വയറിൽ കൊഴുപ്പ് അടിയുന്നത് സോറിയാസിസ് പോലുള്ള ത്വക്ക് രോ​ഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്നുള്ള 330,000-ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാവത്തിലാണ് കിംഗ്സ് കോളേജ് ലണ്ടനിലെ ഗവേഷകർ ഇക്കാര്യം പുറത്തുവിട്ടത്. 

To advertise here,

അരക്കെട്ടും ഇടുപ്പുമായുള്ള അനുപാതം, അടിവയറ്റിലെ കൊഴുപ്പ് അനുപാതം, അരക്കെട്ടിന്റെ ചുറ്റളവ്, മൊത്തം അടിവയറ്റിലെ കൊഴുപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം സോറിയാസിസിനുള്ള അപകടസാധ്യത വർധിപ്പിക്കുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ഈ രീതിയിൽ  ശരീത്തിലെ കൊഴുപ്പുമായി ബന്ധപ്പെട്ട 25 വ്യത്യസ്ത കാര്യങ്ങൾ ഇവർ പരിശോധിച്ചു.

എന്താണ് സോറിയാസിസ്?
വിട്ടുമാറാത്ത ഒരു ഓട്ടോഇമ്യൂൺ ചർമ്മ രോഗമാണ് സോറിയാസിസ്. ഇത് ചർമ്മകോശങ്ങളുടെ ജീവിത ചക്രം വേഗത്തിലാക്കുകയും അവ ഉപരിതലത്തിൽ അതിവേഗം വളരുകയും ചെയ്യുന്നു. ചുവപ്പ്, ചൊറിച്ചിൽ, ചിലപ്പോൾ വേദനയുള്ള, കട്ടിയുള്ള ചെതുമ്പൽ, പാടുകൾ തുടങ്ങിയവ ഇതു മൂലം ഉണ്ടാകുന്നു. ഏറ്റവും സാധാരണമായ തരം പ്ലാക്ക് സോറിയാസിസ് വെളുത്തു ചുവന്ന പാടുകൾ പോലെയാണ് കാണപ്പെടുന്നത്. സാധാരണയായി കൈമുട്ടുകൾ, കാൽമുട്ടുകൾ, തലയോട്ടി, മുതുക് എന്നിവിടങ്ങളിലാണ് ഇത് കാണുക.

രോഗലക്ഷണങ്ങളും രോഗനിർണയവും
സോറിയാസിസിന്റെ ലക്ഷണങ്ങൾ വളരെ ചെറിയ തോതിലുള്ളതു മുതൽ ഗൗരവമേറിയ രൂപത്തിൽ വരെ കാണാറുണ്ട്. ചർമ്മത്തിലെ ചുവന്ന പാടുകൾ, വെള്ളി നിറത്തിലുള്ള ചെതുമ്പലുകൾ, ചൊറിച്ചിൽ, പൊള്ളൽ, കട്ടിയുള്ളതോ കുഴിഞ്ഞതോ ആയ നഖങ്ങൾ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗനിർണയം സാധാരണയായി ഒരു ശാരീരിക പരിശോധനയിലൂടെയാണ് നടത്തപ്പെടുക.

ചികിത്സാ സാധ്യതകൾ
ചികിത്സയില്ലെങ്കിലും, രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിലും രോഗം ഗുരുതരമാകുന്നത് തടയുന്നതിലുമാണ് ചികിത്സകൾ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. ഫോട്ടോതെറാപ്പിയും ബയോളജിക്കൽ മെഡിസിൻ ഉൾപ്പെടെയുള്ള മരുന്നുകളും വിവിധ ഘട്ടങ്ങളിലുള്ള സോറിയാസിസിന് പ്രയോഗിക്കാറുണ്ട്.