മസ്തിഷ്‌കാരോ​ഗ്യം മികച്ച രീതിയിൽ നിലനിർത്തേണ്ടത് മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ പ്രധാനമാണ്. ഇപ്പോഴിതാ, ശരിയായ ശീലങ്ങളും അനുയോജ്യമായ ഭക്ഷണക്രമവും ശീലിക്കുന്നത് മസ്തിഷ്‌കാരോ​ഗ്യം സംരക്ഷിക്കുമെന്ന് പറയുകയാണ് ഡോ. ആദിത്യ ഗുപ്ത. പ്രായമാകുമ്പോൾ മസ്തിഷ്‌കാരോ​ഗ്യം നിലനിർത്താൻ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല. പകരം, ആരോ​ഗ്യകരമായ ശീലങ്ങൾ പിന്തുടർന്നാൽ മതിയെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

To advertise here,

1. സജീവമായിരിക്കുക
ശരീരത്തിനെന്നപോലെ തലച്ചോറിനും വ്യായാമം ആവശ്യമാണ്. നിങ്ങളുടെ മനസ്സിനെ സജീവമായി നിലനിർത്തുന്നതിനായി വായന, പസിൽസ്, പഠനം, ഓർമശക്തി വർധിപ്പിക്കുന്ന ​ഗെയിമുകൾ എന്നിവ ശീലമാക്കാം. ജീവിതത്തിലുടനീളം പുതിയ കാര്യങ്ങൾ പഠിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ സജീവമായി നിലനിർത്തും. ഇതിന് പുറമെ, വൈജ്ഞാനികമായുണ്ടാകുന്ന തകർച്ചയെ ഇത് മന്ദഗതിയിലാക്കുകയും ചെയ്യും.

2. വ്യായാമം
വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ തലച്ചോറിലേക്ക് കൂടുതൽ രക്തം എത്തുന്നു. അത് പുതിയ കോശങ്ങളെ നിർമിക്കാൻ സഹായിക്കും. പ്രായമായവർക്ക് ആഴ്ചയിൽ 150 മിനിറ്റ് നടത്തം, യോഗ, അല്ലെങ്കിൽ നീന്തൽ പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവരുടെ ഓർമശക്തി, ശ്രദ്ധ, തലച്ചോറിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ കഴിയും.

3. ആരോഗ്യകരമായ ഭക്ഷണം
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ മെഡിറ്ററേനിയൻ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് തലച്ചോറിന് നല്ലതാണ്. ഇത് പ്രായമാകുന്നത് പതുക്കെയാക്കുന്നു. കൂടാതെ, അൽഷിമേഴ്സ് പോലുള്ള ഓർമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

4. സാമൂഹികബന്ധങ്ങൾ
ഒറ്റയ്ക്കിരിക്കുന്നതും ദുഃഖിക്കുന്നതും തലച്ചോറിൻ്റെ പ്രവർത്തനത്തെ മോശമാക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ സാമൂഹിക ഗ്രൂപ്പുകൾ എന്നിവയുമായി നിരന്തരം ഇടപഴകുന്നത് നല്ലതാണ്. ഇത് മനസ്സിന് നല്ലതാണ്. 

5. ഉറക്കത്തിന് മുൻഗണന 
മതിയായ ഉറക്കം ലഭിക്കാത്തതും നിരന്തരമായ സമ്മർദവും ഓർമശക്തിയെയും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയും മോശമായി ബാധിക്കും. ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക.