കോഴിക്കോട്: ദേശീയപാതയിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ സമാനസ്വഭാവത്തിലുള്ള പരിക്കേറ്റ രണ്ടുപേർക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ ഹൃദയശസ്ത്രക്രിയകൾ വിജയകരം. അതിരപ്പള്ളിയിൽ പോയി കാറിൽ മടങ്ങവേ കോട്ടയ്ക്കൽവെച്ചാണ് ഒരുമാസംമുൻപ്‌ കർണാടക മംഗലാപുരം സ്വദേശി സച്ചിന് (22) പരിക്കേറ്റത്. രണ്ടാഴ്ചമുൻപ്‌ പൂളാടിക്കുന്നിൽവെച്ചുണ്ടായ അപകടത്തിലാണ് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി നീരജിന് (26) പരിക്കേറ്റത്.

To advertise here,

ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ചപ്പോൾ സച്ചിന്റെ കാറിന്റെ സീറ്റ് ബെൽറ്റ് മുറുകി പരിക്കേൽക്കുകയായിരുന്നു. ബൈക്ക് ലോറിക്ക് പിന്നിലിടിച്ചപ്പോൾ ഹാൻഡിൽ തുളച്ചുകയറിയായിരുന്നു നീരജിന്റെ പരിക്ക്. ഹൃദയത്തിന്റെ അറ പൊട്ടിയ പെരികാർഡിയൽ ടാംപൊണേഡ് അവസ്ഥയിലാണ് രണ്ടുപേരും ആശുപത്രിയിലെത്തിയത്.

ഈ അവസ്ഥയിലെത്തിയവർ പരമാവധി ഒരുമണിക്കൂറിൽ കൂടുതൽ ജീവിക്കാറില്ല. ഇവരുടെ അവസ്ഥ യഥാസമയം തിരിച്ചറിയുകയും അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയക്ക് വിധേയരാക്കുകയും ചെയ്തതിനാലാണ് രക്ഷിക്കാനായത്. സച്ചിൻ ഒരാഴ്ചമുൻപും നീരജ് വെള്ളിയാഴ്ചയും ആശുപത്രി വിട്ടു. ചീഫ് കാർഡിയാക് സർജൻ ഡോ. ബിജോയ് ജേക്കബ്, കാർഡിയാക് അനസ്തറ്റിസ്റ്റ് ഡോ. കെ. ശരത്, സീനിയർ പെർഫ്യൂഷനിസ്റ്റ് എച്ച്. ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. റോഡിൽ പൊലിയുമായിരുന്ന രണ്ട് ജീവനുകൾ രക്ഷിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് ആശുപത്രി സി.ഒ.ഒ. ലുഖ്മാൻ പൊൻമാടത്ത്‌ പറഞ്ഞു.