കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് വില്യം രാജകുമാരന്റെ പത്നിയും വേയ്ൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടൺ അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും തുറന്നുപറഞ്ഞത്. ഇതോടെ അമ്പതുവയസ്സിനു താഴെയുള്ളവരിൽ അർബുദം വർധിക്കുന്നതിനേക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുകയാണ്. യുവാക്കളിലെ വർധിച്ചുവരുന്ന അർബുദങ്ങൾക്കു പിന്നിലെ കാരണങ്ങളേക്കുറിച്ച് കൂടുതൽ ഗവേഷണം ചെയ്യണമെന്നാണ് ആഗോളതലത്തിൽ നിന്നുയരുന്ന ചർച്ചകൾ.
ജനുവരിയിൽ അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതെന്നും കാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറഞ്ഞിരുന്നു. ചാൾസ് രാജാവ് അർബുദചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും വാർത്ത പുറത്തുവന്നത്.
ജീവിതശൈലിയും ജനിതകകാരണങ്ങളും മുതൽ പാരിസ്ഥിതിക ഘടകങ്ങൾ വരെ യുവാക്കളിലെ വർധിച്ചുവരുന്ന കാൻസർ നിരക്കിന് കാരണമാകാമെന്ന് ബിർമിങാം സർവകലാശാലയിലെ പ്രൊഫസറായ ആൻഡ്ര്യൂ ബെഗ്സ് പറയുന്നു. ചിലതരം കാൻസറുകളുടെ കാര്യത്തിൽ പ്രത്യേകിച്ച് ഈ വർധനവ് പ്രകടമാണെന്നും വിദഗ്ധർ പറയുന്നു. ഇരുപത്തിയഞ്ചു മുതൽ നാൽപ്പത്തിയൊമ്പതു വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്കിടയിൽ പാൻക്രിയാറ്റിക് കാൻസർ വർധിക്കുന്നുവെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
യുവാക്കൾക്കിടയിൽ കാൻസർ നിരക്കുകൾ വർധിച്ചുവരുന്നത് ഒരുപ്രത്യേക ഇടങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമല്ല. ആഗോളതലത്തിൽ തന്നെ അമ്പതുവയസ്സിനു താഴെയുള്ളവരിലെ കാൻസർ കേസുകൾ വർധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടേയും യു.കെ. കാൻസർ റിസർച്ചിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും പോഷകാഹാരം കുറഞ്ഞ ഭക്ഷണങ്ങളും കഴിക്കുന്നതും മദ്യപാനവും പുകവലിശീലവുമൊക്കെ കാൻസറിലേക്കുള്ള അപകടസാധ്യതാ ഘടകങ്ങളാണ്.
ആഗോളതലത്തിൽ അമ്പതു വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80% കൂടിയെന്ന് സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു. മുപ്പതുവർഷത്തിനുള്ളിലാണ് ഈ വൻകുതിപ്പുണ്ടായതെന്നും പഠനത്തിൽ പറഞ്ഞിരുന്നു. 2019-ലെ കണക്കുകൾ പ്രകാരം അമ്പതിനു താഴെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുപ്പതുവർഷത്തിനിടെ 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായെന്നാണ് പഠനത്തിൽ പറഞ്ഞത്.
204 രാജ്യങ്ങളിൽ നിന്നായി 29-ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇതിൽ നിന്നും സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. മരണനിരക്കും ഈ വിഭാഗം കാൻസറിൽ കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ കൂടുന്നതായും പഠനത്തിൽ പറയുന്നുണ്ട്. 1990-നും 2019നും ഇടയിൽ ക്രമാനുഗതമായ വർധനവാണ് ഈ അർബുദനിരക്കുകളിൽ രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മുപ്പതുവർഷക്കാലത്തെ കണക്കുകളുടെ ആധാരത്തിൽ 2030 ആകുമ്പോഴേക്കും അമ്പതു വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ ബാധയും മരണനിരക്കും യഥാക്രമം 31%വും 21%വും ആയിത്തീരുമെന്നും ഗവേഷകർ പറയുന്നുണ്ട്.
ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് രോഗപ്രതിരോധത്തിന് ഗുണംചെയ്യുമെന്നാണ് അടുത്തിടെ ലോകാരോഗ്യസംഘടന പറഞ്ഞത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാം. പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെ പ്രതിരോധിക്കാനാവും. ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോഗം കുറയ്ക്കുന്നതുമൊക്കെ ഗുണംചെയ്യും. കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോഗ്യസംഘടന പറയുകയുണ്ടായി.
Content Highlights: alarm over rising cancer rates among youngsters following kate middleton diagnosis
Published: 26 Mar 2024, 09:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented