കാൻസർ പ്രതിരോധത്തിൽ അസം സർക്കാർ നടത്തിയത് മാതൃകാപരമായ ഇടപെടലുകളെന്ന് അസം ആരോഗ്യ മന്ത്രി അശോക് സിംഗാൾ. രോഗം നേരത്തേ തിരിച്ചറിയാനുള്ള നടപടികൾ കൈക്കൊണ്ടതിലൂടെ അതിജീവനനിരക്ക് 62ശതമാനമായി വർധിപ്പിക്കാനായെന്ന് അസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ അദ്ദേഹം അവകാശപ്പെട്ടു. ഇതുവരെ ഏകദേശം 47 ലക്ഷം പേരെ സ്ക്രീൻ ചെയ്തു. ഇതിലൂടെ 900-ത്തിൽ അധികം കാൻസർ രോഗികളെ നേരത്തെ തിരിച്ചറിയാനായെന്നും അശോക് സിംഗാൾ പറഞ്ഞു.

To advertise here,

1.24 കോടി പേരിൽക്കൂടി വ്യാപിപ്പിക്കുന്ന രീതിയിൽ സംസ്ഥാനം കാൻസർ സ്ക്രീനിംഗ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള രോഗനിർണയത്തിലൂടെ അസമിലെ കാൻസർ അതിജീവന നിരക്ക് ദേശീയ ശരാശരിയായ 40% ൽ നിന്ന് ഗണ്യമായി കൂടുതലായിരുന്നു. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, പാലിയേറ്റീവ് കെയർ, അതിജീവന ശേഷി, ഗവേഷണം എന്നിവ ഉൾപ്പെടുന്ന ബൃഹത്തായ രീതിയാണ് കാൻസർ പ്രതിരോധത്തിൽ സർക്കാർ സ്വീകരിക്കുന്നതെന്നും അശോക് സിംഗാൾ വ്യക്തമാക്കി.

കാൻസർ സ്ക്രീനിങ് മികച്ചതായതുകൊണ്ടാണ് രോഗസ്ഥിരീകരണം കൂടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ മിക്ക കാൻസർ കേസുകളും രോഗം വഷളായതിനുശേഷമേ സ്ഥിരീകരിക്കാറുള്ളു. ഇപ്പോൾ ഒന്നും രണ്ടും സ്റ്റേജുകളിൽത്തന്നെ രോഗം സ്ഥിരീകരിക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി കാൻസർ രോഗികൾക്കായി പ്രോട്ടോൺ തെറാപ്പി നൽകുന്ന സംസ്ഥാനം അസം ആകുമെന്നും മന്ത്രി പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ ഇത് നടപ്പിലാകും. റേഡിയേഷൻ തെറാപ്പിയുടെ നൂതനരൂപമാണ് പ്രോട്ടോൺ തെറാപ്പി. പ്രോട്ടോണുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്

സംസ്ഥാനത്തെ കാൻസർ രോഗികളിൽ ഏറെപേർക്കും വിവിധ സർക്കാർ പദ്ധതികളുടെ കീഴിൽ സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. അസം കാൻസർ കെയർ മോഡൽ മറ്റുസംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്നും ബീഹാർ പോലുള്ള ചില സംസ്ഥാനങ്ങൾ തങ്ങളുടെ ആരോഗ്യസംവിധാനത്തെക്കുറിച്ച് ഇതിനകം പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ക്രീനിങ്

പ്രാംരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള പരിശോധനാ നടപടിയാണ് സ്ക്രീനിങ്. കാൻസറിനെ സംബന്ധിച്ച് സ്ക്രീനിങ് നടത്തുന്നതു വഴി ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയാനാകുന്നു. അതുവഴി, ഫലപ്രദമായി ചികിത്സിക്കാനും രോഗിയുടെ ജീവൻ രക്ഷിക്കാനും സാധ്യമാകും. ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതിനുശേഷം മാത്രം സ്ക്രീനിങ് ചെയ്യുന്നതാണ് അഭികാമ്യം.

വ്യത്യസ്തതരം സ്ക്രീനിങ്ങുകൾ

സ്തനാർബുദം: മാമോഗ്രാം എന്ന പരിശോധന ഉപകരണത്തിലൂടെയാണ് ഇത് കണ്ടെത്തുന്നത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് വർഷത്തിലൊരിക്കൽ മമോഗ്രാം അഭികാമ്യം.

സെർവിക്കൽ കാൻസർ: പാപ്പ് സ്മിയർ ടെസ്റ്റ് ഉപയോഗിച്ച് ഗർഭാശയമുഖത്തെ കാൻസർ കണ്ടെത്താൻ കഴിയും. ഇത് 21-65 വയസ്സുള്ള സ്ത്രീകൾക്ക് നിർബന്ധമായി ചെയ്യുന്നത് ഉത്തമം.

കൊളോറെക്ടൽ കാൻസർ: കോളോസ്കോപി പോലുള്ള പരിശോധനകൾ മുഖേന ഇതിന്റെ സ്ക്രീനിങ് നടത്താം. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിൽ ഇത് ആവശ്യമാണ്.

പ്രോസ്റ്റേറ്റ് കാൻസർ: PSA ടെസ്റ്റ് മുഖേന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിങ് നടത്താം. എന്നാൽ ഇതിന്റെ ആവശ്യകതയും ഗുണഫലവും സംബന്ധിച്ച് വ്യക്തത കുറവാണ്‌.