അതീവ അപകടസാധ്യതയുള്ള ഒരു ഗർഭാവസ്ഥയിൽ നിന്നുകൊണ്ട് മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി 46-കാരി. ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറായ ജ്യോത്സ്നയാണ് 25 ആഴ്ച മാത്രം പ്രായമുള്ള മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് ഫരീദാബാദ് അമൃത ആശുപത്രിയിൽ വെച്ച് ജന്മം നൽകിയത്. തുടർന്ന്, നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂന്ന് കുഞ്ഞുങ്ങളും അണുബാധയോ മറ്റ് സങ്കീർണതകളോ ഇല്ലാതെ 225 ദിവസം അതിജീവിച്ചു.
ജ്യോത്സ്നയുടെ ആദ്യ ഗർഭധാരണമായിരുന്നു ഇത്. ഐവിഎഫ് വഴി ഗർഭം ധരിച്ച് പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളുംകൂടെ ആകെ 2.5 കിലോ മാത്രമായിരുന്നു ഭാരമുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ ഇവരെ എൻഐസിയുവിലേക്ക് മാറ്റിയത്. വ്യാഴാഴ്ചയായിരുന്നു അമ്മയേയും കുഞ്ഞുങ്ങളേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
വർഷങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ഐവിഎഫിലൂടെ ജ്യോത്സ്ന ഗർഭം ധരിച്ചത്. അവരെ സംബന്ധിച്ച് ഒരു ബയോളജിക്കൽ പാരന്റ് ആകാനുള്ള അവസാന മാർഗവുമായിരുന്നു ഇത്. പ്രസവത്തിന്റെ അപകടസാധ്യതയ്ക്ക് പുറമെ, ടൈപ്പ് വൺ പ്രമേഹവും ഗർഭകാലത്ത് ഇവരെ ബാധിച്ചു. കൂടാതെ, ഗർഭധാരണത്തിന്റെ അവസാന ആഴ്ചകളിൽ ന്യുമോണിയയും മറ്റ് അണുബാധകളുമുണ്ടായി. ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്ന യുവതിയെ അടിയന്തരമായി സിസേറിയന് നിർദേശിക്കുകയായിരുന്നു ഡോക്ടർമാർ.
തങ്ങൾ പ്രതീക്ഷിച്ചതിലും വളരെ മുമ്പായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചതെന്ന് ജ്യോത്സ്നയെ ചികിത്സിച്ച ഡോക്ടർ ശർമ പറഞ്ഞു. എന്നാൽ, ശ്രദ്ധാപൂർവമുള്ള പരിചരണം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ വലിയ പങ്കുവഹിച്ചു. കുഞ്ഞുങ്ങളെ സംബന്ധിച്ച് അത്യാവശ്യമായ അമ്മയുടെ പാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. കൂടാതെ, സസൂക്ഷ്മം ഇവരെ നിരീക്ഷിച്ചിരുന്നതായും ഡോക്ടർ വ്യക്തമാക്കി. തങ്ങളെ ഒരു കുടംബം പോലെയാണ് ആശുപത്രി അധികൃതർ പരിഗണിച്ചിരുന്നതെന്ന് ജ്യോത്സ്നയും പറഞ്ഞു.
Content Highlights: 46-Year-Old Gives Birth to Triplets After High-Risk Pregnancy
Published: 10 Apr 2025, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented