കോഴിക്കോട്: മനുഷ്യശരീരത്തിൽ സ്വാഭാവികമായുള്ള ഒരു രാസസംയുക്തം, അൽസ്‌ഹൈമേഴ്സ് രോഗം ചെറുക്കുന്നതിൽ പുതിയ പ്രതീക്ഷയാകുന്നു. ‘ആൽഫാ-കീറ്റോഗ്ലൂട്ടറേറ്റ്’ (എ.കെ.ജി.) ആണ് മറവിരോഗമായ അൽസ്‌ഹൈമേഴ്സിനെ പ്രതിരോധിക്കുന്നതിൽ നിർണായകമെന്ന് കണ്ടെത്തിയിട്ടുള്ളത്. 

To advertise here,

സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞയും പാലക്കാട് സ്വദേശിയുമായ ഡോ. ഷീജ നവക്കോടാണ് ഈ കണ്ടെത്തലിനുപിന്നിൽ. പ്രൊഫ. ബ്രയൻ കെ. കെന്നഡിയുമായി ചേർന്നായിരുന്നു പഠനം. ‘ഏജിങ് സെൽ’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മനുഷ്യകോശങ്ങളിലെ ജീവൽപ്രക്രിയ നിയന്ത്രിക്കുകവഴി, ശരീരത്തിന്റെ പ്രായമാകൽ എട്ടുവർഷത്തോളം കുറയ്ക്കാൻ എ.കെ.ജി.ക്ക് കഴിയുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. എ.കെ.ജി. ശരീരത്തിൽ സ്വാഭാവികമായി കാണുന്ന സംയുക്തമായതിനാൽ പാർശ്വഫലമൊന്നുമുണ്ടാകുന്നുമില്ല.

ആയുസ്സ് വർധിപ്പിക്കുകമാത്രമല്ല, അൽസ്‌ഹൈമേഴ്സിനെ ചെറുത്ത് ഓർമ്മയുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനം പുനഃസ്ഥാപിക്കാനും എ.കെ.ജി.യുടെ ഒരു വകഭേദത്തിന് കഴിയുമെന്നാണ്, എലികളിലെ പരീക്ഷണങ്ങളിൽ ഡോ. ഷീജയും പ്രൊഫ. ബ്രയാനും കണ്ടത്. കാൽസ്യം ആൽഫാ-കീറ്റോഗ്ലൂട്ടറേറ്റിനാണ്‌ (കാൽസ്യം എ.കെ.ജി.)ഈ ഗുണമുള്ളതെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായി.

മസ്തിഷ്കത്തിലെ നാഡീകോശങ്ങൾ കൂടിച്ചേരുന്ന ഇടങ്ങളിലെ സിനാപ്സുകളെന്ന ചെറുഭാഗങ്ങളിലാണ് ഓർമ്മ രൂപപ്പെടുകയും ദീർഘകാലം സംരക്ഷിച്ച് സൂക്ഷിക്കുകയും ചെയ്യുന്നത്. ഈ ഭാഗത്തെ രാസ-വൈദ്യുത സ്പന്ദനം ഓർമ്മ സംഭരിച്ചുവെക്കാൻപാകത്തിൽ മാറ്റപ്പെടുന്നു. ‘സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി’ എന്നാണ്‌ ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്.

അൽസ്‌ഹൈമേഴ്സ് ബാധിച്ചവരിൽ ‘കാൽസ്യം എ.കെ.ജി.’യുടെ സഹായത്തോടെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനാകുമോ എന്നറിയാനായിരുന്നു ഗവേഷകരുടെ ശ്രമം. കാൽസ്യം എ.കെ.ജി. നൽകിയ മസ്തിഷ്കകോശങ്ങളിൽ ഓർമ്മ രൂപവത്കരണത്തിന് കാരണമാകുന്ന ‘ലോങ് ടേം പൊട്ടൻസിയേഷൻ’ എന്ന പ്രതിഭാസം തിരികെയെത്തുന്നതായി കണ്ടു. കൂടാതെ ഓർമ്മയുടെ വിവിധ രാസപ്രവർത്തനങ്ങൾ തിരിച്ചുകൊണ്ടുവരാനും സാധിച്ചു.

‘‘ഇന്നത്തെ ചികിത്സ പ്രധാനമായും അൽസ്‌ഹൈമേഴ്സിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിലേക്കുമാത്രം പരിമിതപ്പെടുകയാണ്. ഈ സാഹചര്യത്തിൽ, പുതിയ സാധ്യത തുറക്കുകയാണ് കാൽസ്യം എ.കെ.ജി. പോലുള്ള സംയുക്തങ്ങൾ’’ -ഡോ. ഷീജ പറഞ്ഞു. ‘‘ഇപ്പോഴത്തേത് പ്രാഥമികപഠനമാണ്. മനുഷ്യരിൽ ഇത്‌ എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമാകാൻ കൂടുതൽ പഠനം ആവശ്യമാണ്’’ -അവർ അറിയിച്ചു.

പാലക്കാട് ചിതലി നവക്കോട് ഗംഗാധരന്റെയും ദ്രൗപദിയുടെയും മകളാണ് ഷീജ. സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ രണ്ടുപതിറ്റാണ്ടായി ഓർമ്മയുടെ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നു. അവിടെത്തന്നെ മസ്തിഷ്ക ശാസ്ത്രജ്ഞനായ പ്രൊഫ. സജികുമാർ ശ്രീധരനാണ് ജീവിതപങ്കാളി.