
പാലക്കാട്: മസ്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ച് ശരീരം തളർന്നിട്ടുണ്ടെങ്കിലും പതിമൂന്നുകാരനായ സച്ചിന് പരിമിതികളൊന്നും നന്മ ചെയ്യാൻ തടസ്സമായില്ല. മൂന്നുവർഷമായി കരുതലോടെ നീട്ടിവളർത്തിയ തന്റെ മുടി അർബുദബാധിതർക്കായി നൽകി സ്നേഹത്തിന്റെ മുഖമായിരിക്കുകയാണ് സച്ചിൻ.
കുഴൽമന്ദം ചിതലി അത്താണിപ്പറമ്പ് ചെന്താമരാക്ഷന്റെയും ശ്രീവിദ്യയുടെയും മകനാണ്. കുഴൽമന്ദം കുളവൻമൊക്ക് ഗവ. ഹൈസ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്നു. മൂന്നുവർഷം മുമ്പ് കാണാനിടയായ ഒരു വീഡിയോയാണ് മുടി അർബുദബാധിതർക്ക് നൽകണമെന്ന ആഗ്രഹത്തിലേക്ക് സച്ചിനെ നയിച്ചത്. മുടി വളരുന്നതു കണ്ട്, തുടക്കത്തിൽ, അച്ഛൻ ബാർബർഷോപ്പിലെത്തിച്ചെങ്കിലും അന്ന് സച്ചിൻ കരഞ്ഞു. വീട്ടുകാർ കാര്യമന്വേഷിച്ചതോടെയാണ് മുടി വളർത്തണമെന്നും അർബുദബാധിതർക്ക് നൽകണമെന്നും പറഞ്ഞത്. മകന്റെ ആഗ്രഹത്തിനൊപ്പം വീട്ടുകാരും നിന്നു. 18 വയസ്സിനുതാഴെയുള്ള ശാരീരികപരിമിതികളുള്ള കുട്ടികളെ സഹായിക്കാനായി പ്രവർത്തിക്കുന്ന സോൾ (ഷെയറിങ് അവർ അൺകണ്ടീഷണൽ ലവ്) എന്ന എൻ.ജി.ഒ. സംഘടനയും സച്ചിന് പിന്തുണ നൽകി. മൂന്നുവർഷംകൊണ്ട് 51 സെന്റിമീറ്ററോളം മുടി നീണ്ടതോടെയാണ് മുറിച്ചുനൽകാൻ തീരുമാനിച്ചത്.
ഞായറാഴ്ച ‘സോൾ’ പ്രവർത്തകർക്കൊപ്പം ചന്ദ്രനഗറിലുള്ള സ്വകാര്യ ബ്യൂട്ടിപാർലറിലെത്തിയാണ് മുടി മുറിച്ചത്. സച്ചിന്റെ ആശയമറിഞ്ഞ് സൗജന്യമായാണ് ബ്യൂട്ടിപാർലർ ഉടമകൾ മുടി മുറിച്ചുനൽകിയത്.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് സച്ചിന്റെ ശരീരം തളരുന്നത്. ഫിസിയോതെറാപ്പി ആവശ്യമായതിനാൽ ആഴ്ചയിലൊരിക്കലേ സ്കൂളിൽ പോകാനാവുന്നുള്ളൂവെന്ന് അമ്മ ശ്രീവിദ്യ പറയുന്നു. ഇപ്പോൾ വീട്ടിലെത്തുന്ന അധ്യാപകരുടെ സഹായത്തോടെയാണ് പഠനമെന്നും അവർ പറഞ്ഞു.
സച്ചിനെക്കൂടാതെ സഹോദരി നന്ദന, സോൾ അംഗങ്ങളായ സജിത, ഹാഷ്മിയ, അശ്വതി ദാസ്, അക്ഷയ ദാസ് എന്നിവരും അർബുദബാധിതർക്കായി മുടി മുറിച്ചുനൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള ഹെയർ ബാങ്കിലേക്ക് മുടി കൈമാറുമെന്ന് സോൾ ചെയർപേഴ്സൺ സന്ധ്യ മേനോൻ പറഞ്ഞു.
Content Highlights: boy with muscular dystrophy donates his hair to cancer patients
Published: 24 Jul 2023, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented