
തിരുവനന്തപുരം: ഇരുട്ടും പിരിമുറുക്കവും മറികടന്ന്, പൊന്മുടിയുടെ 22 ഹെയർപിൻ വളവുകൾ പിന്നിട്ട് മഞ്ഞുപോലൊരു കുഞ്ഞു പിറന്നു. പ്രതിബന്ധങ്ങളെ അതിജീവിച്ചു ജനിച്ച കുഞ്ഞിന് അവർ പേരിട്ടു-‘ചക്രവർത്തി’. പൊന്മുടി കെടിഡിസി ഹോട്ടലിൽ മുറിയെടുത്ത തമിഴ്നാട് സ്വദേശിനിയാണ് ജീവനക്കാരുടെ സഹായത്തോടെ കുന്നിറങ്ങിയതും പ്രസവിച്ചതും.
വെള്ളിയാഴ്ചയാണ് തിരുനെൽവേലി സ്വദേശികളും ബെംഗളൂരുവിൽ ഐടി ജീവനക്കാരുമായ വിഘ്നേഷും ഭാര്യ സന്ധ്യയും പൊന്മുടി ഗോൾഡൻപീക്ക് ഹോട്ടലിൽ മുറിയെടുത്തത്. എട്ടു മാസം ഗർഭിണിയായിരുന്ന സന്ധ്യക്ക് രാത്രി പത്തേമുക്കാലോടെ പ്രസവവേദനയുണ്ടായി. വിഘ്നേഷ് ജീവനക്കാരെ വിവരമറിയിച്ചു. അടുത്തെങ്ങും ആശുപത്രിയില്ല എന്നറിഞ്ഞതോടെ കാർ ഓടിക്കാനാവാത്ത അവസ്ഥയിലായി വിഘ്നേഷ്.
ഹോട്ടലിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ ഷൈമണും വിഷ്ണുവും സെക്യൂരിറ്റി പ്രദീപ് കുമാറും ഇവരെയും കയറ്റി കാറിൽ കുന്നിറങ്ങി. ഹെയർപിൻ വളവുകൾ നിറഞ്ഞ പൊന്മുടിയിറങ്ങി വിതുര ഗവ. ആശുപത്രിയിലെത്തിക്കുമ്പോൾ സമയം പതിനൊന്നര. ഇവിടെനിന്ന് പ്രാഥമികചികിത്സ നൽകി നഴ്സിനെയും കൂട്ടി ആംബുലൻസ് നെടുമങ്ങാട് താലൂക്കാശുപത്രിയിലേക്കു പാഞ്ഞു. അവിടെവെച്ച് രാത്രി ഒന്നരയോടെ സന്ധ്യ ആൺകുഞ്ഞിനെ പ്രസവിച്ചു.
മാസം തികയാത്ത പ്രസവമായതിനാൽ കുഞ്ഞിന് ശ്വാസതടസ്സമുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായി. ഇതോടെ ഇവിടെനിന്ന് മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം എസ്എടിയിൽ എത്തിക്കേണ്ടിവന്നു. വെളുപ്പിന് മൂന്നുമണിയോടെ ഇവിടെയെത്തിയപ്പോഴും കെടിഡിസി ജീവനക്കാർ ഒപ്പമുണ്ടായിരുന്നു. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ ആരോഗ്യനില ശനിയാഴ്ച ഉച്ചയോടെ മെച്ചപ്പെട്ടു.
അമ്മയ്ക്കൊപ്പം വാർഡിലേക്കു മാറ്റിയ കുഞ്ഞിന് വിഘ്നേഷാണ് ‘ചക്രവർത്തി’ എന്നു പേരിട്ടത്. പറഞ്ഞുതീർക്കാനാകാത്ത നന്ദിയോടെ ഇയാൾ കെടിഡിസി ജീവനക്കാരെ എല്ലാ വിവരവും അറിയിക്കുന്നുണ്ട്. കുഞ്ഞിനു പേരിട്ട വിവരവും ആദ്യം വിഘ്നേഷ് വിളിച്ചറിയിച്ചതും രക്ഷകരായി ഒപ്പംനിന്ന ഇവരെയാണ്. രണ്ടു ദിവസത്തിനകം ഇവർ തിരുനെൽവേലിയിലേക്കു പോകും. പിന്നീടൊരിക്കൽ ചക്രവർത്തിയുമായി പൊന്മുടിയിലെത്താമെന്ന് ഉറപ്പുനൽകിയാണു മടക്കം.
Content Highlights: Ponmudi's Hairpin Turns Witness Miraculous Birth
Published: 06 Jul 2025, 08:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented