എംആര്‍ഐ സ്‌കാനിങ് മുറിയിലേക്ക് അനുമതിയില്ലാതെ കയറിയ 61-കാരന് ദാരുണാന്ത്യം. യുഎസ്സിലെ ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിലുള്ള വെസ്റ്റ്ബറിയില്‍ പ്രാദേശികസമയം ബുധനാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. ലോഹനിര്‍മിതമായ വലിയ മാല കഴുത്തില്‍ ധരിച്ചുകൊണ്ടാണ് ഇയാള്‍ സ്‌കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയത്. തുടര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആര്‍ഐ മെഷീന്‍ ഇയാളെ വലിച്ചെടുക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഏതുതരത്തിലുള്ള പരിക്കാണ് ഇയാള്‍ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇയാള്‍ക്ക് എംആര്‍ഐ സ്‌കാനിങ് മുറിയിലേക്ക് കയറാന്‍ കഴിഞ്ഞതെന്ന് വ്യക്തമല്ല.
ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് എംആര്‍ഐ. എക്‌സ് റേ പോലുള്ള രീതികളിലെ പോലെ വികിരണങ്ങള്‍ ഉള്‍പ്പെടെ ഹാനികരമായ ഒന്നും എംആര്‍ഐയില്‍ ഇല്ല. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ കണ്ടെത്താനും കൃത്യതയാര്‍ന്ന രോഗനിര്‍ണയത്തിനും എംആര്‍ഐ സ്‌കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു.
മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് അഥവാ എംആര്‍ഐ സ്‌കാനിങ്ങിനായുള്ള മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്യധികം ഉയര്‍ന്ന കാന്തികശക്തിയാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ശരീരത്തിലെ എല്ലാ ലോഹനിര്‍മിതവസ്തുക്കളും നീക്കം ചെയ്തുവെന്ന് ഉറപ്പിച്ചശേഷം മാത്രമാണ് രോഗികളെ എംആര്‍ഐ മുറിയിലേക്ക് കൊണ്ടുപോകുക. അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ബ്ലഡ്‌ലൈന്‍സ് എന്ന ചിത്രത്തില്‍ എംആര്‍ഐ മെഷീന്‍ വലിച്ചെടുത്തുള്ള അപകടമരണം കാണിച്ചിട്ടുണ്ട്.
Content Highlights: Man dies after being pulled into MRI machine while wearing metal chain
Published: 19 Jul 2025, 12:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented