
മസ്തിഷ്കമരണം സംഭവിച്ച ജുവിന്റെ ഹൃദയത്തിന്‍റെ സ്പന്ദനങ്ങളുമായി അശ്വന്ത് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പാണ് കണ്ണൂർ, കുറ്റൂർ സ്വദേശിയായ അശ്വന്ത് ചന്ദ്രൻ (24) എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജുവിൻ രാജുവിന്‍റെ ഹൃദയമാണ് ഇപ്പോൾ അശ്വന്തിൽ മിടിക്കുന്നത്.
ചന്ദ്രശേഖരൻ-റീന ദമ്പതികളുടെ മകനായ അശ്വന്ത് ഗുരുതരമായ ഹൃദ്രോഗവുമായാണ് ജനിച്ചത്. ഹൃദയത്തിന്‍റെ താഴെയുള്ള രണ്ട് അറകളും കൂടിച്ചേർന്ന് ഒന്നായ അവസ്ഥയിലായിരുന്നു. രണ്ടുവയസ്സിൽ തന്നെ സങ്കീർണമായ ഹൃദയശസ്ത്രക്രിയക്ക് അശ്വന്ത് വിധേയനായിരുന്നു. തുടർന്ന് ആരോഗ്യനില സാധാരണ നിലയിൽ ആയെങ്കിലും ഐ.ടി.ഐ. പഠനകാലത്ത് വീണ്ടും പ്രയാസങ്ങൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മൂന്നുവർഷം കൂടി ചികിത്സകളുമായി മുന്നോട്ടു പോയെങ്കിലും ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ ലിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ജന്മനാ ഹൃദ്രോഗവുമായി ജനിച്ച അശ്വന്തിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയെന്നത് സങ്കീർണതകൾ നിറഞ്ഞ കാര്യമായിരുന്നു. ഒരു ഹൃദയ ശസ്ത്രക്രിയ നേരത്തെ ചെയ്തതിനാൽ കൂടുതൽ വെല്ലുവിളി ഉയർത്തുന്നതുമായിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. അനിൽ എസ് ആർ, പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. സാജൻ കോശി എന്നിവർ ചേർന്ന് അശ്വന്തിനെ പരിശോധിച്ചതിന് ശേഷം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർ പരിശോധനകൾക്ക് ശേഷം ഒരു മാസം മുമ്പ് അശ്വന്തിനെ കെ- സോട്ടോയിൽ രജിസ്റ്റർ ചെയ്തു. ജൂൺ 23-ാം തിയതി വൈകുന്നേരമാണ് രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ജുവിൻ രാജു (16) വിന്‍റെ കുടുംബം അവയവദാനത്തിന് തയ്യാറാണെന്ന സന്ദേശം കെ-സോട്ടോയിൽ നിന്നും ലിസി ആശുപത്രിയിൽ എത്തിയത്. തുടർന്ന് മെഡിക്കൽ സംഘം രാജഗിരി ആശുപത്രിയിൽ എത്തുകയും ഹൃദയവുമായി രാത്രി പതിനൊന്നരയോടെ അവിടെനിന്ന് തിരിക്കുകയും ചെയ്തു. കൊച്ചി സിറ്റി, ആലുവ റൂറൽ പോലീസ് സേനകളുടെ സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ഗ്രീൻ കോറിഡോറിലൂടെ ലിസി ആശുപത്രിയിൽ എത്തിച്ചേരുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. രാവിലെ അഞ്ചുമണിയോടെ ശസ്ത്രക്രിയ പൂർത്തിയായി.
ശസ്ത്രക്രിയക്ക് മുമ്പ് അശ്വന്തിന്‍റെ രക്തത്തിലെ ഓക്സിജന്‍റെ അളവ് 70 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. ഇപ്പോൾ അത് 100 ശതമാനത്തിൽ അടുത്തുണ്ടെന്നും ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. സാജൻ കോശി, ഡോ. അനിൽ എസ് ആർ, ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്ക്കർ രംഗനാഥൻ, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി. മുരുകൻ, ഡോ.ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ.ജഗൻ ജോസ്, ഡോ. ശ്രീശങ്കർ, ഡോ. ആബിദ് ഇഖ്ബാൽ, ഡോ. ആൻറണി ജോർജ്, ഡോ. അരുൺ ജോർജ്, ഡോ. ജെനു റോസ്, ഡോ. ഹരി ഗോവിന്ദ്, ഡോ.ദീപ്തി സന്തോഷ്, ഡോ. വേണി ജിത്ത്, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവർ ശസ്ത്രക്രിയയിലും തുടർചികിത്സയിലും പങ്കാളികളായിരുന്നു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ. പോൾ കരേടന്‍റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് അശ്വന്തിനെ യാത്രയാക്കിയത്. തനിക്ക് ഹൃദയം ദാനം ചെയ്യുവാൻ തയ്യാറായ ജുവിന്‍റെ കുടുംബത്തിന് അശ്വന്ത് നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, ജോയിൻറ് ഡയറക്ടർ ഫാ. വർഗീസ് അമ്പലത്തിങ്കൽ, ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.
പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് മുൻകൈ എടുത്താണ് അശ്വന്തിന്‍റെ ചികിത്സാ ചെലവുകൾക്കുള്ള പണം കണ്ടെത്തിയത്. ലിസി ആശുപത്രിയിലെ 33-ാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയായിരുന്നു ഇത്.
Content Highlights: 24-year-old Ashwanth underwent a successful heart transplant at Lisie Hospital.
Published: 10 Jul 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented