്കുകയാണ് കാൻസർ സർജനായ ഡോ.ക്രിസ്റ്റീൻ ലായ്. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്രിസ്റ്റീൻ ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.
അതിലാദ്യത്തേതായി ക്രിസ്റ്റീൻ പറയുന്നത് അടിവസ്ത്രമായ ബ്രാ സ്തനാർബുദത്തിനു കാരണമാകും എന്ന മിത്തിനേക്കുറിച്ചാണ്. അത് വെറും തെറ്റിദ്ധാരണയാണെന്ന് ക്രിസ്റ്റീൻ പറയുന്നു. ബ്രാ ധരിച്ച് കിടന്നുറങ്ങുന്നതുകൊണ്ടോ ദിവസം മുഴുവൻ ധരിക്കുന്നതുകൊണ്ടോ കാൻസർ വരില്ലെന്നും ക്രിസ്റ്റീൻ പറയുന്നു. മറ്റൊന്ന് കോഫി കാൻസറിനു കാരണമാകും എന്ന തെറ്റിദ്ധാരണയാണ്. കോഫി കാൻസറിന് കാരണമാകില്ല. കോഫിയിലടങ്ങിയിരിക്കുന്ന കഫീൻ ചിലപ്പോൾ സ്തനങ്ങളിൽ ചെറിയ വേദനയോ മുഴയോ ഉണ്ടാക്കാം. പക്ഷേ അതിനു കാരണമാകുന്നത് ഹോർമോൺ മാറ്റങ്ങളാണ്.
പഞ്ചസാര കാൻസറിന് കാരണമാകുമെന്നതും തെറ്റിദ്ധാരണയാണെന്ന് ക്രിസ്റ്റീൻ പറയുന്നു. ഇന്റർനെറ്റിൽ കാണുന്നതുപോലെ പഞ്ചസാര കാൻസർ തീവ്രമാകാൻ കാരണമാകുന്നില്ല. ശരീരത്തിലെ ഓരോ കോശവും ഗ്ലൂക്കോസിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പഞ്ചസാര പാടെ ഉപേക്ഷിക്കുന്നത് ആരോഗ്യകരമായ കോശങ്ങളെ കൂടിയാണ് ബാധിക്കുകയെന്നും ഡോക്ടർ പറയുന്നു.
സോയ സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്നതാണ് മറ്റൊന്ന്. സോയ കാൻസറിനു കാരണമാകുമെന്നതിന് തെളിവുകളില്ല. സോയയിൽ സ്വാഭാവികമായുണ്ടാകുന്ന ഹോർമോണുകൾ ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജൻ പോലെയല്ല പ്രവർത്തിക്കുന്നതെന്നും ക്രിസ്റ്റീൻ പറയുന്നു. സ്തനത്തിന്റെ വലിപ്പവും സ്തനാർബുദ സാധ്യത കൂട്ടുന്നതാണെന്നത് തെറ്റിദ്ധാരണയാണെന്ന് ഡോക്ടർ പറയുന്നു.
മുറിവോ പരിക്കോ സ്തനാർബുദത്തിന് കാരണമാകുമെന്നതും തെറ്റിദ്ധാരണയാണെന്ന് ഡോ.ക്രിസ്റ്റീൻ വ്യക്തമാക്കുന്നു. പരിക്കോ, വീഴ്ചയോ, തട്ടലോ കാരണം വേദനയുള്ള ഒരു താൽക്കാലിക മുഴയുണ്ടാകാം, പക്ഷെ സ്തനങ്ങളിൽ ഉണ്ടാകുന്ന ആഘാതം കാൻസറിന് കാരണമാകില്ല. അബോർഷനാകുന്നത് സ്തനാർബുദ സാധ്യത കൂട്ടുമെന്നതും തെറ്റാണെന്ന് ഡോക്ടർ പറയുന്നു. പതിനാറു രാജ്യങ്ങളിലെ 83,000-ൽ അധികം സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ അബോർഷൻ അപകട സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്താനായില്ല.
അതുപോലെതന്നെ ഐവിഎഫും സ്തനാർബുദത്തിലേക്ക് നയിക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് ഡോ.ക്രിസ്റ്റീൻ പറയുന്നു. പ്രത്യുത്പാദന ചികിത്സ ഹോർമോണുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പക്ഷേ അവ സ്തനാർബുദത്തിനുള്ള അപകട സാധ്യത വർധിപ്പിക്കുന്നതായി തെളിവുകളില്ല.
സ്തനാർബുദം സംബന്ധിച്ച് സ്ത്രീകളിലെ തെറ്റിദ്ധാരണകളും ഭയവും നീക്കംചെയ്യുക ലക്ഷ്യമിട്ടാണ് താൻ ഇതേക്കുറിച്ചു തുറന്നുപറയാൻ തീരുമാനിച്ചതെന്നും ഡോ.ക്രിസ്റ്റീൻ കൂട്ടിച്ചേർത്തു.
സ്തനാർബുദം; സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന.
റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു. മുഴയുടെ അല്പം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി.
ചികിത്സ
- കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക
- ഓപ്പറേഷന് ശേഷം റേഡിയേഷൻ
- പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക.
- സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Bras do not cause breast cancer., Coffee consumption is not linked to cancer development., Sugar intake does not fuel cancer growth., Soy does not increase breast cancer risk., Physical trauma or injury to the breast does not lead to cancer., Abortion and IVF treatments are not associated with higher breast cancer risks.
Published: 04 Aug 2026, 04:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented