ബാർലി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയർന്ന തോതിലുള്ള നാരുകൾ അടങ്ങിയ ബാർലിയിട്ട് തിളപ്പിച്ച വെള്ളം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും മലബന്ധത്തെ പ്രതിരോധിക്കാനും ഇത് വളരെ നല്ലതാണ്. അതുപോലെ, വിത്തുകളിൽ വ്യാപകമായി നമ്മുടെ ഡയറ്റിൽ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകൾ. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണിത്. മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ കുഞ്ഞൻ വിത്തുകൾ. ബാർലി വെള്ളത്തിൽ ചിയ വിത്തുകൾ ചേർത്ത് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്താണെന്ന് നോക്കാം.
1. ദഹനം
ബാർലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ബീറ്റാ-ഗ്ലൂക്കൻസ് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ചിയ വിത്തുകളും പ്രീബയോട്ടിക്കായി പ്രവർത്തിക്കും. ഇവ രണ്ടും ചേർത്ത് ഉപയോഗിക്കുന്നത് മലബന്ധം ഒഴിവാക്കാനും വയറു വീർക്കുന്നതുപോലെയുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കും.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ബാർലിക്കും ചിയയ്ക്കും ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കൂടാതെ, ഇൻസുലിൻ പ്രതിരോധത്തിനും നല്ലതാണ്.
3. ശരീരഭാരം കുറയ്ക്കാം
ചിയ വിത്തുകൾ അവയുടെ ഭാരത്തിന്റെ പല മടങ്ങ് വെള്ളം ആഗിരണം ചെയ്യുന്നതിനാൽ അത് ഉപയോഗിക്കുന്നവർക്ക് വയറു നിറഞ്ഞതായി തോന്നുന്നു. ബാർലിയിലാകട്ടെ, ദഹനത്തെ മെല്ലെയാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്ന റെസിസ്റ്റന്റ് സ്റ്റാർച്ചും ഫൈബറുകളും അടങ്ങിയിട്ടുണ്ട്.
4. കൊളസ്ട്രോൾ കുറയ്ക്കുന്നു
ബാർലിയിൽ അടങ്ങിയിട്ടുള്ള ഫൈബർ കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു. ചിയ വിത്തുകളിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ മോശം കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗസാധ്യതയും കുറയ്ക്കുന്നു.
5. ചർമം
ചിയ വിത്തുകളിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡൻ്റുകൾ, ഒമേഗ-3 എന്നിവ ചർമത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. മുഖക്കുരു, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ, മുഖം വരളുന്നത് എന്നീ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. കൂടാതെ, ബാർലിയിൽ അടങ്ങിയിട്ടുള്ള സെലെനിയം, സിങ്ക് എന്നിവയും ചർമത്തിന് മികച്ചതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Barley Water with Chia Seeds: A Powerful Duo for Digestive and Cardiovascular Health
Published: 21 May 2025, 10:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented