വേദനയും മുറിവുകളും കുറവുള്ള കീഹോൾ സർജറിയാണ് ഇത്

കോഴിക്കോട്: പത്തുവയസിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്‌കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്‌സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്‌പൈൻ സെന്റർ വിഭാഗം മേധാവി ഡോ. വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്.
പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ ചെറിയ മുറിവുകളിലൂടെ നട്ടെല്ലിന്റെ ഘടന ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സാരീതി ഉപയോഗിച്ചാണ് ചരിത്രനേട്ടം കൈവരിച്ചത്.
പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഏർലി ഓൺസെറ്റ് സ്‌കോളിയോസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ചികിത്സ അതീവ സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. നട്ടെല്ലിന്റെ അമിതമായ വളവ് മൂലം കുട്ടികളുടെ നെഞ്ച്, ഹൃദയം, ശ്വാസകോശം എന്നിവയുടെ സ്വാഭാവിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്.
കുട്ടികൾ അതിവേഗം വളരുന്ന പ്രായമായതിനാൽ നട്ടെല്ല് കൂട്ടിച്ചേർക്കുന്ന പരമ്പരാഗത ചികിത്സാരീതികളായ സ്‌പൈനൽ ഫ്യൂഷൻ ശസ്ത്രക്രിയകൾ ഈ സാഹചര്യത്തിൽ സാധിക്കുമായിരുന്നില്ല. ഇത് കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും ഭാവിയിൽ ദോഷകരമായി ബാധിക്കും എന്നതിനാലാണ് മെഡിക്കൽ സംഘം നൂതന ശസ്ത്രക്രിയ തിരഞ്ഞെടുത്തത്. കുട്ടികളുടെ ഉയരം, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള നെഞ്ചിന്റെ ഭാഗങ്ങൾ എന്നിവയുടെ വളർച്ചയെ തടസ്സപ്പെടുത്താത്ത മാർഗ്ഗമാണ് ആക്ടീവ് അപെക്‌സ് കൺട്രോൾ ശസ്ത്രക്രിയ.
നിലവിൽ തുടരുന്ന ചികിത്സാരീതികളിൽ നിശ്ചിത ഇടവേളകളിൽ ആവർത്തിച്ചുള്ള ശസ്ത്രക്രിയകളും കനത്ത സാമ്പത്തികച്ചെലവുള്ള പ്രത്യേക ഇംപ്ലാന്റുകളും ആവശ്യമായി വരാറുണ്ട്. തുടരെയുള്ള ശസ്ത്രക്രിയകൾ കുട്ടികളിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കും സങ്കീർണ്ണതകൾക്കും കാരണമാകും. നൂതന ശസ്ത്രക്രിയയിലൂടെ ഇത്തരം ആവർത്തിച്ചുള്ള സർജറികൾ പൂർണ്ണമായി ഒഴിവാക്കാനും വളരെ ചെറിയ മുറിവുകളിലൂടെ നടത്തുന്ന ശസ്ത്രക്രിയ ആയതിനാൽ കുട്ടികൾക്ക് വേദന കുറയുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുകയും ചെയ്യും.
'ഇതൊരു പരീക്ഷണമല്ല മറിച്ച് വ്യക്തമായ ധാരണയോടെയാണ് രണ്ട് കുട്ടികൾക്കും ഈ ശസ്ത്രക്രിയ നടത്തിയത്. കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ച ഒട്ടും തടസ്സപ്പെടാതെ അവരുടെ ജീവിതനിലവാരം ഉയർത്താൻ ലഭ്യമായ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ്.' -ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. വിനോദ് പറഞ്ഞു. കൂടാതെ കുട്ടികളിലെ ഇത്തരം അതീവ സങ്കീർണമായ രോഗങ്ങൾ കണ്ടെത്തി കൃത്യമായ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ആശുപത്രിയുടെ വലിയൊരു മുന്നേറ്റമാണെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കാൽനൂറ്റാണ്ടായി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വിദഗ്ധ സേവനം നൽകിവരുന്ന കോഴിക്കോട് ആസ്റ്റർ മിംസ് സ്പയിൻ സർജറി രംഗത്ത് നടത്തുന്ന വലിയൊരു ചുവടുവെപ്പാണ് ഈ വിജയമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. സങ്കീർണ്ണമായ സർജറികൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക ചികിത്സകൾ തദ്ദേശീയമായിത്തന്നെ ലഭ്യമാക്കുന്നതിൽ ഈ നേട്ടം നിർണ്ണായകമാണെന്നും ഭാവിതലമുറയുടെ ആരോഗ്യസംരക്ഷണത്തിൽ പുതിയൊരു വഴിത്തിരിവാകാൻ ഈ നേട്ടത്തിന് സാധിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Content Highlights: Aster Mims Kozhikode successfully performed Kerala's first 'Active Apex Control' keyhole surgery for early onset scoliosis on two children under ten. Led by Dr. Vinod V, this technique corrects spinal curvature without hindering physical growth.
Published: 28 Jun 2026, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented