35 വർഷമായി താൻ പിന്തുടർന്നിരുന്ന പുകവലി ശീലം വെറും ഒരാഴ്ച കൊണ്ട് അവസാനിപ്പിച്ച തന്റെ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം അർഷാദ് വർസി. ഇതിനായി മരുന്നുകൾക്കുപരി ഉപബോധമനസ്സിനെ പുനഃക്രമീകരിക്കാൻ (സബ്കോൺഷ്യസ് റീവയറിങ്) സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നു.
പതിറ്റാണ്ടുകളായുള്ള ശീലം ഉപേക്ഷിക്കാനാകില്ലെന്നാണ് കരുതിയതെന്ന് അർഷാദ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഒരു ആപ്പ് ഉപയോഗിച്ച് എങ്ങനെ പുകവലി നിർത്താൻ കഴിയും എന്ന് ആർക്കും തോന്നാം. കഴിഞ്ഞ 35 വർഷമായി ഞാൻ പുകവലിക്കുന്നു.. ഇത് ഉപേക്ഷിക്കാൻ ഒരിക്കലും എനിക്ക് കഴിയില്ലെന്നാണ് ഞാൻ കരുതിയത്, അതും ഒരു ആപ്പ് വഴി...’- അർഷാദ് പറയുന്നു. പുകവലി ഉപേക്ഷിക്കാൻ താൻ കുറേ നാളായി ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കാമെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വിറ്റ് ഷുവർ എന്ന ആപ്പാണ് അർഷദ് ഉപയോഗിച്ചിരുന്നത്. ‘ആപ്പ് ഫലിക്കില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പായിരുന്നു. എങ്കിലും ആപ്പിൽ നിന്നുള്ള നിർദേശമനുസരിച്ച് ഏഴാം ദിവസം അവസാനത്തെ സിഗരറ്റ് വലിച്ചു, സത്യത്തിൽ ആ പാക്കറ്റ് ഞാൻ വലിച്ചെറിഞ്ഞു. പിന്നീട് ഞാൻ അത് തൊട്ടിട്ടില്ല. രണ്ട് ദിവസത്തിന് ശേഷം എന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ എല്ലാവരും പുകവലിച്ചിട്ടും അത് എന്നെ ഒട്ടും ബാധിച്ചില്ല’- അർഷദ് പറഞ്ഞു.
- ചിന്തകളിലും പെരുമാറ്റ രീതികളിലും പുതിയ പാറ്റേണുകൾ സൃഷ്ടിക്കാൻ ഇത്തരം ആപ്പുകൾക്ക് സാധിച്ചേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
- പുകവലി പലപ്പോഴും ഒരു ശീലത്തിൻ്റെ ഭാഗം കൂടിയാണ്. ചായ കുടിക്കുമ്പോഴോ സമ്മർദ്ദമുണ്ടാകുമ്പോഴോ പുകവലിക്കണം എന്ന ചിന്തകൾ ഇതിന്റെ ഭാഗമാണ്.
- പുകവലിയും ആനന്ദവും തമ്മിലുള്ള മാനസിക ബന്ധം ഇല്ലാതാകുമ്പോൾ, അർഷാദ് വർസിക്ക് സംഭവിച്ചതുപോലെ ചുറ്റുമുള്ളവർ പുകവലിച്ചാലും പ്രലോഭനം തോന്നില്ല.
പാർശ്വഫലങ്ങൾ ഇല്ലാതെ നിർത്താൻ കഴിയുമോ?
നിക്കോട്ടിനോടുള്ള വിട്രോവൽ സിംപ്റ്റംസ് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. എന്നാൽ പതിവായി പുകവലിച്ചിരുന്ന, മദ്യപിച്ചിരുന്ന, ഇവ ഒഴിവാക്കാൻ പറ്റാതിരുന്ന പലർക്കും അതു കിട്ടാതായത് ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളിലേക്ക് നയിക്കും. ഇവ പെട്ടെന്ന് നിർത്തുമ്പോഴോ കിട്ടാതാവുമ്പോഴോ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങളാണ് പിൻമാറ്റലക്ഷണങ്ങൾ അഥവാ വിത്ഡ്രാവൽ സിംപ്റ്റംസ്.
ഒരാൾ മാനസികമായി തയ്യാറെടുക്കുകയും പുകവലിയോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റുകയും ചെയ്താൽ ആ പ്രയാസങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കാം. എങ്കിലും, ദീർഘകാല പുകവലിക്കാരിൽ താൽക്കാലികമായി ദേഷ്യമോ ഉറക്കക്കുറവോ ഉണ്ടായേക്കാം.
Published: 09 Mar 2026, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented